‘ഹഡിൽ കേരള’ രണ്ടാം പതിപ്പ് ഏഷ്യയിലെ ഏറ്റവും വലിയ ടെക്സ്റ്റാർട്ടപ് സമ്മേളനം തിരുവനന്തപുരത്ത്

Posted on: May 4, 2019 11:57 am | Last updated: May 4, 2019 at 11:57 am


തിരുവനന്തപുരം: ടെക്‌നോളജി സ്റ്റാർട്ടപ്പുകളുടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ “ഹഡിൽ കേരള’യുടെ രണ്ടാം പതിപ്പിന് സെപ്തംബറിൽ തിരുവനന്തപുരം വേദിയാകും. കേരള സ്റ്റാർട്ടപ് മിഷൻ നേതൃത്വം നൽകുന്ന ‘ഹഡിൽ കേരള 2019’ സെപ്തംബർ 27, 28 തീയതികളിൽ കോവളം ലീല റാവിസ് ബീച്ച് റിസോർട്ടിൽ നടക്കും. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐ എ എം എ ഐ) യുടെ സഹകരണത്തോടെയാണ് ഹഡിൽ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന ഹഡിൽ ആദ്യ പതിപ്പിൽ രണ്ടായിരം സ്റ്റാർട്ടപ്പുകളും മുപ്പതോളം പ്രഭാഷകരും, പതിനഞ്ച് നിക്ഷേപകരും പങ്കെടുത്തിരുന്നു. ധാരണാപത്രങ്ങളും കരാറുകളും ചർച്ചകളുമൊക്കെയായി രണ്ട് ദിവസം ലീല റാവിസ് റിസോർട്ടിൽ രാപ്പകലില്ലാതെ നടക്കുന്ന സമ്മേളനം സ്റ്റാർട്ടപ്പുകൾക്ക് സ്വന്തം ഉത്പന്നങ്ങളും സേവനങ്ങളും അണിനിരത്തി മുന്നേറാനുള്ള മികച്ച വേദിയായി മാറും. സാങ്കേതിക മേഖലയിലെ പ്രമുഖരുടെ പ്രഭാഷണങ്ങൾ, ബോട്ടുകളിലെ കൂട്ടായ്മകൾ, നിക്ഷേപകരുമായും ഈ മേഖലയിൽ സ്വാധീനമുള്ള വ്യക്തികളുമായി ആശയവിനിമയം തുടങ്ങി നൂതനമായ നിരവധി പരിപാടികളോടെ ആസൂത്രണം ചെയ്തിരിക്കുന്ന ഹഡിലിനെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ്് സമ്മേളനമാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരും വിപണി നേതൃത്വവുമായിരിക്കും “ഹഡിൽ കേരള’യിൽ പങ്കെടുക്കുന്നതെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സംരംഭകർക്കായി മികച്ച ആശയവിനിമയ വേദികളുണ്ടാകും. വിപണിയിലെ പ്രമുഖർക്കു മുന്നിൽ തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്കു ലഭിക്കുന്ന ഏറ്റവും മികച്ച വേദിയാകും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്ലോക്ക്‌ചെയ്ൻ, നിർമിത ബുദ്ധി, ബിഗ് ഡാറ്റ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ഡിജിറ്റൽ വിനോദമേഖല, ഡ്രോൺ ടെക്‌നോളജി, ഡിജിറ്റൽ വിനോദങ്ങൾ തുടങ്ങി വിപ്ലവകരമായ സാങ്കേതിക വിദ്യകളിലായിരിക്കും ഇത്തവണ ഹഡിൽ കേരളയുടെ ഊന്നൽ. വിശദവിവരങ്ങൾ www.huddle.net.inഎന്ന വെബ്‌സൈറ്റിൽ ലഭിക്കും.