Connect with us

Thiruvananthapuram

ലൈസൻസില്ലാത്ത ട്രാവൽ ഏജൻസികൾക്കെതിരെ നടപടി, സർക്കാർ നിയമോപദേശം തേടുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടുന്നു.

കല്ലട ബസിൽ യാത്രക്കാർക്കാർക്കെതിരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദീർഘ ദൂര സ്വകാര്യ ബസ് സർവീസ് മേഖലയിലെ അനാരോഗ്യ പ്രവണതകൾ അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. നിയമ വിരുദ്ധമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടുന്നതിന് മുമ്പ് നിയമോപദേശം തേടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനമെടുത്തത്.

ശക്തമായ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഇതിന്റെ നിയമവശങ്ങളെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്നും ഇല്ലെങ്കിൽ ട്രാവൽ ഏജൻസികൾ കോടതിയെ സമീപിക്കാനിടയുണ്ടെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ വകുപ്പിനോട് വിശദമായ നിയമോപദേശം തേടിയ ശേഷം നടപടികളിലേക്ക് കടന്നാൽ മതിയെന്ന് യോഗം തീരുമാനമെടുത്തത്. നിലവിൽ സംസ്ഥാനത്താകെ 266 ട്രാവൽ ഏജൻസികൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പരിശോധനക്ക് ശേഷം മൂന്ന് ദിവസത്തിനകം ലൈസൻസ് ഹാജരാക്കിയില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുമെന്നായിരുന്നു ഗതാഗത വകുപ്പ് അനധികൃത ട്രാവൽ ഏജൻസികൾക്ക് നൽകിയിരുന്ന മുന്നറിയിപ്പ്. എന്നാൽ നോട്ടീസ് നൽകി ഒരാഴ്ച കഴിഞ്ഞിട്ടും കൂടുതൽ സ്ഥാപനങ്ങളും മറുപടി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗതാഗതമന്ത്രി യോഗം വിളിച്ചു ചേർത്തത്.

അതേസമയം ലൈസൻസിനുള്ള നിബന്ധനകൾ കർശനമാക്കിയതിനെതിരെ ട്രാവൽ ഏജന്റുമാർ ആരും പരാതിയുമായി മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചിട്ടില്ലെന്നും ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. ഇതോടൊപ്പം പെർമിറ്റ്ചട്ടം ലംഘിച്ച അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്കെതിരായ നടപടി തുടരുകയാണെന്നും ഇതുവരെ 1133 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുക്കുകയും പിഴയിനത്തിൽ 41.84 ലക്ഷം ഊടാക്കിയതായും വകുപ്പ് മേധാവികൾ അറിയിച്ചു. യോഗത്തിൽ ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും പങ്കെടുത്തു. അതേസമയം, കെ എസ് ആർ ടി സിയുടെ അന്തർ സംസ്ഥാന സർവീസ് നടത്തുന്നതിന് ബസുകളിൽ നിന്ന് കരാർ ക്ഷണിച്ചു. നിലവിൽ സ്വകാര്യ ബസുകൾ നടത്തുന്ന കോൺട്രാക്ട് കാര്യേജ് വ്യവസ്ഥയിലായിരിക്കും സർവീസ് ഓപ്പറേറ്റ് ചെയ്യുക. ബസിനൊപ്പം രണ്ട് ഡ്രൈവർമാരെയും വിട്ടു നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഈ മാസം ഏഴിനകം അപേക്ഷിക്കണം. ഒമ്പതിന് ടെൻഡർ ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള അയൽ സംസ്ഥാനത്തെ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് മൾട്ടി ആക്‌സിലുള്ള 50 ബസുകളാണ് കരാർ അടിസ്ഥാനത്തിലെടുക്കാൻ കെ എസ് ആർ ടി സി തീരുമാനിച്ചിരിക്കുന്നത്. കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷനും സമാന രീതിയിൽ കോൺട്രാക്ട് ക്യാരേജുകൾ കേരളത്തിലേക്ക് സർവീസ് നടത്തും. കെ എസ് ആർ ടി സിയുടെ പേരിൽ എൽ എ പി ടി ലൈസൻസ് എടുത്തായിരിക്കും സർവീസ് നടത്തുക. സ്വകാര്യ ബസുകളുടെ കുത്തക അവസാനിപ്പിക്കാനും യാത്രാ നിരക്കുകൾ നിയന്ത്രിക്കാനുമായാണ് ബസുകൾ വാടകക്കെടുത്ത് സർവീസ് നടത്താൻ തീരുമാനിച്ചത്.

---- facebook comment plugin here -----

Latest