Connect with us

National

സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല; മോദി അപമാനിക്കുന്നത് കോണ്‍ഗ്രസിനെയല്ല, സൈന്യത്തെ: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുംപോലെ ഇന്ത്യന്‍ സൈന്യം അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുപിഎ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട്. എന്നാല്‍ അത് നടത്തിയത് കോണ്‍ഗ്രസല്ലെന്നും സൈന്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുപിഎ കാലത്ത് നടത്തിയ മിന്നലാക്രമണങ്ങള്‍ വീഡിയോ ഗെയ്മിലായിരിക്കുമെന്ന് മോദി പറയുമ്പോള്‍ അദ്ദേഹം അപമാനിക്കുന്നത് കോണ്‍ഗ്രസിനെയല്ല. മറിച്ച് സൈന്യത്തെയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

നിലവില്‍ രാജ്യത്തെ വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. പ്രധാനമന്ത്രി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തു. പ്രതിവര്‍ഷം രണ്ട് കോടി തൊഴിലുകള്‍ നല്‍കുമെന്നായിരുന്നു യുവാക്കള്‍ക്കായി മോദിയുടെ വാഗ്ദാനം. എന്നാല്‍ തൊഴിലുകളെക്കുറിച്ചോ കര്‍ഷകരെക്കുറിച്ചോ മോദി ഇന്ന് മിണ്ടുന്നില്ല. കാവല്‍ക്കാരന്‍ കള്ളനാണെന്നത് കോണ്‍ഗ്രസിന്റെ പ്രചാരണ ആയുധമായിരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും രാഹുല്‍ ആരോപിച്ചു.

Latest