Connect with us

National

ഒഡിഷയില്‍ ആഞ്ഞടിച്ച് ഫോനി; മൂന്ന് മരണം, 1000 കോടിയുടെ കേന്ദ്ര സഹായം

Published

|

Last Updated

പുരി: ഒഡിഷയില്‍ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റില്‍ ഇതുവരെ മൂന്ന് പേര്‍ മരിച്ചു. 1999ലെ സൂപ്പര്‍ ചുഴലിക്കാറ്റിന് ശേഷം വീശുന്ന ഏറ്റവും ശക്തമായ കാറ്റാണ് ഫോനി. തീരമേഖലയില്‍ കനത്ത നാശനഷ്ടം വരുത്തി വച്ചാണ് ഫോനി കടന്നു പോകുന്നത്. രണ്ട് സ്ത്രീകളും ഒരു വിദ്യാര്‍ഥിയുമാണ് ഇതുവരെ മരിച്ചത്.പുരിയുടെ ചുറ്റുമുള്ള മേഖലകളില്‍ കനത്ത മഴയും ശക്തിയേറിയ കാറ്റും തുടരുകയാണ്.

പുരിയില്‍ മരം വീണാണ് വിദ്യാര്‍ഥി മരിച്ചത്. കാറ്റെടുത്തുകൊണ്ടുപോയ കോണ്‍ക്രീറ്റ് കട്ട തലയില്‍ വീണാണ് ഒരു സ്ത്രീ മരിച്ചത്. ദുരിതാശ്വാസ ക്യാമ്പില്‍വെച്ച് ഹൃദയാഘാതമുണ്ടായാണ് രണ്ടാമത്തെ സത്രീ മരിച്ചത്. അതേ സമയം സംസ്ഥാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 1000 കോടി രൂപ ആദ്യ ഗഡുവായി അനുവദിച്ചിട്ടുണ്ട്. ഭുവനേശ്വര്‍, പുരി നഗരങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ പലതും വെള്ളത്തില്‍ മുങ്ങി. സര്‍ക്കാര്‍ ഇതുവരെ 11 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 600 പേര്‍ ഗര്‍ഭിണികളാണ്. നിരവധി മരങ്ങളും ചെറുകൂരകളും കട പുഴകി. മരങ്ങളും വൈദ്യുത പോസ്റ്റുകളും കട പുഴകി വീണ് പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. രാവിലെ എട്ട് മണി മുതല്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. 83 പാസഞ്ചര്‍ ട്രെയിനുകളുള്‍പ്പടെ 140 തീവണ്ടികള്‍ ഇതുവരെ റദ്ദാക്കി. കാറ്റിന്റെ ശക്തി ഇപ്പോള്‍ കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.