Connect with us

Editorial

യു എന്‍ പ്രഖ്യാപനം പാക്കിസ്ഥാന് തിരിച്ചടി

Published

|

Last Updated

പാക്കിസ്ഥാന് കടുത്ത തിരിച്ചടിയാണ് ജയ്ശെതലവന്‍ മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു എന്‍ നടപടി. 2001 ഒക്ടോബര്‍ മുതല്‍ ഇന്ത്യ ആവശ്യപ്പെട്ടു വരുന്നതാണ് ഇക്കാര്യം. ചൈനയുടെ എതിര്‍പ്പ് മൂലമാണ് ഇതുസംബന്ധിച്ച പ്രമേയം ഇതുവരെയും യു എന്നിന് അംഗീകരിക്കാന്‍ കഴിയാതെ പോയത്. വീറ്റോ അധികാരം ഉപയോഗിച്ചാണ് രക്ഷാസമിതിയില്‍ മസ്ഊദ് അസ്ഹറിനെതിരായ നീക്കങ്ങള്‍ക്ക് ചൈന തടയിട്ടിരുന്നത്.

പാക്കിസ്ഥാനുമായുള്ള സൗഹൃദമാണ് ഇതിനു പിന്നില്‍. കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കണ്ടാല്‍ മാത്രമേ മസ്ഊദിന്റെ കാര്യം യു എന്‍ പരിഗണിക്കാവൂ എന്ന് പാക്കിസ്ഥാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞ നാല് തവണയും പ്രമേയത്തെ എതിര്‍ത്ത ചൈന ഇത്തവണ എതിര്‍വാദങ്ങള്‍ ഉന്നയിച്ചില്ല. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനും സി ജിന്‍പിംഗും തമ്മില്‍ നടന്ന കൂടിക്കാഴ്ചയാണ് ചൈനയുടെ നിലപാട് മാറ്റത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. 2009, 2016, 2017 വര്‍ഷങ്ങളിലും ഈ വര്‍ഷം മാര്‍ച്ചിലുമാണ് ഇതിനു മുമ്പ് മസ്ഊദ് അസ്ഹറിനെതിരായ പ്രമേയം യുഎന്നിന്റെ പരിഗണനക്ക് വന്നത്. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും സംയുക്തമായാണ് മസ്ഊദിനെതിരായ പ്രമേയം യു എന്നിന്റെ പ്രത്യേക സമിതി മുമ്പാകെ അവതരിപ്പിച്ചത്.

പുല്‍വാമ ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് ദശകത്തിനിടെ കശ്മീരില്‍ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ജയ്ശെയുടെ കരങ്ങളുണ്ട്. ഇത് ചൈനയെ ബോധ്യപ്പെടുത്താനുള്ള ശ്രമവുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അടുത്തിടെ ബീജിംഗ് സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മസ്ഊദിനെതിരായ തീരുമാനം നീട്ടിവെക്കണമെന്ന് അമേരിക്കയോട് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതൊരു ആഗോള ഭീകരതയുടെ പ്രശ്‌നമായതിനാല്‍ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കരുതെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. 2002ല്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ഡാനിയല്‍ പേളിനെ അസ്ഹറിന്റെ അനുയായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് മുതല്‍ അസ്ഹര്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയാണ്.

പാക് പഞ്ചാബിലെ ബഹാവല്‍പ്പൂരിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച മസ്ഊദ് അല്‍ഖാഇദ ബന്ധമുള്ള ഹര്‍കത്തുല്‍ അന്‍സാര്‍ എന്ന സംഘടനയിലാണ് തുടക്കത്തില്‍ പ്രവര്‍ത്തിച്ചത്. മികച്ച പ്രഭാഷകനായ അദ്ദേഹം ഏറെ താമസിയാതെ ഹര്‍കത്തുല്‍ അന്‍സാറിന്റെ ജനറല്‍ സെക്രട്ടറിയായി ഉയര്‍ന്നു. അതിനിടെ പോര്‍ച്ചുഗീസ് പാസ്പോര്‍ട്ടില്‍ ഇന്ത്യയിലേക്ക് കടന്നു. കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുകയായിരുന്നു ലക്ഷ്യം. ഇതാവശ്യത്തിലേക്കുള്ള ഫണ്ട് ശേഖരണത്തിന് അദ്ദേഹം ബ്രിട്ടന്‍, ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ബ്രിട്ടനില്‍ നിന്ന് നല്ലൊരു സംഖ്യ ശേഖരിക്കുകയും ചെയ്തിരുന്നു. 1994 ഫെബ്രുവരിയില്‍ ഇന്ത്യ മസ്ഊദിനെ അറസ്റ്റ് ചെയ്തു.

എന്നാല്‍, പാക്കിസ്ഥാനിലെ അദ്ദേഹത്തിന്റെ അനുയായികള്‍ 150 യാത്രക്കാരെയുമായി പറന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം റാഞ്ചി. ഇതിനെ തുടര്‍ന്ന്, യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി മസ്ഊദിനെ വിട്ടയക്കേണ്ടി വന്നു. അദ്ദേഹത്തിന് പുറമെ, ഉമര്‍ ശൈഖ്, മുശ്താഖ് എന്നിവരെയും മോചിപ്പിക്കേണ്ടി വന്നു. വാജ്പേയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്ത് 1990ലാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഇതുസംബന്ധിച്ച് അന്ന് ഭീകരരുമായി ചര്‍ച്ച നടത്തിയതും മസ്ഊദിനെ ഇന്ത്യയില്‍ നിന്ന് കാണ്ഡഹാറിലേക്ക് എത്തിച്ചതും ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു.

2000 ജനുവരി 31നാണ് മസ്ഊദ് അസ്ഹര്‍ പാക് പഞ്ചാബിലെ ഭഗവല്‍പൂര്‍ ആസ്ഥാനമായി ജയ്ശെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനക്ക് രൂപം നല്‍കുന്നത്.

അല്‍ഖാഇദ മേധാവി ഉസാമ ബിന്‍ലാദന്റെയും താലിബാന്റെയും സഹായത്തോടെയായിരുന്നു ഇത്. ലശ്കറെ ത്വയ്ബ കഴിഞ്ഞാല്‍ പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഭീകര സംഘടനയാണിത്. 2001 ഒക്ടോബറില്‍ ജമ്മുകശ്മീര്‍ നിയമസഭക്ക് നേരെ ആക്രമണം നടത്തിക്കൊണ്ടാണ് ജയ്ശെ ഇന്ത്യന്‍ മണ്ണില്‍ തീവ്രവാദ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രണ്ട് മാസത്തിനകം അടുത്ത ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലിമെന്റിനു നേരെയും ആക്രമണം നടത്തി. 2008ലെ മുംബൈ ഭീകരാക്രമണത്തിനും 2016ലെ പത്താന്‍കോട്ട് ആക്രമണത്തിനും പിന്നിലെ തലച്ചോര്‍ മസ്ഊദിന്റേതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുകയാണ് ജയ്ശെയുടെ മുഖ്യ അജന്‍ഡ. ഈ ലക്ഷ്യത്തിലാണ് നിരന്തരം ആക്രമണങ്ങള്‍ നടത്തി സംഘടന ഇന്ത്യയുടെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നത്. ഇതാണ് അദ്ദേഹത്തിന് നിരന്തരം സംരക്ഷണം ഒരുക്കാന്‍ പാക്കിസ്ഥാന്‍ സന്നദ്ധമായതിന്റെ പിന്നില്‍. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ മസ്ഊദ് അസ്ഹറിനും അനുയായികള്‍ക്കും പാക് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയത് ആഗോളതലത്തില്‍ കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസ്ഊദിന്റെ സ്വത്ത് മരവിപ്പിക്കുകയും രാജ്യാന്തര തലത്തില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. ഇതുകൊണ്ട് പക്ഷേ, ജയ്ശെയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാകുമൊ? 10 ലക്ഷം യു എസ് ഡോളര്‍ തലക്ക് വിലയിട്ടിരുന്ന ലശ്കറെ ത്വയ്ബ നേതാവ് ഹാഫിസ് സഈദിനെ ഇതിനു മുമ്പ് യു എന്നും അമേരിക്കയും ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ലശ്കറെയുടെ പ്രവര്‍ത്തനം പിന്നെയും പൂര്‍വോപരി ശക്തമായി തുടരുകയാണ്. കശ്മീര്‍ പ്രശ്‌നത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തുന്നതിലൂടെ മാത്രമേ അതിര്‍ത്തിയിലെ തീവ്രവാദത്തിന് അയവ് വരുത്താനാകുകയുള്ളൂ.

---- facebook comment plugin here -----

Latest