Connect with us

Articles

ഭൂമിയുടെ അവകാശികള്‍ ഈ തലമുറ മാത്രമല്ല

Published

|

Last Updated

വേനല്‍ മുറുകി വരുമ്പോഴേക്കും ഇന്നേവരെയില്ലാത്ത ഏറ്റവും ഉയര്‍ന്ന താപനിലയൊക്കെ നമ്മള്‍ അനുഭവിച്ചു കഴിഞ്ഞു. പ്രളയത്തിന് ശേഷമുള്ള ആദ്യ വേനലും മഴയും നല്ലവണ്ണം കടുക്കുമെന്നാണ് ഇപ്പോള്‍ നമ്മളീ അനുഭവിക്കുന്ന കൊടും ചൂടിനെ പറ്റി നമുക്ക് പറയാനുള്ളത്. എന്നാല്‍ ഇത് പ്രളയക്കെടുതിക്ക് ശേഷമുള്ള വേനലായതിന്റെ കാഠിന്യമല്ല എന്നതാണ് വസ്തുത. ഇനിയങ്ങോട്ട് എല്ലാ വേനലും കടുത്തുകൊണ്ടേയിരിക്കും. ചൂട് അസഹനീയമാകും. വേനലും വര്‍ഷവും ശൈത്യവും മറ്റു ഋതുക്കളും കൃത്യമായി അനുഭവേദ്യമായിരുന്ന കാലമുണ്ടായിരുന്നു പണ്ട്. നമുക്കിടയില്‍ പ്രായമേറെയുള്ളവരോട് ചോദിച്ചാല്‍ ഒരുപക്ഷെ എല്ലാം ചാക്രികമായിരുന്ന അക്കാലത്തെ പറ്റി അവര്‍ ഓര്‍ത്തെടുത്തേക്കും. വര്‍ഷകാലം സ്‌നേഹത്തോടെ മഴയും വേനല്‍കാലം രൗദ്രഭാവമില്ലാതെ വെയിലും വിതറിയിരുന്ന അക്കാലം മാറി എല്ലാം രേഖീയമായി മാറിയിട്ടുണ്ട്. മഴ കടുത്താല്‍ നമുക്ക് ഊഹിക്കണം ഇത് വര്‍ഷക്കാലമായിരിക്കുമെന്ന്. മഞ്ഞുകാലവും വേനലും തഥൈവ. എല്ലാം കാലം തെറ്റിയിറങ്ങുന്നു. വേനല്‍ മഴ വര്‍ഷപ്പെരുമഴ പോലെ പെയ്തിറങ്ങി കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് എല്ലാ കൊല്ലത്തെയും ചിട്ടയൊത്ത വാര്‍ത്തയാണ്.

പ്രകൃതി ദുരന്തങ്ങള്‍ നിത്യ സംഭവമാകുന്ന, കാലം തെറ്റി മഴയും വേനലും മഞ്ഞുമെത്തുന്ന, വസന്തത്തിനു പകരം വരള്‍ച്ചയും ക്ഷാമവും ഉണ്ടാകുന്ന സ്ഥിതിഗതികള്‍ സൗരയൂഥത്തിലെ ഏക ജീവമണ്ഡലമായ നമ്മുടെ ഭൂമി കുറച്ചുകാലങ്ങള്‍ക്കപ്പുറം വാസയോഗ്യമായേക്കില്ലെന്ന വസ്തുതയിലേക്കാണ് നമ്മെ എത്തിക്കുന്നത്. ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ മനുഷ്യന്റെ വര്‍ത്തമാനത്തെ പോലും സുരക്ഷിതമല്ലാത്ത വിധം കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തിട്ടുള്ളത്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും കുഴപ്പമല്ലിത്. മനുഷ്യനാണ് വില്ലന്‍. ഈ ഭൂമിയും അന്തരീക്ഷവും ഇവിടുത്തെ ആവാസവ്യവസ്ഥയും മനുഷ്യനു മാത്രം അവകാശപ്പെട്ടതാണെന്ന അവന്റെ ഭാവമാണ് പ്രശ്‌നം. മാത്രവുമല്ല, വര്‍ത്തമാന കാലത്തെ ഒരു തലമുറയുടെ മാത്രം ക്ഷേമത്തെ കുറിച്ച് ചിന്തിക്കുകയും അതിലെ തന്നെ കൈയൂക്കുള്ളവന്‍ മാത്രം അതിജീവിച്ചാല്‍ മതിയെന്ന സങ്കുചിതത്വവുമാണ് കാര്യങ്ങളിത്രമേല്‍ വഷളാക്കിയത്. ഇതാകട്ടെ ആധുനിക ലോക ചരിത്രത്തിന്റെ ആരംഭത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുണ്ടായിരുന്ന കൊളോണിയല്‍ താത്പര്യമായിരുന്നു. യൂറോപ്യന്‍ ഭൂഖണ്ഡത്തിനു പുറത്തെ ജനങ്ങളെ അപരിഷ്‌കൃതരും കാടന്മാരും തങ്ങള്‍ക്ക് അടിമകളായി കീഴ്‌പ്പെടേണ്ടവരുമാണെന്ന് കരുതിയിരുന്ന യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ക്ക് പ്രകൃതിയും കീഴ്‌പ്പെടുത്താനും നിര്‍ബാധം ചൂഷണം ചെയ്യാനുമുള്ളതായിരുന്നു.

കോളനിവത്കരണത്തിന്റെ ഏറ്റവും പുതിയതും ഉഗ്രമായതുമായ പതിപ്പാണല്ലോ ആഗോളവത്കരണം. മൂലധനങ്ങളുടെയും സേവനങ്ങളുടെയും അതിര്‍ത്തികള്‍ അപ്രസക്തമാക്കുന്ന ഒഴുക്ക് എന്നത് കുറഞ്ഞ ചെലവില്‍ തൊഴിലെടുപ്പിക്കാന്‍ ആളെ കിട്ടുന്ന, കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രകൃതി സ്രോതസ്സുകള്‍ നിയന്ത്രണങ്ങളില്ലാതെ ഊറ്റാന്‍ പറ്റുന്ന ഇടങ്ങള്‍ സൗകര്യപ്പെടുത്തുക എന്നതിന്റെ ഭംഗിവാക്ക് മാത്രമാണ്. മാത്രവുമല്ല, പണ്ട് കോളനിവത്കരണത്തിന്റെ കാലത്ത് കോളനികളില്‍ നിന്ന് കട്ടുകൊണ്ടുപോയി വ്യവസായികോത്പാദനം നടത്തിയിരുന്നപ്പോള്‍ അവര്‍ക്കുണ്ടായ പാരിസ്ഥിതിക പ്രശ്‌നങ്ങളെകൂടി വികസ്വര രാജ്യങ്ങളിലേക്ക് പറിച്ചു നടുക എന്നതാണ് ഇതിന്റെ മറ്റൊരു വശം. പ്ലാച്ചിമട പോലെ ഒരു അനുഭവമുള്ള മലയാളിക്ക് ബൊളീവിയയിലെ കൊച്ചംബാവയെ കുറിച്ച് ക്ലാസ്സെടുക്കേണ്ടതില്ലല്ലോ. ഇന്നിപ്പോള്‍ മേക്ക് ഇന്‍ ഇന്ത്യ എന്ന ലേബലില്‍ നമ്മള്‍ തന്നെ വിളിച്ചു വലിച്ചു കൊണ്ടുവരികയാണ് ഇത്തരം “സാധ്യതകളെ”.

അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമാകുന്ന ഇപ്പോഴത്തെ ഈ പ്രതിഭാസം ലോകത്തെല്ലായിടത്തും പല വിധേനയും അനുഭവേദ്യമാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം അതിഭീകരമായ സ്ഥിതിഗതികളിലേക്കാണ് ഭൂമിയുടെ പ്രയാണമെന്ന് തീര്‍ച്ചപ്പെടുത്തുന്നു. അന്തരീക്ഷത്തിലെ താപനില വരും വര്‍ഷങ്ങളില്‍ തന്നെ മൂന്ന് ഡിഗ്രി സെല്‍ഷ്യസോളം ഉയര്‍ന്നേക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. “ആഗോളതാപനം ഒരു ചൂടുള്ള ചര്‍ച്ച”യാണെന്ന് തിരിച്ചറിഞ്ഞിട്ട് കാലം കുറേയായെങ്കിലും വിജയകരമെന്ന് പറയത്തക്ക നിലയില്‍ കൂട്ടായ ഒരു ശ്രമം രാജ്യാന്തരതലത്തില്‍ ഇപ്പോഴും ഉണ്ടായിട്ടില്ല.

എങ്കിലും ഇന്ധനോപയോഗത്തില്‍ ജര്‍മനി കാണിച്ച ഗൗരവതരമായ കരുതല്‍ ഈ മേഖലയില്‍ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നും പരമാവധി വൈദ്യുതി ഉത്പാദനം നടത്താനാണ് ചാന്‍സലര്‍ ആംഗലെ മെര്‍ക്കലിന്റെയും അവരുടെ യൂനിയന്‍ പാര്‍ട്ടിയുടെയും തീരുമാനം. കല്‍ക്കരി അടക്കമുള്ള ഇന്ധനങ്ങള്‍ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നത് അടുത്ത 20 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും നിര്‍ത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറയുന്നു. ഇതര ഉപയോഗങ്ങള്‍ക്കും ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം പുനരുത്പാദിപ്പിക്കാന്‍ കഴിയുന്ന ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിക്കലാണ് ജര്‍മനിയുടെ പാരിസ്ഥിതിക പദ്ധതിയുടെ പ്രധാന പരിപാടി. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ജര്‍മനി സമ്മേളനം നടന്ന ബോണിലേക്ക് പ്രതിനിധികളെ എത്തിച്ചത് ഒട്ടും കാര്‍ബണ്‍ പുറംതള്ളാത്ത കാര്‍ബണ്‍ ന്യൂട്രല്‍ ട്രെയിനിലായിരുന്നു. ഇതിലൂടെ നല്‍കിയ സന്ദേശം തന്നെ മാതൃകാപരമായിരുന്നു. 1997ലെ ക്യോട്ടോ പ്രോട്ടോക്കോള്‍, കാര്‍ബണ്‍ പുറംതള്ളുന്നത് കുറക്കണമെന്നാവശ്യപ്പെട്ടു. അപ്പോഴും ലോകത്തേറ്റവും വലിയ വികസ്വര രാജ്യങ്ങളിലെ പുകയടുപ്പുകളെ പരിഹസിച്ചും ആക്ഷേപിച്ചും ആഗോളതാപനത്തിന്റെ ഉത്തരാവാദിത്വത്തില്‍ നിന്ന് മുഴുവനായി കൈയൊഴിയാനാണ് അമേരിക്ക ശ്രമിച്ചത്. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറം തള്ളുന്ന രാജ്യങ്ങളിലൊന്നായിരുന്നിട്ടും ആ കരാറില്‍ അവര്‍ ഒപ്പുവെക്കാനും തയ്യാറായില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ കമ്പനികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്ന് കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം.

അന്തരീക്ഷത്തിലെ താപനില ഇത്രമേല്‍ വര്‍ധിക്കുന്നതില്‍ മുഖ്യപങ്ക് അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹ വാതകങ്ങള്‍ക്കാണ്. കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് ഇതില്‍ ഏറെയും. പരമാവധി കാര്‍ബണ്‍ പുറംതള്ളാതിരിക്കുകയും അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന മരങ്ങള്‍ കൂടുതലായി വെച്ചുപിടിപ്പിക്കുകയുമാണ് വേണ്ടത്. അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കുറക്കാനുള്ള എളുപ്പ വഴിയുമിതാണ്. എന്നാല്‍, എളുപ്പത്തില്‍ നടക്കുന്നത് വന നശീകരണമാണ്. നമുക്ക് പരിസ്ഥിതി ദിനത്തില്‍ മാത്രം വരുന്ന പരിസ്ഥിതി ബോധമൊക്കെ വലിയ പ്രഹസനം മാത്രമല്ലേ? കരയില്‍ മരങ്ങളെന്ന പോലെ കടലില്‍ കണ്ടുവരുന്ന പ്ലാങ്ട്ടന്‍ എന്ന ആല്‍ഗകളും വന്‍തോതില്‍ കാര്‍ബണ്‍ വലിച്ചെടുക്കുന്നുണ്ട്. പക്ഷെ, അവിടെയും നമ്മളാണ് പ്രശ്‌നക്കാര്‍. സമുദ്രമാകെ മലിനപ്പെടുത്തുന്നതിലൂടെ പ്ലാങ്ട്ടന്‍ അടക്കമുള്ള ആല്‍ഗകള്‍ക്കും ചെറു ജീവികള്‍ക്കും ആവാസം നഷ്ടപ്പെടുകയാണ്.

ജലസംരക്ഷണത്തിന്റെ കാര്യത്തിലും ജാഗ്രത വേണം. കടലും കായലുകളും കുളങ്ങളും തോടുകളും കനാലുകളും അനേകം നദികളും അടക്കം ഇത്രമേല്‍ ജലസ്രോതസ്സുകളുള്ള നമ്മുടെ സംസ്ഥാനത്ത് വേനലില്‍ ജലക്ഷാമം രൂക്ഷമാണ്. വര്‍ഷക്കാലത്തും കുടിവെള്ളം കിട്ടാത്ത ഇടങ്ങളും ഏറെയാണ്. നമുക്ക് പെയ്തുകിട്ടുന്ന മഴയൊക്കെ എളുപ്പത്തില്‍ കുത്തിയൊലിച്ച് അറബിക്കടലില്‍ ചെന്ന് പതിക്കുന്നതല്ലാതെ മഴ കൊണ്ട് നമ്മുടെ ജലസ്രോതസ്സുകള്‍ക്ക് പ്രത്യേകിച്ച് ഒരു ഉണര്‍വുമില്ല. മഴ വെള്ള സംഭരണത്തിന് ശാസ്ത്രീയമായ വഴികള്‍ അന്വേഷിച്ചു കണ്ടെത്തി നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കൂട്ടായ ശ്രമങ്ങള്‍ ആവിഷ്‌കരിക്കണം.

സമുദ്രനിരപ്പ് ഭീതിപ്പെടുത്തും വിധം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. പഠനങ്ങള്‍ പറയുന്നതനുസരിച്ച്, ഇങ്ങനെ പോയാല്‍ ഒന്നുരണ്ട് പതിറ്റാണ്ടുകള്‍ക്കൊണ്ട് ഭൂമിയിലെ ഒട്ടനവധി കരകള്‍ കടലെടുക്കും. അതില്‍ സിഡ്‌നിയും മുംബൈയും കൊല്‍ക്കത്തയും ഷാംഗ്ഹായും അടക്കമുള്ള നഗരങ്ങളും പെടും.
ഭൂമിയിലെ ശുദ്ധജലത്തിന്റെ സിംഹഭാഗവും ശേഖരിക്കപ്പെട്ടിരിക്കുന്നത് ഹിമപാളികളിലാണ്. ഉത്തര ദ്രുവത്തിലെയും ഹിമാലയത്തിലെയും മറ്റും ഹിമപാളികള്‍ ഉരുകി നീങ്ങുന്നതായും ഇല്ലാതാകുന്നതായും സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. മഞ്ഞുരുകുന്നത് തന്നെയാണ് സമുദ്രനിരപ്പുയരുന്നതിന്റെ പ്രധാന കാരണം.
ഊര്‍ജ സംരക്ഷണത്തെ പറ്റി നമ്മളിനിയും ഉണര്‍ന്നില്ലെങ്കില്‍ വലിയ വിപത്താകും. ഉപയോഗിക്കുന്നില്ലെങ്കില്‍ വീട്ടിലെയും വിദ്യാലയത്തിലെയും ജോലിസ്ഥലത്തെയും വൈദ്യുതി വിളക്കുകളും മറ്റു വൈദ്യുതോപകരണങ്ങളും അണച്ചു വെക്കുന്നത് തുടങ്ങി നിത്യ ജീവിതത്തില്‍ നാം നിര്‍ബന്ധപൂര്‍വം പാലിക്കേണ്ട കാര്യങ്ങള്‍ അനവധിയാണ്.

പ്രളയം നമ്മെ എന്തെങ്കിലും പഠിപ്പിച്ചോ? നാട്ടിലെ വര്‍ഗീയവാദികളൊഴികെ എല്ലാവര്‍ക്കും ഒരുമിച്ചു കഴിയാന്‍ പറ്റുമെന്ന തിരിച്ചറിവുണ്ടായി എന്നത് നേരാണ്. അതുകൂടാതെ, പാരിസ്ഥിതികമായി എന്തെങ്കിലും ബോധ്യം നമുക്കുണ്ടായതായി തോന്നുന്നില്ല. സര്‍ക്കാറുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഈ മേഖലയില്‍ ഒരുപാട് ചെയ്യാനുണ്ട്.
2015ലെ ഐക്യരാഷ്ട്ര പാരിസ്ഥിതിക സംഘടനയുടെ പരിസ്ഥിതി ദിന പ്രമേയം “ഒരു ഭൂമി, എഴുനൂറ് കോടി സ്വപ്‌നങ്ങള്‍” എന്നതായിരുന്നു. ഈ എഴുനൂറ് കോടി എന്ന കണക്ക് ഭൂമിയിലെ മനുഷ്യരെ മാത്രം പ്രതിനിധാനം ചെയ്യുന്നതാണ് എന്നത് നമ്മുടെ പാരിസ്ഥിതിക സങ്കല്‍പ്പങ്ങളുടെ കാതലായ പ്രശ്‌നമാണ്. ഈ ഭൂമി നമ്മുടേത് മാത്രമല്ല, ഇവിടുത്തെ പുല്ലും പുല്‍ച്ചാടിയും മുതല്‍ കടലിലെ ഭീമാകാരന്മാരായ തിമിംഗലങ്ങളും ആല്‍ഗകളും വരെയുള്ള ജീവികള്‍ക്കും സസ്യ, വൃക്ഷലതാതികള്‍ക്കും കൂടി അവകാശപ്പെട്ടതാണ്. നമ്മള്‍ അചേതനമെന്ന് പട്ടികപ്പെടുത്തിയ അനേകം പദാര്‍ഥങ്ങള്‍ മനുഷ്യന്റെയടക്കം എല്ലാ ജീവികളുടെയും ആവാസ വ്യവസ്ഥയുടെ ഭാഗവും കൂടിയാണ് എന്നും ഓര്‍മയിലുണ്ടാകണം.

എന്‍ എസ് അബ്ദുല്‍ ഹമീദ്‌

Latest