Connect with us

National

ഫോനി ഭീഷണി; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന് തിരഞ്ഞെടുപ്പു പ്രചാരണം നിര്‍ത്തിവച്ച് മമത

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഫോനി ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ദുരിതാശ്വാസ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായാണിത്.

സംസ്ഥാനത്തെ ബോന്‍ഗാവോന്‍ ബറാക്പൂര്‍, ഹൗറ, ഉലുബേരിയ, ഹൂഗ്‌ളി, സെറാംപൂര്‍, അരംബാഗ് എന്നീ ഏഴു ലോക്‌സഭാ മണ്ഡലങ്ങളില്‍ മെയ് ആറിന് വോട്ടെടുപ്പു നടക്കുകയാണ്. ഫോനി നാശം വിതക്കാന്‍ സാധ്യതയുള്ള മേഖലയില്‍ പെട്ടതാണ് ഈ ഏഴു മണ്ഡലങ്ങളും.

പ്രചാരണ പരിപാടികളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണെന്നും അടിയന്തര കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും മമത പറഞ്ഞു. ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

“ദുരന്ത നിവാരണ സേന കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണ്. സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനും ദുരിതാശ്വാസ നടപടിക്കുള്ള ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൊല്‍ക്കത്ത മേയറും സംസ്ഥാന നഗര വികസന വകുപ്പു മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.”- ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.