Connect with us

Kerala

കെവിന്‍ വധം: പിതാവിനും എസ് ഐക്കുമെതിരെ നീനുവിന്റെ നിര്‍ണായക മൊഴി

Published

|

Last Updated

കോട്ടയം: കെവിന്‍ വധക്കേസില്‍ കോടതിയില്‍ നിര്‍ണായക മൊഴി നല്‍കി നീനു. തന്റെ പിതാവ് ചാക്കോ, ജ്യേഷ്ഠന്‍ ഷാനു, എസ് ഐ. എം എസ് ഷിബു എന്നിവര്‍ക്കെതിരെയാണ് നീനു കേസിലെ വിചാരണക്കിടെ മൊഴി നല്‍കിയത്. കെവിന്‍ താഴ്ന്ന ജാതിയില്‍ പെട്ട വ്യക്തിയായതിനാല്‍ തങ്ങളെ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനു പറഞ്ഞു. എസ് ഐ. ഷിബു കെവിനെ മര്‍ദിക്കുകയും ചെയ്തു. തന്റെ മാതാവിന്റെ സഹോദരിയുടെ മകനും കേസിലെ രണ്ടാം പ്രതിയുമായ നിയാസും ഭീഷണിപ്പെടുത്തിയിരുന്നു.

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിലെ അഞ്ചാം സാക്ഷിയിലാണ് നീനു ഈ മൊഴികള്‍ നല്‍കിയത്. തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പു വരെ കെവിനുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും നീനു വ്യക്തമാക്കി. കെവിന്‍ മരിക്കാന്‍ കാരണം തന്റെ പിതാവും സഹോദരനുമായതിനാല്‍ കെവിന്റെ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായാണ് കരുതുന്നതെന്നും നീനു മൊഴിയില്‍ പറഞ്ഞു.

നീനുവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ അടുത്ത ദിവസമാണ് കെവിനെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോയത്. പിറ്റേ ദിവസം കെവിന്റെ മൃതദേഹം തെന്മല ചാലിയക്കരയിലെ തോട്ടത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.