Connect with us

Kerala

റോഡരികില്‍ ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

Published

|

Last Updated

കോഴിക്കോട്: റോഡരികില്‍ വച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ സമീപവാസികള്‍ പിടികൂടി. തളിപ്പറമ്പ് സ്വദേശിനിയും മെഡിക്കല്‍ കോളജ് നഴ്‌സിംഗ് അസിസ്റ്റന്റുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീകൊളുത്താന്‍ ശ്രമിച്ചത്. പെട്രോള്‍ ഒഴിച്ചയുടന്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് രമ രക്ഷപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞു വരികയായിരുന്ന രമയുടെ ദേഹത്ത് കോഴിക്കോട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് പരിസരത്തു വെച്ച് പെട്രോളൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ രമ തൊട്ടടുത്തുള്ള വീട്ടില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഈ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഷനോജ് കുമാറിനെ പിടികൂടി. ഇയാളെ പിന്നീട് പോലീസിനു കൈമാറി.

പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും ഇയാള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തതായും പോലീസ് അറിയിച്ചു. ഇയാളുടെ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
അഞ്ചു വര്‍ഷം മുമ്പ് വിവാഹിതരായ ഷനോജ് കുമാറും രമയും തമ്മില്‍ തെറ്റിയതിനെ തുടര്‍ന്ന് രണ്ടിടങ്ങളിലാണ് താമസിക്കുന്നത്. ഇരുവരും വിവാഹ മോചനത്തിനു ശ്രമിച്ചു വരികയായിരുന്നു.

Latest