Connect with us

National

'ഫാനി' ഒഡീഷ തീരം തൊട്ടു; 103 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി, ഒഴിപ്പിക്കല്‍ നടപടി ഊര്‍ജിതം

Published

|

Last Updated

ന്യൂഡല്‍ഹി: ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തിയതിനെ തുടര്‍ന്ന് 103 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. ഒഡീഷയെ കൂടാതെ ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ 19 ജില്ലകളെ ഇത് ബാധിക്കും. ഹൗറ-ചെന്നൈ സെന്‍ട്രല്‍ കോറോമോണ്ടല്‍ എക്‌സ്പ്രസ്, പാറ്റ്‌ന-എറണാകുളം എക്‌സ്പ്രസ്, ന്യൂഡല്‍ഹി-ഭുവനേശ്വര്‍ രാജ്ധാനി എക്‌സ്പ്രസ്, ഹൗറ-ഹൈദരാബാദ് ഈസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, ഭുവനേശ്വര്‍-രാമേശ്വരം എക്‌സ്പ്രസ് തുടങ്ങിയ റദ്ദാക്കിയവയില്‍ ഉള്‍പ്പെടും. റദ്ദാക്കിയ സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് യാത്ര ഷെഡ്യൂള്‍ ചെയ്ത തീയതിക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് ഫാനി അതിതീവ്ര ഗതി കൈവരിച്ചത്. ഒഡീഷയിലെ ഗോപാല്‍പൂര്‍, ചാന്ദ്പാല്‍ തീരപ്രദേശങ്ങള്‍ക്കിടയില്‍ മണ്ണിടിച്ചിലുണ്ടായേക്കുമെന്ന് ഇന്ത്യന്‍ മെട്രോളജി വകുപ്പ് (ഐ എം ഡി) മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളായ പുരി, ജഗത്‌സിംഗ്പൂര്‍, കേന്ദ്രപാര, ഭദ്രക്, ബാലസോര്‍, മയുര്‍ബഞ്ച്, ഗജപതി, ഗന്‍ജാം, കോര്‍ധ, കട്ടക്ക്, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നുവരികയാണ്.

ഒഡീഷയില്‍ വിദ്യാലയങ്ങള്‍ക്ക് മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശ ജില്ലകളില്‍ നിന്നായി എട്ടുലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചിട്ടുള്ളത്. ഇവരെ താമസിപ്പിക്കുന്നതിനായി 900 സുരക്ഷിത കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 78 സംഘത്തെ ഫാനി ബാധിത പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.