Connect with us

National

അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് 942 ബോംബ് സ്‌ഫോടനങ്ങള്‍; മോദി ഇതൊന്നും കാണുന്നില്ലേയെന്ന് രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് 942 വന്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഞ്ചു വര്‍ഷത്തിനിടെ സ്‌ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍.

“2014നു ശേഷം ഇന്ത്യയില്‍ സ്‌ഫോടന ശബദ്ങ്ങളൊന്നും കേട്ടിട്ടില്ലെന്നാണ് പ്രധാന മന്ത്രി പറയുന്നത്. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉറി, പത്താന്‍കോട്ട്, പുല്‍വാമ, ഗഡ്ചിരോളി, …തുടങ്ങിയ ഇടങ്ങളിലായി 942 സ്‌ഫോടനങ്ങളാണ് നടന്നത്.”- രാഹുല്‍ ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ബുധനാഴ്ച മാവോയിസ്റ്റ് ആക്രമണമുണ്ടായതിനു പിന്നാലെയാണ് രാഹുലിന്റെ പരാമര്‍ശം. 15 സിവിലിയന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ നിന്ന് മോദി സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്നാണ് ഗഡ്ചിരോളി ആക്രമണം തെളിയിക്കുന്നതെന്ന് ആക്രമണത്തെ അപലപിക്കവെ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞിരുന്നു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ അവകാശവാദങ്ങള്‍ പൊള്ളയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ രക്തസാക്ഷിതത്വവും ത്യാഗവും പാഴായിപ്പോകില്ല.- വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഖേര പറഞ്ഞു. മോദി ഭരണകാലത്ത് 1086 മാവോയിസ്റ്റ് ആക്രമണ സംഭവങ്ങളിലായി 391 ജവാന്മാരും 582 സിവിലിയന്മാരും കൊല്ലപ്പെട്ടതായും ഖേര വ്യക്തമാക്കി. മാവോ ഭീഷണി ശക്തിപ്പെട്ടു വരുന്നതിന്റെ ഉത്തരവാദിത്തം പ്രധാന മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

Latest