Connect with us

Malappuram

വിശ്വാസ സാഗരം സാക്ഷി;  മഅ്ദിൻ പ്രാർത്ഥനാ സമ്മേളനത്തിന് പരിസമാപ്തി

Published

|

Last Updated


റമസാന്‍ 27-ാം രാവിനോടനുബന്ധിച്ച് മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തുന്നു.

മലപ്പുറം: ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ടമായ ലൈലത്തുൽ ഖദ്‌റിന്റെ പുണ്യം തേടി വിശ്വാസികൾ സ്വലാത്ത് നഗറിൽ പ്രാർത്ഥനാ സാഗരം തീർത്തു. റമസാനിലെ അവസാന വെള്ളിയാഴ്ചയും 27-ാം രാവും സംഗമിച്ച വിശുദ്ധ ദിനത്തെ ധന്യമാക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രാർത്ഥനാ സമ്മേളനത്തിന്റെ പ്രധാന നഗരിയും ഗ്രാൻഡ് മസ്ജിദും വൈകുന്നേരത്തോടെ തന്നെ നിറഞ്ഞ് കവിഞ്ഞിരുന്നു.

മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ റമസാൻ 27-ാം രാവായ ഇന്നലെ നടന്ന തറാവീഹ് നിസ്‌കാരം

തറാവീഹ് നിസ്‌കാര ശേഷം പ്രധാന വേദിയിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിന്റെ സമാപന സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർത്ഥനയും നിർവഹിച്ചു.
സൃഷ്ടികളോട് കാരുണ്യവും സഹാനുഭൂതിയും കാണിക്കാതെ സൃഷ്ടാവിനോട് കരുണയ്ക്കായി തേടുന്നത് വ്യർത്ഥമാണെന്ന് ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു. തെറ്റുകുറ്റങ്ങൾ ചെയ്തവരെ കൈവെടിയുന്നവനല്ല അല്ലാഹു. സൃഷ്ടാവിനോടുള്ള ഏത് ധിക്കാരവും കണ്ണീരണിഞ്ഞ പാശ്ചാതാപത്തിൽ ഉരുകിയൊലിക്കും. എന്നാൽ സൃഷ്ടികൾ തമ്മിലുള്ള തെറ്റുകൾ പരസ്പരം പറഞ്ഞ് തീർക്കുക തന്നെ വേണം. ഒപ്പമുള്ളവരുടെ സൗഖ്യവും സന്തോഷവും അറിയാതെയും അന്വേഷിക്കാതെയുമുള്ള ജീവിതം നിർത്ഥകമാണെന്നും അദ്ദേഹം ഉണർത്തി.
കേന്ദ്രത്തിൽ അധികാരമേറ്റ സർക്കാർ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമയോടെ കൊണ്ടു പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പുരോഗതിയും എല്ലാ വിഭാഗം ആളുകളുടെ ക്ഷേമവുമായിരിക്കണം ലക്ഷ്യം. ഇക്കഴിഞ്ഞ ദിവസവും ആൾക്കൂട്ടക്കൊലയെപ്പറ്റി മീഡിയകൾ റിപ്പോർട്ട് ചെയ്തു.  തുടർച്ചയായി ഉണ്ടാകുന്ന ഈ പ്രശ്‌നങ്ങൾക്ക് അടിയന്തിരമായ പരിഹാരം കാണണം – അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്ന് പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തെ  വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ വിവേചനമുണ്ടാകില്ലെന്നും അവരുടെ ക്ഷേമത്തിനായി പദ്ധതികൾ നടപ്പിലാക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ  പ്രഖ്യാപനം സ്വാഗതാർഹമാണ്. ഞങ്ങൾ ശുഭാപ്തി വിശ്വാസികളാണ്. ആരോടും മുൻധാരണയില്ല. ഈ വാഗ്ദാനം നടപ്പിലാക്കുമെന്നു തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത് – കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി കൂടിയായ ഖലീൽ തങ്ങൾ പറഞ്ഞു.

മലപ്പുറം സ്വലാത്ത് നഗറിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമൂഹ ഇഫ്താർ

രണ്ട് ദിനങ്ങളിലായി നടന്ന പ്രാർത്ഥനാ സമ്മേളന പരിപാടികൾ വ്യാഴാഴ്ചയാണ് സ്വലാത്ത് നഗറിൽ ആരംഭിച്ചത്. തുടർന്ന് വ്യത്യസ്തങ്ങളായ പരിപാടികൾക്കാണ് സ്വലാത്ത് നഗർ സാക്ഷിയായത്. അസ്മാഉൽ ഹുസ്‌ന സദസ്സ്, കർമ ശാസ്ത്ര മുഖാമുഖം, സി കെ ഉസ്താദ് അനുസ്മരണം, കർമശാസ്ത്ര പഠന ക്ലാസ്, ഇസ്തിഗ്ഫാർ, വിർദുൽലത്വീഫ്, പ്രാർത്ഥന, തസ്ബീഹ് നിസ്‌കാരം, ഖുത്ബിയ്യത്ത്, സ്വലാത്തുൽ ഹുളൂർ തുടങ്ങിയ ആത്മീയ-വൈജ്ഞാനിക പരിപാടികൾ സാദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തിൽ നടന്നു.

സമാപന പരിപാടികൾക്ക് ഇന്നലെ പുലർച്ചെ നാലിന് മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന ആത്മീയ സദസ്സോടെയാണ് തുടക്കമായത്. തുടർന്ന് ഖുർആൻ പാരായണം, ഹദീസ് പഠന ക്ലാസ്, ഖുർആൻ ഹിസ്ബ് ക്ലാസ്, സ്വലാത്തുൽ ഇശ്‌റാഖ്, ഖത്മുൽ ഖുർആൻ, സൂറത്തുൽ കഹ്ഫ് പാരായണം എന്നിവ നടന്നു. ജുമുഅ ഖുതുബ, പ്രഭാഷണം എന്നിവക്ക് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി. തുടർന്ന് അസ്മാഉൽ ബദ്ർ സദസ്സ് നടന്നു. വൈകുന്നേരം നാലിന് നടന്ന ഖത്മുൽ ഖുർആൻ, പ്രാർഥന എന്നിവക്ക് സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി നേതൃത്വം നൽകി. പ്രാർത്ഥനാ സമ്മേളനത്തിനെത്തിയ വിശ്വാസികൾക്ക് സ്വലാത്ത് നഗറിൽ സമൂഹ ഇഫ്താർ ഒരുക്കി.

മലപ്പുറം സ്വലാത്ത് നഗറിൽ നടന്ന പ്രാർത്ഥനാ സമ്മേളന സമാപന സംഗമം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു

ആയിരം തഹ്‌ലീൽ ഉരുവിട്ട ഹദ്ദാദ് റാത്തീബിനും പ്രാർത്ഥനക്കും കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ നേതൃത്വം നൽകി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ലൈലത്തുൽ ഖദ്ർ സന്ദേശ പ്രഭാഷണം നടത്തി. ഭീകരതക്കെതിരെയുള്ള പ്രതിജ്ഞക്കും തൗബ, സമാപന പ്രാർത്ഥന എന്നിവക്കും സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി  നേതൃത്വം നൽകി.
സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സയ്യിദ് ഹബീബ് കോയ തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ത്വാഹാ തങ്ങൾ തളീക്കര, വയനാട് ഹസൻ മുസ്‌ലിയാർ, കെ.കെ അഹ്മദ് കുട്ടി മുസ്‌ലായാർ കട്ടിപ്പാറ, അബുഹനീഫൽ ഫൈസി തെന്നല, സി. മുഹമ്മദ് ഫൈസി, കെ. പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം,  പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, ഡോ. എ.പി അബ്ദുൽ ഹക്കീം അസ്ഹരി, എ.പി അബ്ദുൽ കരീം ഹാജി, മൻസൂർ ഹാജി ചെന്നൈ തുടങ്ങിയവർ സംബന്ധിച്ചു.

 

Latest