Connect with us

Articles

ഫാസിസ്റ്റ് വിരുദ്ധ ചേരിക്ക് ഇനിയെപ്പോള്‍ ചുവടുറക്കും?

Published

|

Last Updated

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യ അതിന്റെ നിലനില്‍പ്പ് തേടുന്ന അതിനിര്‍ണായകമായപൊതു തിരഞ്ഞെടുപ്പിലാണ്. രാജ്യത്ത് ഫണം വിടര്‍ത്തിയാടുന്ന ഫാസിസത്തെ പ്രതിരോധിക്കാന്‍ രാജ്യം ഒന്നാകെ കൈപൊക്കുമ്പോള്‍ ഈ കൈകളെ കോര്‍ത്തു പിടിക്കേണ്ട ചുമതല ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

പതിനേഴാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിന്റെ നാല് ഘട്ടം പിന്നിടുമ്പോഴും ഐക്യ പ്രതീക്ഷകളൊന്നും ദൃശ്യമല്ല. പ്രസംഗങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം എത്രത്തോളം ഫലം കാണുമെന്ന് കണ്ടറിയണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫല ത്തിന് പിന്നാലെ, ഭരണത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലെല്ലാം കാഴ്ചക്കാരായി ഗ്യാലറിയി ലിരിക്കുകയാണ് കോണ്‍ഗ്രസ്. നരേന്ദ്ര മോദിയിലൂടെ ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ഫാസിസത്തെ പ്രതിരോധിക്കാന്‍ ഇവര്‍ക്ക് കഴിയുമോയെന്നത് രാജ്യത്തെ പൗരന്മാരുടെ ആശങ്കയായി നിലനില്‍ക്കുകയാണ്. 249 ലോക്‌സഭാ സീറ്റുകള്‍ കൈവശം വെക്കുന്ന രാജ്യത്തെ വലിയ അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പ്രകടനങ്ങളാണ് ഈ ആശങ്കക്ക് അടിസ്ഥാനം.

80 ലോക്‌സഭാ സീറ്റുകളുള്ള, ഉത്തരേന്ത്യയുടെ പരിച്ഛേദമായ ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് എത്ര സീറ്റുകളാണ് പ്രതീ ക്ഷിക്കാനുള്ളത്? 40 സീറ്റുകളുള്ള ബീഹാറിലും 48 സീറ്റുകളുള്ള മഹാരാഷ്ട്രയിലും 39 സീറ്റുകളുള്ള തമിഴ്‌നാട്ടിലും 42 സീറ്റുകളുള്ള പശ്ചിമബംഗാളിലും കോണ്‍ഗ്രസിന്റെ സ്ഥിതി വ്യത്യസ്തമല്ല. ഇതില്‍ 127 സീറ്റുകള്‍ പങ്കുവെക്കുന്ന ബീഹാര്‍, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷി കളുമായുള്ള സഖ്യത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് 47 സീറ്റുകല്‍ മാത്രമാണ്. ഇതില്‍ തന്നെ 20 സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടി വിജയ പ്രതീക്ഷ പുലര്‍ത്തുന്നത്. എന്നാല്‍ സഖ്യമില്ലാതെ മത്സരിക്കുകയും ശക്തമായ ദേശീയ- പ്രാദേശിക കക്ഷികള്‍ നിലയുറപ്പിക്കുകയും ചെയ്ത ഉത്തര്‍പ്രദേശിലും പശ്ചിമ ബംഗാളിലും കോണ്‍ഗ്രസ് വിജയം ആഗ്രഹിക്കുക മാത്രമാണ് ചെയ്യുന്നത്.

ഫലപ്രദമായി കൂട്ടുകെട്ടുകളില്ലാതെ ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലും വിജയ സാധ്യത തീരെയില്ലെന്നറിഞ്ഞിട്ടും സഖ്യസാധ്യതകള്‍ക്ക് കൈകൊടുക്കാതെ പ്രാദേശിക നേതാക്കളുടെ പിടിവാശിക്കും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കും വേണ്ടി കോണ്‍ഗ്രസ് നേതൃത്വം രാജ്യ താത്പര്യങ്ങളെ ബലികഴിച്ചുവെന്ന് വേണം പറയാന്‍. 122 സീറ്റു കള്‍ വരുന്ന ഇരു സംസ്ഥാനങ്ങളിലുമായി മിക്ക സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ടെങ്കിലും നിലവില്‍ കോണ്‍ഗ്രസിന് രണ്ടിടങ്ങളിലുമായി ആറ് സീറ്റുകള്‍ മാത്രമാണെന്നതാണ് ഏറെ കൗതുകകരം. മാത്രമല്ല ഇവിടങ്ങല്‍ പ്രാദേശിക പാര്‍ട്ടികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ബി ജെ പി വിരുദ്ധ കൂട്ടായ്മക്കും ചെറുത്തുനില്‍പ്പിനും ക്ഷീണമുണ്ടാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ വിശാല മുന്നണിക്കുള്ള എസ് പി, ബി എസ് പി കക്ഷികളുടെ ക്ഷണം നിരസിച്ച കോണ്‍ഗ്രസ് ഇവിടെ ബി ജെ പിക്കെതിരെ ശക്തമായ മത്സരമുയര്‍ത്തുന്ന മുന്നണി സ്ഥാനാര്‍ഥികളുടെ വിജയ സാധ്യതയെ ബാധിക്കുന്ന നിലയിലാണ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയും മത്സരിക്കുന്ന മണ്ഡ ലങ്ങളില്‍ വിശാല സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ രാഷ്ട്രീയ മാന്യത കാണിച്ചു. നിലവില്‍ രാഷ്ട്രീയ അടിത്തറ നഷ്ടമായ ഉത്ത ര്‍പ്രദേശില്‍ ഇത് പരിഹരിക്കാനാവശ്യമായ നടപടികളൊന്നും സ്വീകരിക്കാതെ പ്രിയങ്കാ ഗാന്ധിയുടെ താരത്തിളക്കത്തില്‍ വന്‍ വിജയം കൊയ്യാമെന്ന ആഗ്രഹം മാത്രം കൈയില്‍ വെച്ചാണ് കോണ്‍ഗ്രസ് ഫാസിസത്തിനെതിരെ അങ്കക്കളമൊരുക്കുന്നത്.

രാജ്യത്തെ മൊത്തം സീറ്റിന്റെ പകുതിയോളം വരുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിക്കാവുന്നത് 30ല്‍ താഴെ സീറ്റുകള്‍ മാത്രമാണ്. കേവല ഭൂരിപക്ഷത്തിന് ഇനിയും 240 സീറ്റുകള്‍ വേണം. ഈ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വവും ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് നാലാം ഘട്ടം പിന്നിടുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ചിത്രങ്ങള്‍ രാജ്യത്തിന് നല്‍കുന്നത്.

പ്രാദേശിക കക്ഷികളുടെ തോളിലേറി ഭരണം കൈയാളാമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ ആവശ്യമായി വരുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. പ്രധാനമന്ത്രിസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസ് എന്നാല്‍ പാര്‍ലിമെന്റിലേക്ക് പാര്‍ട്ടിയെഎത്തിക്കുന്നതിന് അനുയോജ്യമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അതിന്റെ നേതൃത്വം തന്നെ പരിശോധിക്കേണ്ടതാണ്.

കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം പ്രസംഗങ്ങളിലും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും മാത്രമാണ് നടന്നിരുന്നതെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. ഇതിനെ സാധൂകരിക്കുന്ന വിധത്തിലുള്ള നിലപാടുകളാണ് സഖ്യ കാര്യങ്ങളിലും സഹകരണത്തിലും പ്രകടമായതെന്നത് വസ്തുതയാണ്.

2014ല്‍ ബി ജെ പി തൂത്തുവാരിയ ഉത്തര്‍പ്രദേശില്‍ ഒരു മഹാസഖ്യത്തിന്റെ പ്രാധാന്യവും പ്രസക്തിയും എല്ലാവര്‍ക്കും ബോധ്യമുണ്ട്. ഉത്തര്‍പ്രദേശില്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം മുന്‍നിര്‍ത്തി പ്രമുഖ പ്രാദേശിക കക്ഷികളായ എസ് പിയും ബി എസ് പിയും ചേര്‍ന്ന് രൂപം നല്‍കിയ മഹാസഖ്യത്തിലേക്ക് നിലവില്‍ രണ്ട് സീറ്റ് മാത്രമുള്ള കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നു. എന്നാല്‍, പ്രാദേശിക ഘടകത്തിന്റെ താത്പര്യങ്ങള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങി. ഇതിനിടെ, ഉത്തര്‍പ്രദേശിലെ വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കുമെന്ന പ്രചാരണം കൊഴുത്തിരുന്നു. എന്നാല്‍ പിന്നീട് പ്രിയങ്കാ ഗാന്ധി മത്സരത്തില്‍ നിന്ന് പിന്‍വലിയുകയായിരുന്നു.

തുടര്‍ന്ന് ഇവിടെ മോദിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള മഹാ സഖ്യത്തിന്റെ ആവശ്യത്തോടും കോണ്‍ഗ്രസ് മുഖം തിരിച്ചിരിക്കുകയാണ്. അതുപോലെ ബീഹാറില്‍ ഇടതുപക്ഷത്തെ വിശാല സഖ്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതും ഫാസിസ്റ്റ് വിരുദ്ധ പ്രതീകമായ കനയ്യ കുമാറിന്റെ കാര്യത്തില്‍ ബെഗുസരായ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചതും ഐക്യത്തിന് എതിരായിരുന്നു. പശ്ചിമ ബംഗാളിലും കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ നിരാശാജനകമായിരുന്നു. ഡല്‍ഹിയിലെ സഖ്യചര്‍ച്ചകളുടെ പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കോണ്‍ഗ്രസിന് ഒളിച്ചോടാനാകില്ല. ഇത്തരം നീക്കങ്ങളില്‍ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തീരുമാ നമെടുക്കാനുള്ള പാര്‍ട്ടികളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാതിരിക്കാം. അതോടൊ പ്പം തന്നെ രാജ്യ താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രതിപക്ഷത്തെ ഫാസിസ്റ്റ് വിരുദ്ധ ചേരിയില്‍ ഏകോപിപ്പിക്കുന്നതിനുള്ള വലിയപ്രതിപക്ഷ കക്ഷിയെന്ന നിലയിലുള്ള കടമയെ കോണ്‍ഗ്രസ് സൗകര്യപൂര്‍വം വിസ്മരിച്ചിരിക്കുന്നു.

കോണ്‍ഗ്രസ് അല്‍പ്പം പ്രതീക്ഷ പുലര്‍ത്തുന്ന രാജസ്ഥാനില്‍ എളുപ്പമുള്ള വിജയം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. എങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോള്‍ ഭരണം കൈവിട്ടെങ്കിലും ബി ജെ പിയുടെ ജനപിന്തുണക്ക് കാര്യമായ ഇടിവ് തട്ടിയിട്ടില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
2014ല്‍ സംസ്ഥാനത്ത് ആകെയുള്ള 13 സീറ്റുകളും ബി ജെ പി വിജയിച്ചിരുന്നു വെങ്കിലും നിലവില്‍ ഭരണമാറ്റത്തിലൂടെയുണ്ടായ മികവ് നില നിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇത്തവണ തിരഞ്ഞെ ടുപ്പില്‍ കോണ്‍ഗ്രസും ബി ജെ പിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാനെന്നതും ശ്രദ്ധയമാണ്.
കഴിഞ്ഞ നാല് വര്‍ഷവും മുന്നണിയില്‍ നിന്നുകൊണ്ടുതന്നെ മോദിയെയും ബി ജെ പിയെയും നിശിതമായി വിമര്‍ശിച്ച ശിവസേനയെ ഒന്നര മണിക്കൂര്‍ കൂടിക്കാഴ്ചയിലൂടെയാണ് മോദിയും അമിത് ഷായും ചേര്‍ന്ന് തങ്ങളുടെ പാളയത്തില്‍ ഉറപ്പിച്ച് നിര്‍ത്തിയത്. പൗരത്വ പ്രശ്‌നത്തിന്റെ പേരില്‍ മുന്നണി വിട്ട അസംഗണ പരിഷത്തിനെയും ബി ജെ പിക്ക് തിരിച്ചു കൊണ്ടുവരാനായി. ഇതില്‍ ബി ജെ പി വിജയിക്കുന്നു. അതേസമയം, രാജ്യത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നടക്കുന്ന അതിനിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ പ്രധാനസംസ്ഥാനങ്ങളില്‍ കൂട്ടുകെട്ടിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നത് കൂട്ടിവായിക്കണം. തിരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ചുള്ള ആശങ്ക കള്‍ നിലനില്‍ക്കെ തന്നെ, ദേശീയ രാഷ്ട്രീയത്തില്‍ ഫാസിസത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന പ്രതീക്ഷയാ ണ് മതനിരപേക്ഷ ഇന്ത്യക്കുള്ളത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം