Connect with us

Kerala

ആരോപണം തിരിഞ്ഞുകുത്തുന്നു; മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

Published

|

Last Updated

കണ്ണൂര്‍: സിപിഎമ്മിനെതിരായ കള്ളവോട്ട് ആരോപണം യുഡിഎഫിനെ തിരിഞ്ഞുകുത്തുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. തളിപ്പറമ്പ് പാമ്പുരുത്തി സ്‌കൂളില്‍ അഞ്ചുപേര്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്

പാമ്പുരുത്തിയിലെ 166ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെളിവായി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഒരാള്‍ തന്നെ ഒന്നിലധികം തവണ വോട്ട് ചെയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. 166 -ാം നമ്പര്‍ ബൂത്തില്‍ 1131-ാം നമ്പര്‍ വോട്ടറായ അനസ്. കെ എന്നയാള്‍ രണ്ടുതവണ വോട്ടു ചെയ്യുന്നതായി ദൃശ്യങ്ങളിലുണ്ട്. 1082-ാം നമ്പര്‍ വോട്ടറായ മുബഷീര്‍. എം, 12-ാം നമ്പര്‍ വോട്ടര്‍ കെ. എം. അര്‍ഷാദ്, 270-ാം നമ്പര്‍ വോട്ടര്‍ ടി.വി മുസ്തഫ എന്നിവരും ഒന്നിലധികം തവണ വോട്ട് ചെയ്യുന്നുണ്ട്. ഇവരെല്ലാം ലീഗ് പ്രവര്‍ത്തകര്‍ ആണന്നാണ് സിപിഎം പറയുന്നത്. കള്ളവോട്ട് തടയാനുള്ള ശ്രമത്തിനിടെ ബൂത്തില്‍ ബഹളമുണ്ടാകുന്നതും ദൃശ്യങ്ങളിലുണ്ട്.

അതിനിടെ, പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. ആഷിഖ് എന്നയാള്‍ 69-ാം നമ്പര്‍ ബൂത്തില്‍ രണ്ടുതവണയും 69-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ മുഹമ്മദ് ഫായിസ് 70-ാം ബൂത്തിലും വോട്ട് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ച രണ്ട് മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് രണ്ടുപേര്‍ക്കും കലക്ടര്‍ നോട്ടിസ് നല്‍കി. ഇവരുടെ വിശദീകരണം കേട്ട ശേഷമാകും കലക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ റിപ്പോര്‍ട്ട് നല്‍കുക.

Latest