Connect with us

National

മോദിയുടെ വാര്‍ധ പ്രസംഗത്തിന് തിരഞ്ഞെടുപ്പു കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നടത്തിയ വിവാദ പ്രസംഗത്തിന് ക്ലീന്‍ ചിറ്റ് നല്‍കി തിരഞ്ഞെടുപ്പു കമ്മീഷന്‍. പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായ പരാമര്‍ശങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

“മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വകുപ്പുകള്‍, ആര്‍ പി ആക്ട്, മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രസംഗം വിശദമായി പരിശോധിച്ചെങ്കിലും പെരുമാറ്റച്ചട്ട ലംഘനമൊന്നും കണ്ടെത്താനായില്ല.”- കമ്മീഷന്‍ പറഞ്ഞു.

ഭൂരിപക്ഷ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടി ഭയപ്പെടുകയാണെന്നും അതുകൊണ്ടാണ് ന്യൂനപക്ഷ സമുദായം ഭൂരിപക്ഷമായ പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അഭയം തേടുന്നതെന്നും മോദി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടില്‍ മത്സരിക്കുന്നതിനെ പരാമര്‍ശിച്ചായിരുന്നു ഇത്.

ഹിന്ദുക്കളെ നിന്ദിച്ചിരിക്കുകയാണ് കോണ്‍ഗ്രസെന്നും
അതിന് ആ പാര്‍ട്ടിക്ക് രാജ്യത്തെ ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കുമെന്നും മോദി പറയുകയുണ്ടായി. വിദ്വേഷാത്മകവും ഹീനവും വിരോധം വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയ മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

Latest