Connect with us

Editorial

കറിമസാല കമ്പനികളും വിഷം തീറ്റിക്കുന്നു

Published

|

Last Updated

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സഊദിക്കും പിന്നാലെ കുവൈത്തും കേരളത്തില്‍ നിന്നുള്ള കറിപ്പൊടികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കയാണ്. മാരകമായ തോതില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ്  നടപടി. ക്യാന്‍സര്‍ തുടങ്ങി ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്ന എത്തിനോള്‍ ഉള്‍പ്പെടെയുള്ള വിഷാംശങ്ങളാണ് കേരളത്തില്‍ വിവിധ ബ്രാന്‍ഡുകളിലായി നിര്‍മിച്ച് വ്യാപകമായി വിറ്റഴിക്കുകയും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്ന കറിപ്പൊടികളില്‍ ചേര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം എറണാകുളം റീജ്യനല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍  കേരളത്തില്‍ നിര്‍മിക്കുന്ന 22 കറിമസാല പൊടികളില്‍ മാരക വിഷാംശം കണ്ടെത്തിയിരുന്നു.
“സേഫ് റ്റു ഈറ്റ” പദ്ധതിയുടെ ഭാഗമായി 2017 ജനുവരിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത സുഗന്ധവ്യഞ്ജനം, മസാലപ്പൊടി സാമ്പിളുകള്‍ വെള്ളായണി കാര്‍ഷിക കോളജിലെ ലാബില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഉയര്‍ന്ന തോതില്‍ വിഷാംശം കണ്ടെത്തിയിരുന്നു. ഏലക്ക, മുളക്‌പൊടി, ചതച്ച മുളക്, ജീരകപ്പൊടി, ജീരകം, ഗരം മസാല, ചുക്ക്‌പൊടി, കശ്മീരി മുളകുപൊടി, ഉലുവ, പെരുംജീരകം എന്നിവയിലായി  ക്യുനാല്‍ഫോസ്, ക്ലോര്‍പെറി ഫോസ്, ബെഫെന്‍ത്രിന്‍, ലാംബ്ഡാ സെഹാലോത്രിന്‍, സൈപര്‍മെത്രിന്‍, ഫെന്‍വാലറേറ്റ്, എത്തിയോണ്‍, ഫൊസലോണ്‍, പ്രൊഫെനോഫോസ്, മീത്തൈല്‍ പാരത്തിയോണ്‍ എന്നീ കീടനാശിനികളുടെ അംശങ്ങളാണ് കണ്ടെത്തിയത്. ഇത്തരം കീടനാശിനികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അമേരിക്കയിലെ കോര്‍നെല്‍ യൂനിവേഴ്‌സിറ്റിയിലും മറ്റും നടന്ന ഗവേഷണങ്ങളില്‍ വ്യക്തമായതാണ്. കുട്ടികളില്‍ വളര്‍ച്ചക്കുറവ്, ജനിതക വൈകല്യം, മുതിര്‍ന്നവരില്‍ മുട്ടുവേദന, കാഴ്ചശേഷി നശിക്കല്‍, അല്‍ഷിമേഴ്‌സ് തുടങ്ങിയവക്കു ഇതു കാരണമാകും.
   പൊടികള്‍ കേടാകാതിരിക്കാന്‍ മാരകമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതിനു പുറമെ  മസാലപ്പൊടികളില്‍  മായം ചേര്‍ക്കലും സാര്‍വത്രികമാണ്. ചോക്ക് പൊടി, യെല്ലോ സോപ്പ് സ്‌റ്റോണ്‍ പൗഡര്‍, മെറ്റാനില്‍ യെല്ലോ എന്നിവ ചേര്‍ന്നതാണ് മാര്‍ക്കറ്റുകളില്‍ നിന്നു വാങ്ങുന്ന മഞ്ഞള്‍പ്പൊടി. കുരുമുളകില്‍ പപ്പായക്കുരു ചേര്‍ക്കുന്നു. മഞ്ഞളിലൊഴികെയുള്ള മസാലപ്പൊടികളില്‍ പൊടിച്ച സ്റ്റാര്‍ച്ച് ചേര്‍ക്കുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമ പ്രകാരം കറിമസാലകളില്‍ സ്റ്റാര്‍ച്ചിന്റെ സാന്നിധ്യമുണ്ടാകാന്‍ പാടില്ല. കടുകില്‍ ആര്‍ഗുമോണ്‍ സസ്യത്തിന്റെ കുരുവാണ് ചേര്‍ക്കുന്നത്. ഗ്രാമ്പൂവിന് ഗുണം നല്‍കുന്നത് അതിലെ എണ്ണയാണ്. എന്നാല്‍ എണ്ണ മുഴുവന്‍ എടുത്താണ് പലപ്പോഴും ഇവ വിപണിയില്‍ എത്തുന്നത്.
  മാധ്യമങ്ങള്‍ക്ക് കോടികളുടെ പരസ്യം നല്‍കിയും ചാനലുകളുടെ വമ്പന്‍ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തും വീട്ടമ്മമാരുടെ ശ്രദ്ധ നേടുകയും ഇഷ്ട ബ്രാന്‍ഡായി മാറുകയും ചെയ്തവയാണ് പ്രമുഖ കറിമസാല പൊടിക്കമ്പനികളില്‍ ഏറെയും. പരിശോധനകളില്‍ ഇവയില്‍ വിഷാംശം കണ്ടെത്തിയാല്‍, പരസ്യങ്ങള്‍ മുടങ്ങുമെന്ന ഭയത്താല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ആ വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. ഇതിനിടെ തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയുടെ വിദേശത്തേക്ക് കയറ്റി അയക്കാനുള്ള മുളകുപൊടി സാമ്പിളില്‍ “സുഡാന്‍ ഡൈ” എന്ന വിഷപദാര്‍ഥം കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍  അതിന്റെ വലിയൊരു ശേഖരം തന്നെ പിടിച്ചെടുത്തു കുഴിച്ചു മൂടുകയുണ്ടായി. അത്ര പ്രചാരമില്ലാത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ മാത്രമാണ് ഈ വാര്‍ത്ത വന്നത്. ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയം മുഖ്യ പത്രങ്ങളെല്ലാം കാണാത്ത ഭാവം നടിക്കുകയായിരുന്നു.
   മല്ലിയും മുളകും വാങ്ങി നന്നായി കഴുകി മില്ലുകളില്‍ നിന്ന് പൊടിച്ചായിരുന്നു പഴയ കാലത്ത് വീട്ടുകാര്‍ കറികളില്‍ ഉപയോഗിച്ചിരുന്നത്. എല്ലാ തരം കറിമസാലകളും സാമ്പാര്‍ പൊടിയും ഇറച്ചി, മീന്‍ മസാലകളും സുലഭമായി മാര്‍ക്കറ്റില്‍ ലഭിക്കാന്‍ തുടങ്ങുകയും പത്രങ്ങളിലും ചാനലുകളിലും വഴിയോരങ്ങളിലും ഇവയുടെ ഗുണമേന്മ വിവരിച്ചു കൊണ്ടുള്ള  തരാതരം പരസ്യങ്ങള്‍ വ്യാപകമാകുകയും ചെയ്തതോടെ മിക്ക കുടുംബങ്ങളും അത്തരം ഉത്പന്നങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഇതിന്റെ ഉത്പാദകരാകട്ടെ,  ഉപഭോക്താക്കളെ സമര്‍ഥമായി വഞ്ചിക്കുകയാണെന്നാണ് പാക്കറ്റ് കറിമസാല പൊടികളിലടങ്ങിയ മാരക വിഷത്തെക്കുറിച്ച റിപ്പോര്‍ട്ടുകള്‍ വിളിച്ചോതുന്നത്. പരസ്യങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന കമ്പനികളുടെ ഉത്പന്നങ്ങളാണ് വിപണിയില്‍ കൂടുതലായി വിറ്റഴിയുന്നത്.
ഇവരുടെ ഉത്പന്നങ്ങളിലാണ് വിഷാംശങ്ങള്‍ കൂടുതലായി അടങ്ങിയിരിക്കുന്നതെന്നാണ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഉത്പന്നങ്ങളില്‍ മായവും കൂടിയ തോതില്‍ വിഷാംശവും കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ പല കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. കമ്പനി ഉടമകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ചില നിബന്ധനകളോടെ പ്രവര്‍ത്തനാനുമതി നല്‍കിയപ്പോള്‍, നിബന്ധനകളെല്ലാം കാറ്റില്‍ പറത്തി പിന്നെയും ഉപഭോക്താക്കളെ മാരക രോഗത്തിന് അടിമകളാക്കുന്ന വിഷം കലര്‍ന്ന ഉത്പന്നങ്ങള്‍ തന്നെയാണ് ഇവര്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. ഇതേക്കുറിച്ച് പരാതി ഉയരുമ്പോള്‍, തങ്ങളല്ല ഇതിന് ഉത്തരവാദികളെന്നും കൃഷിയിടങ്ങളില്‍ തളിക്കുന്ന കീടനാശിനികളുടെ അംശങ്ങളാണ് മുളക് പൊടിയിലും മറ്റും കാണുന്നതെന്നുമാണ് കമ്പനി ഉടമകളുടെ വിശദീകരണം. കാരണക്കാര്‍ ആരായായും ഉപഭോക്താക്കള്‍ക്ക് മായമില്ലാത്ത, വിഷാംശം കലരാത്ത ഉത്പന്നങ്ങള്‍ എത്തിക്കാന്‍ മസാലപ്പൊടി കമ്പനികള്‍ ബാധ്യസ്ഥരാണ്. അവര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കേണ്ടതുണ്ട്. 2006ലെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം തടവും ലഭിക്കാവുന്ന കുറ്റമാണ് ഭക്ഷ്യവസ്തുക്കളില്‍ മാരകമായ മായവും രാസവസ്തുക്കളും ചേര്‍ക്കല്‍. വിദേശ രാജ്യങ്ങളില്‍ ഇവ നിരോധിക്കുമ്പോള്‍ കേരളത്തിന്റെ സത്‌പേര് കൂടിയാണ് നഷ്ടമാകുന്നത്.