Connect with us

National

മധ്യപ്രദേശില്‍ ബി എസ് പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍; സര്‍ക്കാറിനുള്ള പിന്തുണ പുനപ്പരിശോധിക്കുമെന്ന് മായാവതി

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശിലെ ബി എസ് പി സ്ഥാനാര്‍ഥി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ബി എസ് പി അധ്യക്ഷ മായാവതി. ഈ രൂപത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നതെങ്കില്‍ സംസ്ഥാനത്ത് നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ തുടരുന്ന കാര്യത്തില്‍ പുനരാലോചന വേണ്ടിവരുമെന്ന് ട്വിറ്ററില്‍ നല്‍കിയ കുറിപ്പില്‍ മായാവതി വ്യക്തമാക്കി.

മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍ എസ് പി-ബി എസ് പി സഖ്യത്തിന്റെ സ്ഥാനാര്‍ഥി ലോകേന്ദ്ര സിംഗ് രജ്പുത് ആണ് തിങ്കളാഴ്ച ബി എസ് പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജ്യോതിരാദിത്യ സിന്ധ്യക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മെയ് 12നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

“ഭീഷണിപ്പെടുത്തിയും സമ്മര്‍ദം ചെലുത്തിയുമാണ് ബി എസ് പി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് സ്വന്തം തട്ടകത്തിലെത്തിച്ചത്. സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച് ബി എസ് പി ഇതിന് കനത്ത തിരിച്ചടി നല്‍കും. സംസ്ഥാന സര്‍ക്കാറിന് നല്‍കുന്ന പിന്തുണ തുടരണോയെന്ന കാര്യം പുനരാലോചിക്കുകയും ചെയ്യും.”- മായാവതി ട്വീറ്റ് ചെയ്തു. ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന കാര്യത്തില്‍ ബി ജെ പിയെക്കാള്‍ മെച്ചമൊന്നുമല്ല കോണ്‍ഗ്രസെന്ന് ബി എസ് പി നേതാവ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് രണ്ടു സീറ്റ് കൂടി വേണ്ടിയിരുന്ന കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ ബി എസ് പി പിന്തുണ നല്‍കുകയായിരുന്നു. 230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 എം എല്‍ എമാരാണുള്ളത്. ബി എസ്പിക്ക് രണ്ടും. ബി ജെ പി (109), എസ് പി (ഒന്ന്), സ്വതന്ത്രര്‍ (നാല്) എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ കണക്ക്. 116 സീറ്റായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടിയിരുന്നത്.

ബി എസ് പി പിന്തുണ പിന്‍വലിച്ചാല്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.