Connect with us

Kerala

യു ഡി എഫ് തന്ത്രങ്ങള്‍ക്ക് അനുസരിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവര്‍ത്തിക്കുന്നു: കോടിയേരി

Published

|

Last Updated

കണ്ണൂര്‍: കാസര്‍കോട് പിലാത്തറയില്‍ കള്ളവോട്ട് നടന്നിട്ടില്ലെന്നും ആരോപണ വിധേയരുടെ ഭാഗം കേള്‍ക്കാതെ പക്ഷപാതപരമായാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവര്‍ത്തിക്കുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു ഡി എഫ് തന്ത്രങ്ങള്‍ക്ക് അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഫോറം എം 18 അനുസരിച്ച് ചെയ്യുന്ന സഹായി വോട്ട് തന്നെയാണ് പിലാത്തറയില്‍ ചെയ്തത്. തീരെ വയ്യാത്ത വോട്ടറെ എടുത്തുകൊണ്ട് ബൂത്തിനകത്ത് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. അതിനാലാണ് വോട്ടര്‍ ബൂത്തിനുള്ളില്‍ എത്താതിരുന്നത്. വയ്യാത്തവരെ എടുത്തുകൊണ്ടുപോകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യം ഒരുക്കണമെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണ വിധേയരായ വ്യക്തികള്‍ കുറ്റം ചെയ്തു എന്ത് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഉറപ്പിക്കുന്നത്. ആരോപണ വിധേയയായ ഗ്രാമപഞ്ചായത്ത് അംഗം സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ല. നിയമ വിരുദ്ധമാണിത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് അയോഗ്യത കല്‍പ്പിക്കേണ്ടത്.

വെബ്കാസ്റ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങളുടെ പേരില്‍ നടക്കുന്ന മാധ്യമ വിചാരണക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥനല്ല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും യു ഡി എഫ് നേതൃത്വവും നടത്തുന്ന പ്രചരണത്തില്‍ കുടുങ്ങിപോകരുത്.

കണ്ണൂരില്‍ 138ഉം കാസര്‍കോട് 156ഉം ബൂത്തുകള്‍ പ്രശ്‌നബാധിതമാണെന്ന് കണ്ടെത്തി എല്‍ ഡി എഫ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായിരുന്നില്ല. കണ്ണൂരിലെ ലീഗ് കേന്ദ്രങ്ങളിലുണ്ടായ കള്ളവോട്ടും അന്വേഷിക്കണം. ഇപ്പോഴത്തെ ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ സി പി എം തയ്യാറാണെന്നും കോടിയേരി പറഞ്ഞു.

Latest