Connect with us

International

കേരളത്തിലും ചാവേര്‍ ആക്രമണത്തിന് ഐ എസ് പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍

Published

|

Last Updated

കൊച്ചി: കേരളത്തില്‍ ആക്രമണം നടത്താന്‍ ഐ എസിന് നേരത്തെ പദ്ധതിയുള്ളതായി എന്‍ ഐ എ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ അഫ്ഗാനില്‍ നിന്നും സിറിയയില്‍ നിന്നും നിര്‍ദേശം ലഭിച്ചതായാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഐ എസില്‍ ചേര്‍ന്നവരാണ് കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഒപ്പമുള്ളവര്‍ പിന്തുണക്കാത്തതിനാല്‍ നടക്കാതെ പോകുകയായിരുന്നെന്നാണ് മൊഴി.

വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം എത്തുന്ന കൊച്ചിയിലെ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഒപ്പമുള്ളവര്‍ എതിര്‍ത്തെങ്കിലും താന്‍ ഇതിനുവേണ്ട കാര്യങ്ങള്‍ ഒരുക്കി വരികയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.

അതിനിടെ അറസ്റ്റിലായ റിയാസ് അബൂബക്കറിനെ ഇന്ന് കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ദേശീയ അന്വേഷണ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പാലക്കാട് സ്വദേശിയായ റിയാസിന് ഭീകരരുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

റിയാസിനെയും കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍ ഐ എ വ്യക്തമാക്കി.  എന്നാല്‍ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നടന്ന റിക്രൂട്ട്‌മെന്റില്‍ ഇവര്‍ ബന്ധമുള്ളതായി എന്‍ ഐ എ സ്ഥിരീകരിച്ചിട്ടുണ്ട്.

 

Latest