Connect with us

Articles

ഗുജറാത്തില്‍ നിന്നുള്ള കര്‍ഷക പാഠങ്ങള്‍

Published

|

Last Updated

“ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകരെ പെപ്‌സികോ കമ്പനി ദ്രോഹിച്ചിരിക്കുകയാണ്. കുട്ടികളാരും ലെയ്‌സ് കഴിക്കാനേ പാടില്ല. ഇനി ഞാന്‍ ഒരിക്കലും ലെയ്‌സ് കഴിക്കില്ല.” തിരുവനന്തപുരത്തെ നാലാം ക്ലാസ് വിദ്യാര്‍ഥിനി നീലിയുടെ 31 സെക്കന്‍ഡ് നീളുന്ന ഫേസ്ബുക്ക് വീഡിയോയിലെ ചുരുക്കമാണിത്. ഇങ്ങനെ നിരവധി കുട്ടികളാണ് ലെയ്‌സ് ബഹിഷ്‌കരണാഹ്വാനവുമായി സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഏതാനും ദിവസമായി ലെയ്‌സിനെതിരെയും ഉത്പാദിപ്പിക്കുന്ന പെപ്‌സികോക്ക് എതിരെയും ശക്തമായ രോഷപ്രകടനമാണ് സാമൂഹിക മാധ്യമങ്ങളില്‍. പലരുടെയും ഇഷ്ട വിഭവമായ ലെയ്‌സ് എന്തുകൊണ്ടായിരിക്കും അപ്രീതിക്ക് പാത്രമാകാന്‍ മാത്രം കയ്പ്പ് നല്‍കിയിട്ടുണ്ടാകുക? ഉരുളക്കിഴങ്ങാണ് അതിന് കാരണം. പക്ഷേ, ആ ഉരുളക്കിഴങ്ങിന് സാമൂഹികവും മാനവികവുമായ തലവുമുണ്ട്.

ലെയ്‌സിന്റെ കാറ്റും ഉരുളക്കിഴങ്ങ് പൊരിയുമുള്ള പാക്കറ്റ് വാങ്ങാത്തവര്‍ അധികമുണ്ടാകാന്‍ വഴിയില്ല. എഫ് സി 5 ഉരുളക്കിഴങ്ങ് ഇനമാണ് ലെയ്‌സ് കമ്പനി പ്രത്യേക വിഭവമായി പാക്കറ്റില്‍ വില്‍ക്കുന്നത്. ലെയ്‌സ് കമ്പനി രജിസ്റ്റര്‍ ചെയ്തതാണ് ആ ഇനം. ഗുജറാത്തിലെ നാല് കര്‍ഷകര്‍ ഈ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നുവെന്നും അത് പേറ്റന്റ് ലംഘനമാണെന്നും അതിനാല്‍ ഓരോ കര്‍ഷകരും ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ലെയ്‌സ് അഹമ്മദാബാദിലെ നഗര വാണിജ്യ കോടതിയെ സമീപിച്ചു. ഈ ഉരുളക്കിഴങ്ങ് ഇനത്തിന് മേല്‍ സസ്യയിന സംരക്ഷണ അവകാശമാണ് കമ്പനി ഉന്നയിക്കുന്നത്. ഈ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതില്‍ നിന്ന് കര്‍ഷകരെ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ജഡ്ജി മൂള്‍ചന്ദ് ത്യാഗി പുറപ്പെടുവിച്ചിട്ടുണ്ട്. 2001ലെ ദി പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് (പി പി വി എഫ് ആര്‍ എ) പ്രകാരം 2016ലാണ് ലെയ്‌സ് ഉത്പാദിപ്പിക്കുന്ന പെപ്‌സികോ ഇന്ത്യ ഹോള്‍ഡിംഗ് ലിമിറ്റഡ്, എഫ് സി 5 ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കാനുള്ള അവകാശം രജിസ്റ്റര്‍ ചെയ്യുന്നത്. പഞ്ചാബിലെ പെപ്‌സികോയുടെ ലൈസന്‍സ് ഉള്ള കര്‍ഷകരില്‍ നിന്ന് വിത്ത് സമ്പാദിച്ചാണ് ഇവര്‍ ഈ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതെന്നാണ് പെപ്‌സികോയുടെ അവകാശവാദം. കമ്പനിയുടെ അനുമതിയില്ലാതെ കൃഷി ചെയ്യുന്നതിനാല്‍ ചോരണം നടന്നുവെന്നും കൃഷി ചെയ്യുന്നതില്‍ നിന്ന് കര്‍ഷകരെ തടഞ്ഞ് ഇടക്കാല ഇഞ്ചക്ഷന്‍ ഉത്തരവ് നല്‍കണമെന്നുമായിരുന്നു പെപ്‌സികോയുടെ ആവശ്യം. സാമ്പിള്‍ ശേഖരിച്ച് സര്‍ക്കാര്‍ ലാബില്‍ പരിശോധിക്കാന്‍ കോടതി കമ്മീഷണറെ നിയമിച്ചിട്ടുണ്ട്. അന്യായക്കാരന് അനുകൂലമായി ഇഞ്ചക്ഷന്‍ ഉണ്ടായില്ലെങ്കില്‍ വലിയ നഷ്ടമുണ്ടാകുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഒന്നുകൂടി കടന്ന്, കാലതാമസം നീതിയെ പരാജയപ്പെടുത്തുമെന്നും ജസ്റ്റിസ് മൂള്‍ചന്ദ് ത്യാഗി ഉത്തരവില്‍ പറഞ്ഞുവെച്ചിട്ടുണ്ട്. വാര്‍ത്ത സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വലിയ തോതിലുള്ള ജനകീയ രോഷമാണ് അനുഭവപ്പെട്ടത്. തങ്ങളുടെ ഉത്പന്നത്തിന്റെ അസംസ്‌കൃത വസ്തു പാടത്ത് വിളയിക്കുന്ന കര്‍ഷകരില്‍ നിന്ന് ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട പെപ്‌സികോ കമ്പനിയുടെ മനുഷ്യത്വരഹിത ചെയ്തിയില്‍ ഊന്നിയാണ് ആ രോഷം. ഇതിനെ തുടര്‍ന്ന്, വെള്ളിയാഴ്ച കോടതിയില്‍ വാദം കേട്ടപ്പോള്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല പെപ്‌സികോ മുന്നോട്ടുവെച്ചിട്ടുണ്ട്. എഫ് സി 5 ഇനം ഉരുളക്കിഴങ്ങ് വിത്ത് തങ്ങളില്‍ നിന്ന് കര്‍ഷകര്‍ വാങ്ങുകയും വിളയിക്കുന്ന ഉരുളക്കിഴങ്ങ് കമ്പനിക്ക് തന്നെ വില്‍ക്കണമെന്നുമാണ് ആ ഫോര്‍മുല. ഇതുസംബന്ധിച്ച് കര്‍ഷകരുടെ അഭിപ്രായം അടുത്ത വാദം കേള്‍ക്കലില്‍ അറിയിക്കാമെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ജൂണ്‍ 12ന് കോടതി കേസ് വീണ്ടും പരിഗണിക്കും. പെപ്‌സികോക്ക് യാതൊരു നഷ്ടവുമുണ്ടാക്കാത്ത എന്നാല്‍ നേട്ടം മാത്രമുള്ള ഫോര്‍മുല ആണ് ഇതെന്നത് വ്യക്തമാണ്. തങ്ങള്‍ വരച്ച വരയിലേക്ക് കര്‍ഷകരെ എത്തിക്കാനുള്ള കുറുക്കുവഴി. തങ്ങളുമായി സഹകരിച്ചാല്‍ വലിയ വിളവും മെച്ചപ്പെട്ട ഗുണമേന്മയും നിലവാരം കൂടിയ പരിശീലനവും മികച്ച വിലയും കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് പെപ്‌സികോയുടെ അവകാശവാദം. സഹകരണ ഉരുളക്കിഴങ്ങ് കൃഷി പദ്ധതി എന്നാണ് പെപ്‌സികോ ഇതിന് പറയുന്ന പേര്. എന്നാല്‍ ഇത്തരത്തില്‍ കൃഷി ചെയ്യുന്നതിന് ഇരട്ടി ചെലവ് വരുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വളം അടക്കമുള്ളവക്ക് കൂടുതല്‍ ചെലവ് വരുമെന്നാണ് അവരുടെ പക്ഷം.

പെപ്‌സികോയുടെ എഫ് സി 5 രജിസ്റ്റര്‍ ചെയ്തത് യഥാര്‍ഥത്തില്‍ ഇന്ത്യയിലെ കര്‍ഷകരുടെ സംരക്ഷണത്തിന് എന്ന പേരില്‍ കൊണ്ടുവന്ന ദി പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് എന്ന നിയമപ്രകാരമാണ് എന്നത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. നിലവില്‍ പെപ്‌സികോയും റിലയന്‍സും വാള്‍മാര്‍ട്ടും പോലുള്ള വന്‍കിട കമ്പനികളുടെ താത്പര്യമാണ് ഇതിലൂടെ സംരക്ഷിക്കപ്പെടുന്നത്. ഈ നിയമം ഉണ്ടാകുന്നത് തന്നെ ഗാട്ട് ഉടമ്പടി പ്രകാരമുള്ള ഇന്ത്യ നിര്‍ബന്ധമായും കൊണ്ടുവരേണ്ട ട്രിപ്‌സ് (ബൗദ്ധിക സ്വത്തവകാശത്തിന്റെ വ്യാപാര സംബന്ധിയായ വശങ്ങളുടെ കരാര്‍) പ്രകാരമാണ്. സസ്യയിനങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ കര്‍ഷകര്‍ക്കും ജനുസ്സ് വികസിപ്പിക്കുന്നവര്‍ക്കും സഹായകരമാകുന്നു എന്നതാണ് ഇതിന്റെ ആലങ്കാരിക വശമെങ്കിലും സഹായം ലഭിക്കുന്നത് വന്‍കിടക്കാര്‍ക്കാണെന്നതില്‍ സംശയമില്ല. പുതുമ, വൈവിധ്യം, ഏകതാനത, സ്ഥിരത തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെങ്കിലാണ് പുതിയ സസ്യ ഇനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. വിത്തിന്‍മേലുള്ള ഉടമസ്ഥാവകാശം ഇവര്‍ക്ക് ലഭിക്കുന്നു. തലമുറകളായി നാടന്‍ വിത്ത് സംരക്ഷിക്കുന്ന കര്‍ഷക സമൂഹങ്ങളെയും പുതിയ വിത്തുകള്‍ ഉരുത്തിരിച്ചെടുക്കുന്ന ഗവേഷകരെയും സംബന്ധിച്ചിടത്തോളം അവരുടെ വിത്തിന്‍മേലുള്ള അവകാശത്തെ സംരക്ഷിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു നിയമമായിട്ടാണ് പലരും പി പി വി എഫ് ആര്‍ എയെ കരുതുന്നത്. ഈ നിയമത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ പലര്‍ക്കും അങ്ങനെ തോന്നുകയും ചെയ്യുമെങ്കിലും അത്ര നിഷ്‌കളങ്കമല്ല കാര്യങ്ങളെന്ന് കേരള ജൈവ കര്‍ഷക സമിതി ജോയിന്റ് സെക്രട്ടറി കെ പി ഇല്യാസ് ചൂണ്ടിക്കാട്ടുന്നത് ഇവിടെ പരിഗണനീയമാണ്. വിത്ത് കമ്പനികള്‍ക്ക് കര്‍ഷകരുടെ ചെലവില്‍ അവരുടെ പേറ്റന്റ് നിയമങ്ങള്‍ നടപ്പില്‍ വരുത്താനുള്ള നിയമമാണ് ഇപ്പോള്‍ പി പി വി എഫ് ആര്‍ എ. എന്തായാലും ഇത്തരം നിയമങ്ങള്‍ കര്‍ഷകര്‍ക്ക് സ്വതന്ത്രമായി വിത്തുകള്‍ കൈമാറാന്‍ തടസ്സമാണ്. മുമ്പ് പ്രാബല്യത്തിലുണ്ടായിരുന്ന വിത്തു നിയമങ്ങള്‍ പാരമ്പര്യ വിത്തുകള്‍ക്കു മുകളിലുണ്ടായിരുന്ന കര്‍ഷകന്റെ അവകാശങ്ങളില്‍ കൈ കടത്തിയിരുന്നില്ല. ഗവേഷണ സ്ഥാപനങ്ങളും കമ്പനികളും വികസിപ്പിച്ചെടുത്ത വിത്തുകള്‍ക്ക് മുകളില്‍ മാത്രമായിരുന്നു രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനും ബാധകമായിരുന്നത്. എന്നാല്‍ ഈ നിയമം നാടന്‍ വിത്തുകളെപ്പോലും ഈ പരിധിയില്‍ കൊണ്ടു വന്നിരിക്കുന്നു. നമ്മുടെ കര്‍ഷകര്‍ അവരറിയാതെയാണെങ്കിലും ആഗോള മൂലധന ശക്തികളുടെ താത്പര്യങ്ങള്‍ക്ക് ഇരയാകാന്‍ പാടില്ല. അതിനുള്ള ചെറുത്തു നില്‍പ്പുകള്‍ അത്യാവശ്യമാണെന്നും ഇല്യാസ് പറയുന്നു.

ഇത് വെറുമൊരു എഫ് സി 5 ഉരുളക്കിഴങ്ങിന്റെ കാര്യമല്ലെന്നും കര്‍ഷകര്‍ വളര്‍ത്തുന്ന മറ്റ് നിരവധി വിത്തുകളെ ബാധിക്കുന്നതാകും പെപ്‌സികോ കേസെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് കുത്തകകള്‍ക്കും ഇങ്ങനെ അവകാശവാദം ഉന്നയിക്കാനുള്ള ഉരകല്ലായി ഈ കേസും വിധിയും മാറുമെന്ന ആശങ്കയാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. നമ്മുടെ പാടങ്ങളിലേക്ക് ജി എം വിത്തുകള്‍ അവതരിപ്പിച്ച എം എന്‍ സികളുടെ പ്രലോഭനത്തില്‍ വീഴരുതെന്ന് ജതന്‍ ട്രസ്റ്റിന്റെ കപില്‍ ഷാ പറയുന്നത് ഇവിടെ പ്രധാനപ്പെട്ടതാണ്. മേഖലയുടെ ജൈവവൈവിധ്യത്തെ സംബന്ധിച്ചാണ് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നതെന്നും പ്രകൃതിയുടെ ജൈവവൈവിധ്യ ഉടമസ്ഥാവകാശം കര്‍ഷകര്‍ തിരികെ പിടിക്കണമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു കൂടിയാണ്, ഗുജറാത്ത് കര്‍ഷകര്‍ക്കെതിരായ വ്യാജ കേസ് പിന്‍വലിക്കാന്‍ പെപ്‌സികോ ഇന്ത്യയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് 190ലേറെ സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്.

ഇവിടെ ശ്രദ്ധിക്കേണ്ടത്, വിത്തുത്പാദനവും സംരക്ഷണവുമെല്ലാം നമ്മുടെ പ്രപിതാക്കള്‍ പാരമ്പര്യമായി ചെയ്തുവരുന്നവയായിരുന്നു. പ്രകൃതിയിലുള്ളതാണ് അക്കാര്യങ്ങളെല്ലാം. ഇന്നും അഞ്ഞൂറ് വര്‍ഷം മുമ്പുള്ള വിത്ത് തനതായ രീതിയില്‍ സംരക്ഷിക്കുന്ന കര്‍ഷകരുണ്ട്. വയനാട് മാനന്തവാടി ചെറുവയല്‍ രാമനെ പോലുള്ളവര്‍ ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ഈ വിത്തില്‍ ജനിതക മാറ്റങ്ങള്‍ വരുത്തിയും മറ്റ് കാലാവസ്ഥയിലുള്ള സമാന വിളയുടെ വിത്തിനെ സംയോജിപ്പിച്ച് സങ്കരയിനങ്ങളാക്കിയുമൊക്കെയാണ് കുത്തക കമ്പനികള്‍ ഉത്പാദന കുതിച്ചുചാട്ടം, കൂടുതല്‍ ലാഭം, കുറഞ്ഞ ചെലവ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി കര്‍ഷകരെ കൈയിലെടുത്തത്. ഫലമോ, ഓരോ തവണ കൃഷി ചെയ്യുമ്പോഴും പുതിയ വിത്ത് വില നല്‍കി വാങ്ങേണ്ടി വരുന്നു കര്‍ഷകര്‍ക്ക്. അതായത്, പഴയ വിത്തില്‍ നിന്ന് പുതിയ വിത്ത് രൂപാന്തരപ്പെടുത്തുന്ന പാരമ്പര്യ പ്രക്രിയ നടക്കുകയില്ല. ബി ടി വിത്തിനങ്ങളൊക്കെ അങ്ങനെയാണ് നമ്മുടെ പാടങ്ങളിലേക്ക് എത്തിയതും കര്‍ഷകരുടെ നടുവ് മാത്രമല്ല കഴുത്തും ഒടിച്ചതും. അതിന്റെ മറ്റൊരു പതിപ്പാണ് ഇത്തരം പേറ്റന്റ് രജിസ്‌ട്രേഷനിലൂടെ നടക്കുന്നത്. പെപ്‌സികോയുടെ പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തിട്ടല്ലേ അവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്, അതിലെന്താണ് തെറ്റെന്ന് ചോദിക്കുന്നവരുണ്ടാകും. പ്രസ്തുത വിത്തും കര്‍ഷകര്‍ കാലങ്ങളായി കൃഷി ചെയ്യുന്നവയാണ്. കര്‍ഷകനാണ് വിവിധ ഇനത്തിലുള്ള വിത്തുകള്‍ വികസിപ്പിച്ചതും പരീക്ഷിച്ചതുമെല്ലാം. മാത്രമല്ല, വിവിധ ദേശങ്ങളിലുള്ള കര്‍ഷകര്‍ വിത്തുകള്‍ കൈമാറുന്നത് സാധാരണയാണ്. അങ്ങനെ ഉത്പാദിപ്പിക്കുന്ന വിവിധ ഇനത്തിലുള്ള വിത്തുകളിലൊന്നിന്റെ പേറ്റന്റ് നേടിയാണ് പെപ്‌സികോ നിലവില്‍ ഗുജറാത്ത് കര്‍ഷകരില്‍ നിന്ന് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളീയമായി ചിന്തിച്ചാല്‍, ആഗോള രംഗത്ത് ചക്കയുടെ വിപണിമൂല്യം വരും കാലങ്ങളില്‍ വര്‍ധിക്കുകയും ഏതെങ്കിലും വന്‍കിട കമ്പനി പ്രത്യേകയിനം പ്ലാവിന്റെ ചെടി ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ ചെയ്യുകയും നമ്മുടെ പറമ്പില്‍ വിളഞ്ഞുനില്‍ക്കുന്ന സമാന ഇനം ചക്ക ബൗദ്ധിക സ്വത്തവകാശം ലംഘിച്ചുവെന്ന് കാണിച്ച് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രസ്തുത കമ്പനി നാളെ നമുക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്താല്‍?