Connect with us

National

തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എം എല്‍ എമാര്‍ കൂടെവരുമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എം എല്‍ എമാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂറുമാറി ബി ജെ പിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിങ്ങളെ വിട്ട് എം എല്‍ എമാര്‍ ഓടിപ്പോകുമെന്ന് മമത ബാനര്‍ജിയോടായി പ്രധാനമന്ത്രി പറഞ്ഞു. സെറാംപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് മോദിയുടെ വിവാദമായേക്കാവുന്ന അവകാശവാദം.

ദീദി നിങ്ങളുടെ എം എല്‍ എമാര്‍ ബി ജെ പിയുമായി നിരന്തരമായി ബന്ധം പുലര്‍ത്തുന്നുണ്ട്. 23ന് ഫലം വന്നാല്‍ അവര്‍ നിങ്ങളെവിട്ട് ഓടിപ്പോകും. അവര്‍ എന്നോടും ബന്ധം പുലര്‍ത്തുണ്ട്. തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും താമര വിരിയും- മോദി പറഞ്ഞു. 40 എം എല്‍ എമാരെ ഒറ്റയടിക്ക് ചാക്കിട്ട് പിടിക്കുമെന്ന മോദിയുടെ അവകാശവാദം ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയേക്കുമെന്ന കാര്യം വ്യക്തമാണ്. ഇതിന് തുടക്കമെന്നോണം മോദി കുതിരക്കച്ചവടം നടത്താന്‍ ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് തൃണമൂല്‍ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തൃണമൂലിന്റെ തീരുമാനം. പോളിംഗ് നടക്കുന്ന ദിവസം ഇത്തരത്തിലൊരു പ്രസംഗം നടത്തുന്നത് ചട്ടലംഘനമാണെന്നും തൃണമൂല്‍ പരാതിപ്പെടുന്നു.

ബംഗാളില്‍ ആകെ 295 സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ ഇതില്‍ 211 സീറ്റുകളും നേടി വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മമതാ ബാനര്‍ജി അധികാരത്തിലെത്തിയത്. കേവലഭൂരിപക്ഷം 148 സീറ്റുകളാണ് ബംഗാള്‍ നിയമസഭയില്‍. 40 എം എല്‍ എമാര്‍ കൂട്ടത്തോടെ ക്യാമ്പ്് വിട്ടാലും അധികാരത്തിന് ത്രാത്കാലിക പ്രശ്‌നമൊന്നും വരില്ല.