Connect with us

International

ഇന്തോനേഷ്യയിലെ തിരഞ്ഞെടുപ്പ്: അമിത ജോലിഭാരത്താല്‍ മരിച്ചത് 272 ഉദ്യോഗസ്ഥര്‍;1,878 അസുഖ ബാധിതര്‍

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുപ്പ് ജോലിയിലേര്‍പ്പെട്ട 272 ഉദ്യോഗസ്ഥര്‍ മരിച്ചതായി വെളിപ്പെടുത്തല്‍ . അമിത ജോലിഭാരത്തെത്തുടര്‍ന്നുള്ള വിവിധ ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്ന് അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം കൊണ്ട് സമാധാനപരമായി പൂര്‍ത്തീകരിച്ച ലോകത്തിലെ ഏറ്റവും വലിയ ദേശീയ തിരഞ്ഞെടുപ്പെന്നാണ് ഇന്തോനേഷ്യയിലെ തിരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെട്ടത്. ഏപ്രില്‍ 17നായിരുന്നു തിരഞ്ഞെടുപ്പ്. 19.3 കോടി വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. ഇവര്‍ക്കായി എട്ട് ലക്ഷത്തോളം പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയത്.

80 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഓരോ വോട്ടര്‍ക്കും അഞ്ച് ബാലപ്പ് പേപ്പര്‍ വീതമാണ് നല്‍കിയിരുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ബാലറ്റ് പേപ്പറുകള്‍ എണ്ണിത്തീര്‍ക്കുകയെന്നത് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത വെല്ലുവിളിതന്നെയായിരുന്നു. ശനിയാഴ്ചവരെയുള്ള കണക്ക് പ്രകാരം വോട്ടെണ്ണല്‍ ചുമതലയുണ്ടായിരുന്ന 272 പേര്‍ അമിത ജോലിമൂലമുണ്ടായ വിവിധ അസുഖത്താല്‍ മരണപ്പെട്ടുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് അരീഫ് പ്രിയോ സുസാന്റോയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 1,878 ഉദ്യോഗസ്ഥര്‍ അസുഖ ബാധിതരുമാണ്. അതേ സമയം മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. വ്യാപകമായി ഉദ്യോഗസ്ഥര്‍ മരിച്ചതിനെതിരെ രാജ്യത്ത് വലിയ വിമര്‍ശവും പ്രതിഷേധവുമാണ് ഉയരുന്നത്.

Latest