Connect with us

Gulf

ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിന് പ്രൗഢ സമാപനം

Published

|

Last Updated

ഷാര്‍ജ: കുരുന്നുകള്‍ക്ക് വായനയുടെ പുതു ലോകം സമ്മാനിച്ച് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിന് പ്രൗഢ സമാപനം. കഴിഞ്ഞ 17ന് ആരംഭിച്ച വായനോത്സവം 11 നാളുകള്‍ നീണ്ടു നിന്നു. കുരുന്നുകള്‍ക്കിടയില്‍ വായനാ സംസ്‌കാരം വളര്‍ത്തുന്നതിന് ക്രിയാത്മക ഇടപെടലുകള്‍ക്ക് മാതൃകകള്‍ ഒരുക്കുന്ന ശില്‍പശാലകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ചര്‍ച്ചാ വേദികള്‍ എന്നിവ വായനോത്സവത്തോടനുബന്ധിച്ച് നടന്നിരുന്നു. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍ത്വത്തിലാണ് വായനോത്സവം അരങ്ങേറിയത്. ഷാര്‍ജ ബുക് അതോറിറ്റിയാണ് സംഘാടകര്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ലൈബ്രറി പ്രവര്‍ത്തകര്‍ എന്നിവര്‍ നവ ലോകത്തെ വായനയുടെ തലങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള ആശയങ്ങളും ഉപാധികളും വായനോത്സവത്തില്‍ ചര്‍ച്ചാ വിധേയമാക്കിയിരുന്നു.
18 രാജ്യങ്ങളില്‍ നിന്ന് 167 പ്രസാധകരാണ് പവലിയനുകള്‍ ഒരുക്കിയത്. ഉദ്ഘാടന ദിവസം ശൈഖ് ഡോ. സുല്‍ത്താന്‍ പവലിയനുകള്‍ സന്ദര്‍ശിച്ചു. അച്ചടി പുസ്തകങ്ങള്‍ക്ക് പുറമെ ഡിജിറ്റല്‍ പുസ്തകങ്ങളും ധാരാളമായി സ്ഥാനം പിടിച്ചിരുന്നു. പ്രത്യേക പ്രദര്‍ശനം, ഭാവി മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനുള്ള ശില്‍പശാല, പ്രസംഗ പരിശീലനം, സമുദ്രത്തിന്റെ ആഴിയിലെ അത്ഭുതങ്ങളിലേക്കുള്ള ചെറു യാത്രകള്‍ ഒരുക്കുന്നതിനായുള്ള പ്രദര്‍ശനങ്ങള്‍, കുട്ടികളില്‍ ചിത്ര രചന പ്രോത്സാഹിപ്പിക്കാനായി 55 രാജ്യങ്ങളില്‍ നിന്ന് 320 ചിത്രകാരന്മാരുടെ പരിശീലന കളരികള്‍ തുടങ്ങിയവ വായനോത്സവത്തിന്റെ ഭാഗമായി നടന്നിരുന്നു.
കുട്ടികളുടെ സുരക്ഷിതത്വത്തിന് സാമൂഹിക അവബോധമുണ്ടാക്കാന്‍ മൂന്നു ലഘുപുസ്തകങ്ങള്‍ വായനോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കി. ഫാമിലി അഫയേഴ്‌സ് സുപ്രീം കൗണ്‍സില്‍ ഡിപ്പാര്‍ട്മെന്റിലെ കുട്ടികളുടെ സുരക്ഷാ വിഭാഗം കലിമ പബ്ലിഷേഴ്‌സുമായി ചേര്‍ന്നാണ് പുസ്തകം ഇറക്കിയത്. റീം അല്‍ ഗുര്‍ഗ് രചിച്ച മോര്‍ണിംഗ് റേസ്, സഹര്‍ നാജ മഹ്ഫൂസ് രചിച്ച മസൂദ് ദി ചാമ്പ്യന്‍, സബാഹ് ദീബിയുടെ പിക്നിക് ഇന്‍ ദി സൂഖ് എന്നിവയാണ് ശൈഖ് സുല്‍ത്താന്‍ പുറത്തിറക്കിയത്.

Latest