Connect with us

Gulf

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍ക്കായി നിയമ നിര്‍മാണം

Published

|

Last Updated

ദുബൈ: ദുബൈ എമിറേറ്റിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവനങ്ങളെ കുറിച്ച് പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് നിയമ നിര്‍മാണത്തിനായി ഉത്തരവിറക്കിയത്.

എക്‌സിക്യൂടീവ് കൗണ്‍സില്‍ റെസൊല്യൂഷന്‍ നമ്പര്‍ 4/2019 ഉത്തരവാണ് ശൈഖ് ഹംദാന്‍ പുറപ്പെടുവിച്ചത്. ജീവനക്കാര്‍ക്കിടയില്‍ അച്ചടക്ക പ്രവണത വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് നിയമ നിര്‍മാണം. തൊഴില്‍ ശക്തിയുടെ സമുന്നതമായ ശാക്തീകരണത്തിന് പുതിയ ഉത്തരവ് വഴിയൊരുക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സിവിലിയന്‍ ജീവനക്കാരെയാണ് ഉത്തരവിന്റെ ഭാഗമാക്കുക. മാനവ വിഭവശേഷി നിയമം ബാധകമാകുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉത്തരവും ബാധകമാകും. ഇത്തരത്തില്‍ ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഉത്തരവ് ബാധകമാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ അച്ചടക്കരാഹിത്യത്തിന്റെ പേരില്‍ നിയമമനുസരിച്ച് പരാതികള്‍ നല്‍കാം. അതാത് വകുപ്പ് മേധാവികളാണ് പരാതികള്‍ അന്വേഷിച്ച് തീര്‍പ് കല്‍പിക്കേണ്ടത്. പരാതികള്‍ ശരിയാണെന്ന് കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
ഇതിനായി ഒന്നോ രണ്ടോ പേരടങ്ങുന്ന അന്വേഷണ സമിതിയെ രൂപപ്പെടുത്തണം. ഭരണ നിയമ ലംഘനങ്ങള്‍ക്കായുള്ള കമ്മറ്റി എന്നാണ് ഇതിന് നാമകരണം ചെയ്യുക. 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പിക്കുകയും നടപടിയുടെ വിശദാംശങ്ങള്‍ നല്‍കുകയും വേണം.
മുന്നറിയിപ്പ് പത്രിക, 15 ദിവസത്തെ വേതനം കുറക്കുക എന്നീ ശിക്ഷാ നടപടികളാണ് നിയമ ലംഘകരായ തൊഴിലാളികള്‍ക്കെതിരെ സ്വീകരിക്കുക. ലംഘനങ്ങള്‍ തുടര്‍ന്നാല്‍ വര്‍ഷത്തില്‍ 60 ദിവസത്തെ വരെ വേതനം കുറക്കും. ദുബൈ ഗവണ്‍മെന്റിന്റെ മാനവ വിഭവശേഷി വിഭാഗം അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്ന സമിതികളുടെ അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Latest