Connect with us

Kozhikode

എസ് എസ് എഫ് സ്ഥാപക ദിനം: ജില്ലാ കേന്ദ്രങ്ങളിൽ നാളെ ഉണർത്തു സമ്മേളനം

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് നാൽപത്തി ഏഴാമത് സ്ഥാപകദിനം നാളെ രാജ്യമൊട്ടുക്കും വൈവിധ്യപൂർണ്ണമായ പരിപാടികളോടെ ആഘോഷിക്കും. സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി യൂണിറ്റുകളിൽ പ്രഭാതഭേരി, പതാക ഉയർത്തൽ, സൗഹൃദ സംഗമങ്ങൾ, മധുരവിതരണം, സന്ദേശ പ്രഭാഷണം
തുടങ്ങി വിവിധ പരിപാടികൾ നടക്കും.

1973 ൽ കേരളത്തിൽ സ്ഥാപിതമായ സംഘടനക്ക് ഇന്ന് രാജ്യമെമ്പാടുമായി പതിനായിരത്തിലധികം യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
അക്രമോത്സുക രാഷ്ട്രീയത്തിന്റെ നഴ്സറികളായി കലാലയങ്ങൾ രൂപപ്പെട്ടു വന്ന എഴുപതുകളിലെ ഭീതിതമായ പരിസരത്തു നിന്നാണ് സമരോത്സുക വിദ്യാർത്ഥിത്വത്തിന്റെ ധാർമിക ബദൽ ഉയർത്തി എസ് എസ് എഫ്. പിറവിയെടുത്തത്.

അറബി പാഠ പുസ്തകങ്ങളിലെ സലഫി പക്ഷ തീവ്രവാദ ആശയങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എസ് എസ് എഫ് നടത്തിയ പാഠപുസ്തക സമരം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പാൻ മസാല വിരുദ്ധ സമരം, പാലപ്പറ്റ ആദർഷ പ്രക്ഷോഭം, ആണവ വിരുദ്ധ സമരം, സാമ്പത്തിക ചൂഷണങ്ങൾക്കെതിരായ ചൂതാട്ട വിരുദ്ധ പ്രക്ഷോഭം തുടങ്ങി നിരവധി സമര മുന്നേറ്റങ്ങൾ ഇക്കാലയളവിൽ സംഘടനയുടെ നേതൃത്വത്തിൽ നടന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ദേശീയ വിദ്യാർഥി സമ്മേളനത്തിൽ രാജ്യവ്യാപകമായ കർമ്മ പദ്ധതികൾ സംഘടന പ്രഖ്യാപിച്ചിരുന്നു. ഹയർ സെക്കൻഡറി തലം വരെ രാജ്യത്തെ മുഴുവൻ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകരെ ഉപയോഗപ്പെടുത്തി പ്രവർത്തന പദ്ധതികൾ ദേശീയ കമ്മറ്റി പ്രഖ്യാപിക്കുകയുണ്ടായി.
കർമ്മരേഖ യുടെ ചുവടുപിടിച്ച് രാജ്യവ്യാപകമായി നടപ്പിൽ വരുത്തുന്ന പ്രവർത്തന പദ്ധതികളുടെ സന്ദേശങ്ങൾ
സ്ഥാപക ദിനത്തിൽ പ്രവർത്തകർക്ക് കൈമാറും.

രാവിലെ യൂണിറ്റുകളിൽ പ്രഭാതഭേരിയോടെ ആരംഭിക്കുന്ന സ്ഥാപക ദിന പരിപാടികൾ വൈകുന്നേരം ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന ഉണർത്തു സമ്മേളനങ്ങളോടെ സമാപിക്കും. സംഘടനയുടെ യുടെ നാൽപത്തിയേഴ് വർഷങ്ങൾ അടയാളപ്പെടുത്തുന്ന ഉണർത്തു സമ്മേളനങ്ങൾ പതിനായിരങ്ങൾ ഒത്തുചേരുന്ന സമ്പൂർണ്ണ പ്രവർത്തക സംഗമങ്ങളായി മാറും. ഉണർത്തു സമ്മേളനങ്ങൾക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് ജില്ലാകേന്ദ്രങ്ങളിൽ നടന്നു വരുന്നത്. ധാർമികമൂല്യങ്ങളും സദാചാര ധർമ്മങ്ങളും മുറുകെ പിടിച്ച് കൊണ്ട് സഹജീവിക്ഷേമവും സൗഹൃരാഷ്ട്രത്തിന്റെ നിർമിതിയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതിനുള്ള പ്രതിജ്ഞവേദികളായി സമ്മേളനങ്ങൾ മാറും. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെയും വിപണന മാഫിയകളെയും പ്രതിരോധിക്കാനാവശ്യമായ കർമ്മ പദ്ധതികൾക്ക് സമ്മേളനം രൂപം നൽകും.
വിവിധ ജില്ലകളിൽ നടക്കുന്ന സമ്മേളനങ്ങളിലായി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി, ബേക്കൽ ഇബ്രാഹിം മുസ് ലിയാർ, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, അബൂ ഹനീഫൽ ഫൈസി തെന്നല, സയ്യിദ് ത്വാഹ തങ്ങൾ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, എച്ച് ഇസ്സുദ്ധീൻ കാമിൽ സഖാഫി, ഡോ മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങിയ പ്രമുഖരായ പണ്ഡിതരും നേതാക്കളും പ്രവർത്തകരെ സംബോധന ചെയ്യും.

Latest