Connect with us

Kasargod

ശ്രീലങ്കന്‍ സ്‌ഫോടനം: കാസര്‍കോട്ട് രണ്ട് വീടുകളിലും പാലക്കാട്ട് ഒരിടത്തും എന്‍ഐഎ റെയ്ഡ്

Published

|

Last Updated

കാസര്‍കോട്: കൊളംബോ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് രണ്ട് വീടുകളിലും പാലക്കാട്ട് ഒരിടത്തും എന്‍ഐഎ റെയ്ഡ്. കാസർകോട് വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലും പാലക്കാട് കൊല്ലംകോട്ടെ ഒരു വീട്ടിലുമാണ് ഞായറാഴ്ച റെയ്ഡ് നടന്നത്. കാസർകോട്ടെ റെയ്ഡിൽ മൊബൈല്‍ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച കൊച്ചി എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കാസർകോട് സ്വദേശികൾക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന തീവ്ര സലഫി പ്രചാരകന്‍ സഹ്‌റാന്‍ ഹാഷിമുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. സഹ്‌റാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു ഇരുവരുമെന്ന് എന്‍ഐഎക്ക് സൂചന ലഭിച്ചിരുന്നു. ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെ തികച്ചും രഹസ്യമായാണ് റെയ്ഡ് നടത്തിയത്.

സഹ്‌റാന്‍ ഹാഷിം കേരളം സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലപ്പുറം, ആലുവ പാനായിക്കുളം എന്നിവിടങ്ങളില്‍ ഇയാള്‍ പ്രഭാഷണം നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ ഇയാള്‍ക്ക് വേരുകളുണ്ടെന്ന കണ്ടെത്തലാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിക്കാന്‍ കാരണം.

ഏപ്രില്‍ 21 ന് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 250ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest