Connect with us

Ongoing News

അധ്യാപകൻ ഇരിക്കേണ്ടത് പുഴക്കരയിലോ കടപ്പുറത്തോ?

Published

|

Last Updated

ഒരു കാര്യം പ്രത്യേകം ഓർമിപ്പിക്കുകയാണ്. നിങ്ങൾ ആരെങ്കിലും അർശാദിനെ എവിടെ വെച്ചെങ്കിലും കണ്ടുമുട്ടിയാൽ അറിഞ്ഞ വാറാക്കരുത്. മിക്കവാറും ഡ്രൈവിംഗ് സ്‌കൂളുകളിൽ വെച്ചാണ് അവനെ കണ്ടുമുട്ടാൻ സാധ്യത. അധികവും നീലക്കളർ കുപ്പായമാണ് ധരിക്കുക. തുറന്നുപിടിച്ച വായയാണ്. പല്ലുകൾ ക്രമരഹിതമായി വളർന്നതാണ്. ഇരുനിറമാണ്. നല്ല തടിയുണ്ട്. ഉണ്ടക്കണ്ണുകളാണ്. ഇതിലധികം തിരിച്ചറിയൽ ചിഹ്നങ്ങൾ നൽകാൻ ഇനി നിവൃത്തിയില്ല.

ഇപ്പോൾ ഇരുപത്തെട്ടോ ഇരുപത്തൊമ്പതോ വയസ്സായിക്കാണും. പഠിക്കുന്നന്ന് തനി പടുവായിരുന്നു. പത്ത് വരെ പഠിച്ചിട്ട് സ്വന്തം പേരെഴുതാൻ അറിയില്ല എന്നുപറഞ്ഞാൽ അറിയില്ല എന്ന് തന്നെ. അലങ്കാരമായി പറയുകയാണെന്ന് വിചാരിക്കണ്ട. ക്ലാസിൽ മാഷമ്മാർ ചോദ്യം ചോദിച്ചിങ്ങനെ വരുമ്പോൾ, കവിത ചൊല്ലിച്ചിങ്ങനെ വരുമ്പോൾ, അർശാദിന് പോലും ഒരിറ്റ് ആക്ഷേപമില്ല. ഒന്നും അറിഞ്ഞുകൂടാത്ത ആനമരപ്പൊട്ടനാണ് ഞാൻ എന്നത് മാത്രമാണ് അർശാദിന് ആകെ അറിയുന്ന ഒരു കാര്യം. ഏറെക്കാലം മദ്‌റസയിലും സ്‌കൂളിലും ചെന്നിരുന്ന് പഠിച്ചപ്പോൾ കിട്ടിയതാണുതാനും ആ പാഠം. ഒരാൾ ഒട്ടും അറിവില്ലാത്തവനാണ് എന്ന് തെളിയിക്കാൻ വേണ്ടി നിങ്ങളീ പള്ളിക്കൂടങ്ങൾ നടത്തണോ എന്ന് ചോദിക്കാനുള്ള വെളിവും ഈ അർശാദിനില്ല.

വീട്ടിൽ നിന്ന്, സുഹൃത്തുക്കളിൽ നിന്ന്, മാഷമ്മാരിൽ നിന്ന്, ടീച്ചർമാരിൽ നിന്ന്, ഉസ്താദുമാരിൽ നിന്നുമൊക്കെ അർശാദിന് കിട്ടിയത് താൻ പൊട്ടനാണെന്നതിനുള്ള ആവർത്തനപരമായ തെളിവുകളാണ്. അവരാരും ഒരിക്കൽ പോലും അവനോടൊരു നല്ല വാക്ക് പറഞ്ഞില്ല എന്നോ ഒരിക്കലെങ്കിലും ഒരു നല്ല വാക്ക് പറയിക്കാനുള്ള നല്ല ഒന്നും അവന്റെയടുക്കലില്ല എന്ന് പറയലാണോ ശരി എന്നെനിക്ക് തിരിഞ്ഞുകിട്ടുന്നില്ല. അർശാദിന്റെ ഓർമയിൽ ആദ്യമായി നല്ല വാക്കിന്റെ കുഞ്ഞിനെയെങ്കിലും കിട്ടിയത് ചക്കര നസീറിൽ നിന്നാണ്. എന്തുകൊണ്ടാണ് നസീറ് ചക്കരയെന്ന കൂട്ടുപേരു സഹിതം അറിയപ്പെടുന്നത് എന്നതിന്റെ രഹസ്യം എനിക്കറിയാമെങ്കിലും അത് വ്യക്തി ബന്ധത്തിന് വിള്ളലുണ്ടാകും എന്ന ഭീതി കാരണം ഇപ്പോൾ വെളിപ്പെടുത്താൻ ഉദ്ദേശ്യമില്ല. ചക്കരക്ക് അർജന്റായി മാനന്തവാടിയിൽ പോകണം. ജീപ്പ് പൊടിപുരണ്ട് കോലക്കേടായിരിക്കുന്നു. അങ്ങനെയാണ് സ്‌കൂളിൽ പോകുകയായിരുന്ന അർശാദിനെ തടഞ്ഞുപിടിച്ച് വണ്ടി കഴുകിപ്പിച്ചത്. അർശാദ് ആ ജീപ്പിനെ മിനുമിനുക്കിക്കൊടുത്തു. ടയറിന്റെ പുറങ്കുഴികൾ പോലും ചേരിവെച്ചുരച്ച് കഴുകുക വഴി നിക്കാഹിനിറങ്ങുന്ന പുതിയാപ്പിള പോലെയായി നാസറിന്റെ ലക്കഡ ജീപ്പ്.

ചക്കര പത്ത് രൂപ ചായപ്പൈസ കൊടുത്തതിന് പുറമെ, നന്നായി അവനെ അനുമോദിച്ചു. അങ്ങനെ ജീവിതത്തിലാദ്യമായി തന്നെക്കൊണ്ടും വല്ലതുമൊക്കെ പറ്റുമെന്നും നല്ല വാക്കുകൾ എനിക്കും അവകാശപ്പെട്ടതാണെന്നും അർശാദ് തിരിച്ചറിഞ്ഞു. ആദ്യമായി കിട്ടിയ അവാർഡ് ഫലകം പോലെ അർശാദ് ആ അനുഭവം മനസ്സിൽ സൂക്ഷിച്ചെങ്കിലും തുടർന്ന് ഒരിടത്തു നിന്നും ഒന്നും കിട്ടിയില്ല. കഴുകലിൽ കഴിവ് തെളിയിച്ച് പോലും, ചക്കര പിന്നെ രണ്ടാമതൊരു തവണ വണ്ടി കഴുകിച്ചില്ല. എങ്കിലും അവന് ആദ്യമായി അനുമോദനം നേടിക്കൊടുത്ത ആ വണ്ടിയെ അവൻ പ്രണയിച്ചിരുന്നു. ക്രമേണ ചുറ്റിപ്പറ്റി കളിച്ച് കളിച്ച് ഡ്രൈവിംഗിന്റെ എ ബി സി ഡി പഠിച്ചെടുത്തു. പതിനെട്ടാം വയസ്സിൽ ലൈസൻസ് കരസ്ഥമാക്കി. പക്ഷെ, ജീവിതത്തിൽ ഏറ്റവുമധികം വാഴ്ത്തുവാക്കുകൾ അർശാദിന് കിട്ടിയത് അവിടെവെച്ചായിരുന്നു. അവന്റെ എടുപ്പ്, വളക്കൽ, ഒടിക്കൽ, സൈഡാക്കൽ, റിവേഴ്‌സടി ഒക്കെ അത്ഭുതകരമായിരുന്നു. സുബ്രഹ്മണ്യൻ എന്നൊരാളായിരുന്നു ഡ്രൈവിംഗ് മാഷ്. ഇത്രയും കൃത്യമായി, ഇത്ര ചെറുപ്പത്തിൽ ഡ്രൈവിംഗ് പൂർത്തിയാക്കി മറ്റൊരാളെ അയാൾ ഇതുവരെ കണ്ടിട്ടില്ലപോൽ. ലേണിംഗിന് പോയിരുന്ന ദിവസങ്ങളിൽ അർശാദ് അത്ഭുതം കൂറിയ അനുമോദന വാക്കുകളിൽ കുളിച്ചു. മറക്കാൻ കഴിയുകയേയില്ല, ആ ദിനങ്ങൾ.
പക്ഷേ, അതൊരു ബാധയായി അവനെ പിന്തുടർന്നു. തനിക്കിഷ്ടപ്പെടുന്നത് ഏതിടത്ത് നിന്ന് മാത്രമാണോ കിട്ടുക, അത് എന്തു ത്യാഗം സഹിച്ചും സ്വായത്തമാക്കാൻ മനുഷ്യൻ പ്രയത്‌നിക്കുമല്ലോ. നാഷനൽ പെർമിറ്റ് ലോറിയിൽ രാജ്യം കറങ്ങുന്ന വലിയ ഡ്രൈവർ ആയിത്തീർന്നിട്ട് പോലും, ഇപ്പോഴും അർശാദിനെ വിടാതെ പിടിച്ച ലഹരിയായി മാറിയിരിക്കുന്നു, ഡ്രൈവിംഗ് സ്‌കൂളിൽ ജോയിൻ ചെയ്യൽ.

തന്നെ അറിയാത്ത, കാസർകോട്, മലപ്പുറം, തൃശൂർ ഭാഗങ്ങളിലുള്ള ഏതെങ്കിലും ചെറുപട്ടണത്തിൽ ഇയാൾ ഡ്രൈവിംഗിന് ചേരും. ആദ്യത്തെ മൂന്ന് ദിവസം ഒന്നും അറിയാത്ത പോലെ പൊട്ടൻ കളി കളിക്കും. പക്ഷേ, നാലാം നാൾ മുതൽ അവൻ മിടുക്ക് പുറത്തെടുക്കും. തുടർന്ന് വരുന്ന ദിവസങ്ങളിലെല്ലാം ട്യൂട്ടർ അത്ഭുതത്തോടെ അവനെ പുകഴ്ത്തിപ്പറയും. ഓഫീസിലും അവനെ പറ്റി പ്രത്യേക ചർച്ച നടക്കുന്നത് അവൻ കട്ടുകേൾക്കും. ഏറ്റവും ഒടുവിലായി അവൻ മണ്ണാർക്കാട് നിന്നാണ് ഡ്രൈവിംഗ് പഠിച്ചത്!
അങ്ങനെയാണ് ശുക്കൂർ മാഷ് ഗൾഫിലേക്ക് പോകുന്നതിനാൽ, വളരെ എമർജൻസിയായി ഡ്രൈവിംഗ് പഠിക്കേണ്ടി വരികവഴി അർശാദ് വശം എത്തുന്നത്. തന്റെ നാട്ടുകാരനും ഏഴാം ക്ലാസിൽ സോഷ്യൽ സയൻസ് പഠിപ്പിച്ച മാഷുമാണ് ശുക്കൂർ. കുട്ടികളോട് ഇന്ത്യയുടെ മേപ്പ് വരച്ചുവരാൻ പറഞ്ഞപ്പോഴൊക്കെ അർശാദ് കൊണ്ടുവന്ന വരകൾ മാഷ് കീറിപ്പറിച്ചെറിഞ്ഞിരുന്നു. കാരണം, അർശാദിന്റെത് ഒരിക്കലും ഇന്ത്യ ആയിട്ടില്ല. എന്നാൽ ഇന്ത്യൻ മഹാസമുദ്രമായി, അറബിക്കടലായി, പസഫിക് ഓഷ്യനായി, ചിലപ്പോൾ അമീബയായി നിലതെറ്റി.
മൂന്ന് പ്രാവശ്യമായി അർശാദ് പറയുന്നു: ക്ലച്ച് വിടരുത്, വണ്ടി ഓഫാകുമെന്ന്. എന്ത് പറഞ്ഞിട്ടെന്താ ഈ ആനമരപ്പൊട്ടൻ ശുക്കൂർ മാഷ് ബ്രൈക്ക് ചവിട്ടും ക്ലച്ച് വിടലും ഒന്നിച്ചാകും. കവലയിൽ, മത്തിച്ചാപ്പക്ക് മുന്നിൽ, സ്‌കൂൾ ബസ് സ്റ്റോപ്പിൽ ആളുകൾക്കിടെ വണ്ടി മുരണ്ടു നിന്നു, അവർ ചമ്മിക്കുളിച്ചു. റിവേഴ്‌സെടുക്കുമ്പോൾ വലത്തോട്ട് തിരിക്കാൻ പറഞ്ഞിട്ട് ഈ മന്ദബുദ്ധി മാഷ് ഇടത്തോട്ടാ തിരിച്ചത്. അങ്ങനെ വണ്ടി ചരലിൽ നിരങ്ങി ഓവുചാലിലേക്ക് ബാക്കിറങ്ങി. എടത്തും വലത്തും തിരിയാത്ത ഇതെന്ത് ബഡ്കൂസ് മാഷേടാ ഫൂ!!!, അർശാദിന്റെ ഉള്ളിൽ തുപ്പൽ ചിതറി.

അതങ്ങനെയാണ്. നമ്മുടെ കാഴ്ചപ്പുറത്ത് ഒരു ചുക്കിനും പറ്റാത്തവൻ എന്ന് തോന്നുന്നവന് മറ്റെന്തെങ്കിലും ഒരു കഴിവ് ഉണ്ടായേക്കാം. ഒരു പക്ഷേ, ആ കാര്യത്തിൽ നമ്മൾ വളരെ പിന്നിലായിരിക്കാം. അല്ലാഹു ആളുകളെ പടച്ചത് മണ്ണിൽ നിന്നാണ്. മണ്ണിന് വ്യത്യസ്ത ഭാവങ്ങളാണ്. ചെളിമണ്ണ്, ദൃഢമണ്ണ്, വെള്ള മണ്ണ്, ചോപ്പ് മണ്ണ് എന്നിങ്ങനെ ആയതിനനുസരിച്ച് അവരിലും വ്യത്യസ്തതകൾ കാണാം. ഒരുപാട് മക്കളെ മുന്നിലിരുത്തി പാഠം പഠിപ്പിക്കുന്നവൻ ഇത് നല്ലോണം തിരിച്ചറിഞ്ഞിരിക്കണം.
ഒഴുകുന്ന പുഴയോരത്ത് നിന്ന് വെള്ളത്തിലേക്ക് നോക്കുന്നവനല്ല അധ്യാപകൻ. ഈ ഒഴുകിപ്പോയ വെള്ളം അത്രയും എന്റെ മുന്നിലൂടെ ഒഴുകിയതാണ് എന്നുപറയുന്നതിലല്ല കാര്യം. മറിച്ച് നിങ്ങളുടെ നോട്ടം കൊണ്ട് ആ വെള്ളത്തിന് വല്ല മാറ്റവും ഉണ്ടായോ? ഇല്ല.

കടപ്പുറത്ത് ഇരിക്കുന്നവനാണ് ഗുരു. അയാളെന്താ ചെയ്യുന്നത്? തിരകളിൽ പെട്ട് പൂഴിമണലിലേക്ക് ഒറ്റപ്പെട്ടുപോകുന്ന കുഞ്ഞുകുഞ്ഞു ജലജീവികളെ പിടിച്ച് നടുക്കടലിലേക്ക് താരാട്ടെറിയുന്നു. ചൂടേറ്റ് ഗാഢജീവിതത്തിന്റെ സാന്ദ്രസാഗരത്തിലേക്ക് പിടിച്ചിടുന്ന എല്ലാവരാലും വാഴ്ത്തപ്പെടുന്ന ബുദ്ധികുട്ടിയെ വാഴ്‌ത്തേണ്ടെന്നല്ല, മറിച്ച് ആരാലും ആദരിക്കപ്പെടാത്ത, അല്ലെങ്കിൽ സകലരാലും അവഗണിക്കപ്പെട്ട കുട്ടി എന്റെ ക്ലാസിൽ ആരെങ്കിലും ഉണ്ടോയെന്ന് കണ്ടുപിടിച്ച് ഒറ്റപ്പെട്ട ആ ജലജീവിയെ കൈയിലെടുത്ത്, നെഞ്ചോട് ചേർത്ത്, ഉമ്മ വെച്ച്, സഫല ജീവിതത്തിന്റെ നടുക്കടലിലേക്ക് രക്ഷപ്പെടുത്താനാണ് നാം നോക്കേണ്ടത്. അല്ലേ, അങ്ങനെത്തന്നെയല്ലേ.

ഫൈസൽ അഹ്‌സനി ഉളിയിൽ • faisaluliyil@gmail.com

Latest