Connect with us

Ongoing News

നിസ്സാരരല്ല അവർ

Published

|

Last Updated

സിറ്റൗട്ടിൽ ചില പുസ്തകങ്ങളുടെ പേജുകൾ അലക്ഷ്യമായി മറിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയൽപ്പക്കത്തെ സാറത്ത ചെറിയൊരു ചക്കക്കഷ്ണവുമായി കടന്നുവരുന്നത്. അതുകണ്ട് ഒരുപാട് നന്മയൂറും ഓർമകൾ അണപൊട്ടി. പണ്ട് ആരെങ്കിലും വിരുന്ന് വരുമ്പോൾ വീട്ടിൽ പലപ്പോഴും മതിയായ പഞ്ചസാര ഉണ്ടാകാറില്ലായിരുന്നു. ഉടനെ ഉമ്മ ഒരു സ്റ്റീൽ ഗ്ലാസ്സും തന്ന് പറഞ്ഞുവിടും. വളരെ പരസ്യമായ ഒരു രഹസ്യമാണ് ഈ വായ്പ വാങ്ങൽ സമ്പ്രദായം എന്നതുകൊണ്ട് ആർക്കുമൊരു പ്രശ്‌നവുമില്ലായിരുന്നു. പലപ്പോഴായി മുളകുപൊടിയും മല്ലിപ്പൊടിയും പൊടിയുപ്പുമെല്ലാം കൊണ്ടുവന്ന ഗ്ലാസുകൾ ഇപ്പോഴും പഴയ മഞ്ചയിൽ വിശ്രമിക്കുന്നുണ്ട്. കൊണ്ടുവന്ന അളവ് കുറയാതെ തിരിച്ചു കൊടുക്കുമ്പോഴുള്ള അയൽക്കാരുടെ മധുരമൂറും ചിരികൾ എല്ലാം മനസ്സിൽ തികട്ടി വന്നു. പൊതുവെ ഞങ്ങളുടെ പ്രദേശത്തെല്ലാം കാര്യമായിട്ട് പ്രാതൽ ഭക്ഷണം ഓട്ടട (കുത്തപ്പം) ആയിരിക്കും. ഉണ്ടാക്കാനുള്ള എളുപ്പം, കുട്ടികളുടെ വയർ നിറയാനുള്ള സാധ്യത കൂടുതൽ, ചെലവ് കുറവ് ഇങ്ങനെ ഒരുപാട് ഗുണങ്ങൾ ഉള്ളതുകൊണ്ടാകാം ഉമ്മമാർക്ക് പ്രത്യേക മതിപ്പാണ് കുത്തപ്പത്തിനോട്.

സ്ഥിരമായ രുചി അരുചിയായി മാറുമ്പോൾ ഇടക്കൊരു ദോശ ചൂടാറുണ്ട്. ദോശച്ചട്ടിക്കായി സാധാരണ പോയിരുന്നത് നേരെ താഴെ വീട്ടിലേക്കായിരുന്നു. തൊടിയിൽ ആകാശംമുട്ടെ വളർന്ന പ്ലാവിലെ ചക്ക പറിക്കാൻ പാകത്തിന് തോട്ടിയുള്ള ഒരേയൊരു വീടേ നാട്ടിലുള്ളൂ. മമ്മദാക്കാന്റെ തോട്ടി അങ്ങനെ നാട്ടിലെ വി ഐ പിയായി. ഞാനും ഏട്ടനും കൂടി തോട്ടി താങ്ങിപ്പിടിച്ച് കൊണ്ടുപോകുന്നത് കണ്ണെത്തും ദൂരം മമ്മദ്ക്കയും കുടുംബവും നോക്കിനിൽക്കുമായിരുന്നു. എന്തിനധികം വേനൽക്കാലത്തെ വെള്ളക്ഷാമം കണ്ട് അയൽവാസിയായ വൈദ്യകുടുംബം ഞങ്ങൾക്ക് വണ്ടി കിണറും കുഴിച്ചു തന്നു. ഉമ്മയുടെ വയറ്റിൽ ഞാൻ ഉള്ളപ്പോഴാണ് ഞങ്ങളെല്ലാം ഇമ്മമ്മ എന്ന് വിളിക്കുന്ന വൈദ്യരുടെ ഉമ്മ ഒരു മോട്ടോറും പമ്പും കൊണ്ടുവന്ന് ഉയരത്തിൽ റോഡിന് കുറുകെ കെട്ടി നേരെ വീട്ടിലേക്ക് പൈപ്പ് വെച്ച് തന്നത്. ഇനി നിങ്ങള് വെള്ളം കോരണ്ട, വയറ്റിലുള്ള കുട്ടിക്ക് എന്തെങ്കിലും പറ്റും എന്ന സ്‌നേഹത്തോടെ ഉമ്മയെ ശാസിച്ചു.

ഇനി വിഷയത്തിലേക്ക് വരാം. ഒരു നാട്ടിലെ മുഴുവൻ പേരും അന്യോന്യം അറിയുന്നവരും പ്രശ്‌നങ്ങളിൽ കൂട്ടായി ഉത്തരം കണ്ടെത്തുന്നവരും സങ്കടങ്ങളും സന്തോഷങ്ങളും പങ്കിടുന്നവരുമായിരുന്നു. കാലം മാറി. അയൽപ്പക്കത്ത് താമസിക്കുന്നവൻ മരിച്ചാൽ പോലും അവരായി അവരുടെ പാടായി എന്ന് പറയുന്നിടത്ത് ചിലരെങ്കിലും എത്തിയതായി നമുക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്.

അയൽപ്പക്ക ബന്ധങ്ങളിലും ഇസ്‌ലാമിന് തനതായ കാഴ്ചപ്പാടുകളുണ്ട്. വലിയൊരു ചുറ്റുമതിലും കെട്ടി തനിക്ക് താൻ മാത്രം മതി എന്ന നിലയിൽ ജീവിക്കാൻ ഒരിക്കലും ഇസ്‌ലാം അനുവദിക്കുന്നില്ല. മറിച്ച് അയൽവാസിയോട് കാണിക്കേണ്ട മര്യാദകളും കടമകളും പാലിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല എന്ന് കനപ്പിച്ച് പറയുകയും ചെയ്യുന്നുണ്ട്. ഒരു മുസ്‌ലിമിന് അവന്റെ അയൽവാസി വിശ്വസ്തനും കാവൽക്കാരനും സഹായിയും കൂട്ടുകാരനും എല്ലാമാണ്. വിശന്നിരിക്കുമ്പോൾ ഭക്ഷണം എത്തിക്കുന്നവനും ആപത്തുകളിൽ രക്ഷപ്പെടുത്തുന്നവനും തെറ്റുകളിൽ നിന്ന് ശരിയിലേക്ക് ദിശാബോധം നൽകുന്നവനും സന്തോഷ സന്താപങ്ങളിൽ പങ്കുചേരുന്നവരും ആയിരിക്കണം അയൽവാസികൾ. അയൽവാസി രോഗിയാകുമ്പോൾ ആദ്യം സന്ദർശകനായി എത്തേണ്ടതും വിജയങ്ങളിൽ ആശംസകളുമായി ഒന്നാമൻ ആകേണ്ടതും നമ്മൾ തന്നെയാണ്. ഖുർആൻ പറയുന്നത് നോക്കൂ: അല്ലാഹുവിനെ നിങ്ങൾ ആരാധിക്കുക, അവനിൽ ഒരു പങ്കുകാരനെയും നിങ്ങൾ ചേർക്കരുത്. മാതാപിതാക്കൾക്ക് നന്മ ചെയ്യുക. അതുപോലെ അടുത്ത കുടുംബക്കാരോടും പാവപ്പെട്ടവരോടും അയൽവാസികളോടും എല്ലാം നിങ്ങൾ നന്മയുള്ളവരായിത്തീരുക. നബി തങ്ങൾ പറയുന്നതാകട്ടെ, ദൂതൻ ജിബ്‌രീൽ അയൽവാസിയോടുള്ള കടമകൾ പറഞ്ഞുപറഞ്ഞ് അവസാനം അനന്തരസ്വത്ത് വരെ അവർക്കും നൽകേണ്ടി വരുമോ എന്ന് ഞാൻ ഭയപ്പെട്ടു പോയി എന്നാണ്.

വിശേഷദിവസങ്ങളിൽ പരമാവധി അയൽപ്പക്കക്കാരെ വീട്ടിലെ പരിപാടികളിൽ പങ്ക് കൊള്ളിക്കുന്നതിൽ വലിയ സന്തോഷവും ആഹ്ലാദവും കണ്ടെത്തിയവരായിരുന്നു നമ്മൾ. മഹാനായ അബൂദർറി(റ)നോട് നബി തങ്ങൾ പറഞ്ഞു: അബൂദർറേ, വീട്ടിൽ കറി ഉണ്ടാക്കുമ്പോൾ ഇത്തിരി നീട്ടിവെക്കണം, അത് അയൽവാസികൾക്ക് വിതരണം ചെയ്യണം. നബി തങ്ങൾ ഇങ്ങനെ പറയാനുള്ള കാരണം എന്തേ? നമ്മുടെ വീട്ടിലെ സന്തോഷങ്ങളെല്ലാം അയൽ വീട്ടിനകത്തും എത്തണമെന്ന് നിർബന്ധബുദ്ധി ഉള്ളതുകൊണ്ട്. വല്ലപ്പോഴും ഉണ്ടാക്കുന്ന ബിരിയാണിയിൽ നിന്ന് അൽപ്പം അയൽപ്പക്കക്കാർക്ക് കൊടുത്തില്ലെങ്കിൽ സമാധാനം ഇല്ലാത്തവരായി മാറുമ്പോൾ നമ്മൾ യഥാർഥത്തിൽ അയൽവാസികളോട് സ്‌നേഹം ഉള്ളവരാകും എന്നർഥം. ഇവിടെയൊരു സംശയമുണ്ടാകാൻ സാധ്യതയുണ്ട്. നമ്മളെന്നും അവർക്ക് കൊടുക്കും, അവരാകട്ടെ തിരിച്ചൊന്നും തരില്ലതാനും. അങ്ങനെയാണെങ്കിലും സ്വന്തം ഭാഗം നാം ശരിയാക്കുക. എല്ലാ നല്ല കാര്യവും സ്വദഖയാണ്. സ്വദഖയുടെ കൂലി ലഭിക്കാൻ സ്വീകർത്താവ് സ്വീകരിക്കുകയേ വേണ്ടൂ. തിരിച്ചൊന്നും പ്രതീക്ഷിക്കരുത്.
വീട് സ്ഥിതി ചെയ്യുന്നിടത്ത് നിന്ന് എല്ലാ ഭാഗങ്ങളിലേക്കും 40 വീടുകളെങ്കിലും അയൽപ്പക്കം ആയി പരിഗണിക്കണമെന്നാണ് കർമശാസ്ത്രം പറയുന്നത്. ഇത്രയും വീടുകളിൽ നേരത്തെ പറഞ്ഞ പ്രകാരം കറി വെച്ച് വിതരണം ചെയ്യൽ ബുദ്ധിമുട്ടാണെന്നതിൽ സംശയമില്ല. പക്ഷേ അവിടങ്ങളിലെല്ലാം കഴിയുന്ന രൂപത്തിൽ ബന്ധം പുലർത്തലും അന്വേഷണം നടത്തലും അനിവാര്യമാണ്. പുരുഷന്മാരോട് നിസ്‌കരിക്കാൻ പോകുമ്പോൾ ഒരു വഴിയിലൂടെയും തിരിച്ചു വരുമ്പോൾ മറ്റൊരു വഴിയിലൂടെയും വരാൻ നബി തങ്ങൾ പറഞ്ഞത് അയൽപ്പക്ക ബന്ധം ഊഷ്മളമാക്കാൻ ആണെന്ന് പണ്ഡിതന്മാർ പറഞ്ഞുവെക്കുന്നുണ്ട്. വീട്ടുമുറ്റത്ത് നിന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത് പള്ളിയുടെ പടിക്കൽ പാർക്ക് ചെയ്യുന്ന പുത്തൻ തലമുറക്ക് പിന്നെ എങ്ങനെ അയൽവാസിയെ അറിയാനാണ്?
അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന ഹദീസ്: നബിയേ, ഒരു സ്ത്രീയുണ്ട്, അവർ രാത്രി മുഴുവൻ നിന്ന് നിസ്‌കരിക്കും, പകൽ മുഴുവൻ നോമ്പനുഷ്ഠിക്കും, നിരവധി സത്കർമങ്ങൾ ചെയ്യും, ദാനധർമങ്ങൾ വർധിപ്പിക്കും, ഇതെല്ലാം കഴിഞ്ഞ് അയൽവാസികളെ പറ്റി കുറ്റം പറയുകയും ചെയ്യും. അവരെപ്പറ്റി എന്താണ് അഭിപ്രായം? ആ സ്ത്രീയിൽ ഒരു നന്മയുമില്ല, നരകാവകാശികൾ ആണ് അവർ. എങ്കിൽ നബിയേ, ഇങ്ങനെ ഒരു സ്ത്രീയുമുണ്ട്. ഫർള് മാത്രമേ നിസ്‌കരിക്കൂ, റമസാനിൽ മാത്രമേ നോമ്പനുഷ്ഠിക്കൂ, കൈയിൽ നിന്ന് അൽപ്പം മാത്രമേ ദാനം നൽകൂ, പക്ഷേ ഒരാളെയും പ്രയാസപ്പെടുത്താറില്ല, കുറ്റം പറയാറുമില്ല.

അവൾ എവിടെയാണ് എത്തിച്ചേരുക? ഒരുപാട് നന്മകൾ ഉണ്ട് ആ സ്ത്രീയിൽ, അവൾ സ്വർഗാവകാശിയാണ്. വലിയൊരു പാഠമാണ് ഈ ഹദീസ് നമുക്ക് നൽകുന്നത്. ആരാധനകൾ വർധിപ്പിച്ച് അയൽവാസികളെയും കുടുംബക്കാരെയും തമ്മിൽ തെറ്റിക്കാൻ നടക്കുന്നവർക്ക് അന്ത്യനാളിൽ വൻ നഷ്ടം സംഭവിക്കുമെന്നും അതേസമയം, പ്രവർത്തനം കൊണ്ട് മാത്രമല്ല വാക്കുകൊണ്ടും ചേഷ്ട കൊണ്ടുപോലും ആരെയും ശല്യപ്പെടുത്താത്തവർക്ക് വലിയ അനുഗ്രഹമുണ്ടാകുമെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു.
പല അയൽവീട്ടുകാരും തമ്മിൽ തെറ്റാൻ കോഴി പോലുള്ള മിണ്ടാപ്രാണികളാകും കാരണക്കാർ. ഒരു വീട്ടുകാരി പറയും, ആ തള്ളയുടെ കോഴി ഇവിടെ വന്നു കാഷ്ടിക്കും.. ശല്യം. ഇനിയെങ്ങാനും കാഷ്ടിച്ചാൽ എറിഞ്ഞ് കാലൊടിക്കും. പിറ്റേ ദിവസം അവർ തെറ്റുകയും ചെയ്യും. പാവം കോഴിയാകട്ടെ ഇതൊന്നുമറിയാതെ അടുത്ത ദിവസവും തന്റെ പതിവ് തുടരും. കോഴികളെ വല പോലുള്ളത് കൊണ്ട് സംരക്ഷിക്കലും വീട്ടുകാരന്റെ ബാധ്യതയാണ്. ഇതിന് കോഴിയെ പിടിച്ച് കെട്ടിയിടൽ പരിഹാരമല്ല. വിശാലമായ മുറ്റമുള്ളവർ അയൽവാസിക്ക് കൂടി ഉപകാരത്തിന് വേണ്ടി സൗകര്യമൊരുക്കൽ മുസ്‌ലിമിന്റെ ധർമമാണെന്ന് ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഉപകാരമെടുക്കുന്നവരാകട്ടെ ചൂഷണം ചെയ്യാനും പാടില്ല. നാശനഷ്ടങ്ങളൊന്നും കൂടാതെയുള്ള സഹകരണമാണ് ഇവിടെയും ആവശ്യം. ദീൻ മുഴുവൻ പേർക്കും നന്മയാണ്. ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും ഉമ്മ മക്കൾക്കും മക്കൾ മാതാപിതാക്കൾക്കും അയൽവാസികൾ അന്യോന്യവും എന്നിങ്ങനെ എല്ലാമെല്ലാം നന്മയിൽ കലാശിക്കുമ്പോൾ വീടുകളിൽ സമാധാനം നിറയും. ഇല്ലായ്മയുടെ കാലത്തുണ്ടായിരുന്ന സത്യവും സമാധാനവും തിരിച്ച് പിടിക്കാൻ അയൽപ്പക്ക ബന്ധം നമ്മെ സഹായിക്കും, തീർച്ച.
അബ്ദുൽ ഖാദിരിൽ ജസാഇരിയുടെ ചരിത്രമാകട്ടെ വിരാമ കുറിപ്പ്. മഹാൻ ശാം ഭരിക്കുന്ന കാലം. അദ്ദേഹത്തിന്റെ അയൽവാസി വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടു. ഒരു വഴിയുമില്ലാതായപ്പോൾ താമസിക്കുന്ന വീട് വരെ വിൽക്കേണ്ട ഗതിയിലായി. ഗതികെട്ട അയാൾ നല്ലൊരു തുകക്ക് വീട് വിൽപ്പനക്ക് വെച്ചു. കച്ചവടക്കാർ വന്ന് ഇത്രയും വിലയ്ക്ക് കച്ചവടം ചെയ്യാൻ താത്പര്യപ്പെടുന്നില്ല എന്ന് പല കുറി പറഞ്ഞു. വാർത്ത രാജാവിന്റെ കാതിലുമെത്തി. ഉടനെ രാജാവ് അത്രയും തുക അയൽവാസിക്ക് കൈമാറി പറഞ്ഞു: നീ എന്റെ അയൽവാസിയായിത്തന്നെ തുടരുക. ഇത്രയും തുകക്ക് നിന്റെ അയൽപ്പക്കത്തെ വിൽക്കാൻ ഞാൻ തയ്യാറല്ല. അയൽവാസിയുടെ പ്രാധാന്യത്തിന് വലിയ മാതൃകയാണ് ഈ സംഭവം.

സ്വാലിഹ് അബ്ദുർറഹ്മാന്‍ • swalihmuhammad535@gmail.com

.

Latest