Connect with us

Health

മാറ്റാം, ജീവിതത്തിലെ ആ ശൈലികൾ

Published

|

Last Updated

ലോക ജനസംഖ്യയുടെ തന്നെ പകുതി വരുന്ന സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചാണ് ഈ കുറിപ്പ്. വന്ധ്യത, അർബുദം, പ്രമേഹം, രക്തസമ്മർദം, ഗർഭ/ പ്രസവസംബന്ധിയായ പ്രയാസങ്ങൾ തുടങ്ങി സ്ത്രീ രോഗങ്ങൾ കൂടുതലായി എന്തുകൊണ്ട് കാണുന്നു? ജീവിതശൈലയിലെ മാറ്റം തന്നെ പ്രധാന കാരണം. അണുകുടുംബമായതിനാലും ഭൗതിക സാഹചര്യങ്ങൾ വർധിച്ചതിനാലും സുഭിക്ഷമായി ജങ്ക് ഫുഡും കഴിച്ച് ടി വി യും കമ്പ്യൂട്ടറും നവ മാധ്യമങ്ങളും നോക്കി ആർത്തുല്ലസിച്ച് ജീവിക്കുന്നു. വ്യായാമം ആരുടെയും ഡിക്ഷനറിയിൽ പോലുമില്ല. അയൽവീട്ടിലേക്ക് ആണെങ്കങ്കിൽ പോലും യാത്ര വാഹനത്തിൽ. അവധി ദിവസമാണെങ്കിൽ ടി വി, ലാപ്‌ടോപ്പ്, മൊബൈൽ എന്നിവക്ക് മുമ്പിൽ. ഫലമോ PCOD പോലുള്ള അസുഖങ്ങളും വന്ധ്യതയുമൊക്കെ സാധാരണ അസുഖമായി.
കൃത്യമായ ചികിത്സയോ മാർഗനിർദേശമോ കിട്ടാതെ കൂടുതൽ മോശമായ രോഗാവസ്ഥയിലേക്ക് എത്തുന്ന സ്ഥിതിവിശേഷമാണ് പലരിലും കണ്ടുവരുന്നത്. ജീവിത ശൈലിയിൽ വന്ന അമിതമായ കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് ഉപയോഗം, വ്യായാമക്കുറവ് തുടങ്ങിയവ ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും ഇത് ഈസ്ട്രജനും പുരുഷ ഹോർമോണുമായും മാറുന്നു. ഇത് അണ്ഡോത്പാദനം ഇല്ലാതാക്കുകയും അണ്ഡാശയത്തിൽ PCOD ഉണ്ടാക്കുകയും ഗർഭാശയത്തിൽ endomterial thickness കൂട്ടുകയും മാസമുറ കൃത്യതയില്ലാതാക്കുകയും fibroid പോലുള്ള അസുഖങ്ങൾക്കും വന്ധ്യതക്കുമൊക്കെ കാരണമാകുകയും ചെയ്യുന്നു. കൂടാതെ ഗർഭാശയ കാൻസർ, സ്തനാർബുദം എന്നിവക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. സ്ത്രീശരീരത്തിൽ കാണുന്ന അമിത രോമ വളർച്ച, മീശ, താടി രോമങ്ങൾ, കഴുത്തിന് പിറകെ കാണുന്ന കറുപ്പ് നിറം ഇവക്കെല്ലാം കാരണം ഇതാണ്. കൂടാതെ പ്രമേഹം, രക്ത സമ്മർദം തുടങ്ങിയ രോഗങ്ങൾ വളരെ നേരത്തെ ഉണ്ടാകുകയും ചെയ്യുന്നു.

ശീലിക്കാം നല്ല ജീവിതം

ഉറക്കം: ദിവസേന ആറ്- ഏഴ് മണിക്കൂർ ഉറക്കം അത്യാവശ്യമാണ് . രാത്രി ഭക്ഷണം നേരത്തെ കഴിച്ച് രണ്ടര- മൂന്ന് മണിക്കൂറിന് ശേഷമാണ് ഉറങ്ങാൻ പോകേണ്ടത്.
ഭക്ഷണം: ഒരു ചൊല്ലുണ്ട്, morning you eat like a king and night you eat like a beggar (പ്രാതൽ രാജാവിനെപ്പോലെ അത്താഴം പിച്ചക്കാരനെ പോലെയും). നമ്മുടെ കാര്യമായ എല്ലാ പ്രവർത്തികളും പകൽ സമയത്താണ്. അതുകൊണ്ട് രാവിലെ നല്ല വണ്ണം ഭക്ഷണം കഴിക്കണം. അമിത വണ്ണമുള്ളവരോ ഇരുന്ന് ജോലി ചെയ്യുന്നവരോ ആണെങ്കിൽ ഭക്ഷണത്തിന്റെ അളവ് കുറക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ഇത്തരക്കാർക്ക് ഇടക്കുള്ള സമയത്ത് വിശക്കുകയാണെങ്കിൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഉച്ചക്ക് ഊണിന്റെ അളവ് കുറച്ച് പകരം പച്ചക്കറി കൂടുതൽ കഴിക്കുക. പ്രോട്ടീൻ ഉള്ളതിനാൽ മത്സ്യം നല്ലതാണ്. രാത്രി ഭക്ഷണം മിതമായി കഴിക്കുക. വിശക്കുകയാണെങ്കിൽ കക്കിരി പോലുള്ളവ കഴിക്കുക. നല്ല വണ്ണം പഴവർഗങ്ങൾ കഴിക്കുക. അതിലുള്ള വൈറ്റമിൻസും ആന്റി ഓക്‌സിഡൻസും metabolism വർധിപ്പിക്കുകയും പല അസുഖങ്ങളെ ചെറുക്കുകയും ചെയ്യുന്നു. നല്ല വണ്ണം വെള്ളം കുടിക്കുന്നതും ശീലമാക്കുക.
വ്യായാമം: രാവിലെ എഴുന്നേറ്റ് ഫ്രഷ് ആയതിന് ശേഷം 15 മിനുട്ടെങ്കിലും വ്യായാമത്തിന് മാറ്റി വെക്കണം. ആദ്യ അഞ്ച് മിനുട്ട് സ്‌ട്രെച്ചിംഗ് വ്യായാമം ചെയ്തിട്ട് 10 മിനുട്ട് ജോഗിംഗ്, ചാട്ടം, കാലുയർത്തിയുള്ള വ്യായാമം പോലുള്ളവ ചെയ്യുക. വ്യായാമത്തിന് ശേഷം ശരീരം തണുത്തിട്ട് മാത്രം കുളിക്കുക. ഒഴിവ് ദിവസങ്ങളിൽ പറമ്പിലിറങ്ങി ചെടികളും മരങ്ങളൊക്കെ പരിപാലിക്കുന്നത് ശരീരത്തിന് മാത്രമല്ല മനസ്സിനും ഗുണകരമാകും. കൂടാതെ പറമ്പിലുണ്ടാകുന്ന പലവിധ പഴവർഗങ്ങൾ ആരോഗ്യത്തിന് നല്ലതുമാണ്.
ഒഴിവ് സമയങ്ങളിൽ കുട്ടികൾ ടാബ്, മൊബൈൽ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് പകരം പുറത്തിറങ്ങി കളിക്കാൻ പ്രേരിപ്പിക്കുക. പറ്റുമെങ്കിൽ രക്ഷിതാക്കളും അവരുടെ കളികളിൽ പങ്കാളികളാകുക. സ്‌കൂൾ അവധികളിൽ കുട്ടികളെ നീന്തലും മാർഷൽ ആർട്‌സുമൊക്കെ പഠിപ്പിക്കുന്നത് നല്ലതാണ്. തിരക്കുകളില്ലെങ്കിൽ ലിഫ്റ്റിനും എസ്‌കലേറ്ററിനും പകരം ചവിട്ടുപടികൾ ഉപയോഗിക്കുക.

വീട് നിർമിക്കുന്നവർ ഫിറ്റ്‌നസിന് പ്രത്യേകം മുറി സംവിധാനിക്കുന്നത് നല്ലതായിരിക്കും. കുടുംബത്തോടൊത്ത് വ്യായാമം ചെയ്യുന്നത് ബന്ധങ്ങൾ മെച്ചപ്പെടുത്താനും വ്യായാമം ദിനചര്യയായി മാറ്റുന്നതിനും സഹായകരമാണ്. മാനസികമായി ഇത് പോസിറ്റീവ് എനർജി തരും.
പലപ്പോഴും ഫിറ്റ്‌നസ് വാച്ചുകളും ട്രെഡ്മിൽ മോണിറ്ററുകളും വ്യായാമം കൂടുതൽ ചെയ്യാൻ ആവേശം പകരാറുണ്ട്.

(ഗൈനക്കോളജിസ്റ്റ്, ലാപറോസ്‌കോപിക് സർജൻ. ജോസ്ഗിരി ആശുപത്രി,
തലശ്ശേരി)
.

thufail.vb@gmail.com

---- facebook comment plugin here -----

Latest