Connect with us

Ongoing News

213 സീറ്റ് നേടി കോൺഗ്രസ് ഭരണത്തിലേറുമെന്ന് സർവേ

Published

|

Last Updated

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 213 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അമേരിക്കൻ വെബ്‌സൈറ്റായ “മീഡിയം ഡോട്ട് കോം”. ലോക്‌സഭയിൽ കേവലഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. കോൺഗ്രസ് 39 ശതമാനം വോട്ടോടെ 213 സീറ്റുകൾ നേടുമ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 31 ശതമാനം വോട്ട് വിഹിതത്തിൽ ബി ജെ പി നിൽക്കും. പക്ഷേ സീറ്റ് 170ൽ ഒതുങ്ങുമെന്നും വെബ്‌സൈറ്റ് പ്രവചിക്കുന്നു. 30 ശതമാനം വോട്ട് വിഹിതം പിടിക്കുന്ന പ്രാദേശിക പാർട്ടികൾ മൊത്തം 160 സീറ്റ് നേടും. ഒരു ബ്രിട്ടീഷ് ഗവേഷണ സംഘത്തിന്റെ പഠനഫലം ആധാരമാക്കിയാണ് “മീഡിയം” ഈ നിഗമനത്തിലെത്തുന്നത്. എന്നാൽ ഈ സ്ഥാപനത്തിന്റെ പേര് വെബ്‌സൈറ്റ് പുറത്തു വിട്ടിട്ടില്ല.

24 സംസ്ഥാനങ്ങളിൽ നിന്നുള്ള 20,500ഓളം ജനങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക സംഘം ഇങ്ങനെ കണക്കാക്കുന്നത്. ഗവേഷക സംഘത്തോട് പ്രതികരിച്ചവരിൽ 48 ശതമാനം പേർ സ്ത്രീകളും 52 ശതമാനം പേർ പുരുഷന്മാരുമാണ്. 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 44 സീറ്റുകൾ മാത്രമാണ് നേടാനായത്. എന്നാൽ പിന്നീട് വിവിധയിടങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇത് 50 ആയി ഉയർന്നു.

മീഡിയം ഡോട്ട് കോമിന്റെ പ്രവചനം ശരിയായാൽ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ വലിയ അട്ടിമറിയായിരിക്കും അത്.
അതിനിടെ, മീഡിയം ഡോട്ട് കോമിനെതിരെ തിരഞ്ഞെടുപ്പ് സർവേ ഏജൻസിയായ സി വോട്ടറിന്റെ സ്ഥാപകൻ യശ്വന്ത് ദേശ്മുഖ് രംഗത്ത് വന്നു. ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് പറയാതെയാണ് “മീഡിയം” സർവേ പുറത്തുവിട്ടിരിക്കുന്നതെന്നും ബാക്കിയുള്ളവരും ഇത് തന്നെ ചെയ്യുമെന്നും തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഇടയിൽ ഇങ്ങനെ ഒരു സർവേ പുറത്ത് വരുന്നത് ഗൗരവതരമായ കാര്യമാണെന്നും ദേശ്മുഖ് വിമർശിച്ചു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിലെ പോരായ്മകളാണ് പുറത്ത് കൊണ്ട് വരുന്നതെന്നും യശ്വന്ത് ദേശ്മുഖ് പറഞ്ഞു.