Connect with us

Ongoing News

സാമൂഹികസുരക്ഷാ പെൻഷനുകൾ; അർഹത പുനഃപരിശോധിക്കുന്നതിന് നിർദ്ദേശങ്ങളായി

Published

|

Last Updated

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ ധാരാളം അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതി ലഭിച്ച സാഹചര്യത്തിലാണ് സർക്കാർ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. സമൂഹത്തിൽ ഉന്നത നിലവാരത്തിൽ ജീവിക്കുന്നവർ താഴേത്തട്ടിൽ ജീവിക്കുന്നവർക്ക് ലഭിക്കേണ്ട സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നു. യഥാർഥ സാമ്പത്തിക സ്ഥിതി മറച്ചു വെച്ചതിനാലാണ് ഇത്തരക്കാർക്ക് പെൻഷൻ അനുവദിച്ചത്.

ഇത്തരക്കാർ പെൻഷൻ വാങ്ങുന്നത് തടയേണ്ടത് സർക്കാരിന്റെ സാമ്പത്തിക ഭദ്രതക്ക് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ പരിഗണനേതര റേഷൻ കാർഡ്(വെള്ള റേഷൻ കാർഡ്) ഉള്ളവരുടെ വിവരങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. റേഷൻ കാർഡിന്റെ വിവരങ്ങൾ സേവനയിൽ ലഭ്യമാക്കും. റേഷൻ കാർഡിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ പുനഃപരിശോധിക്കും. പെൻഷന് അർഹതയില്ലെന്ന് കണ്ടെത്തുന്നവരുടെ പെൻഷൻ സസ്‌പെൻഡ് ചെയ്യും.

പെൻഷന് അർഹരാണെന്ന് പ്രാദേശിക സർക്കാർ സെക്രട്ടറിക്ക് ബോധ്യം ഉള്ളവർക്ക് പെൻഷൻ തുടർന്നും അനുവദിക്കാവുന്നതാണ്. ഗുണഭോക്താവിന്റെ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തിയാകണം പരിശോധന. പരിശോധനക്ക് ശേഷവും അനർഹർക്ക് പെൻഷൻ ലഭിക്കുകയാണെങ്കിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനും പ്രദേശിക സർക്കാർ സെക്രട്ടറിയും ഉത്തരവാദികളാകും.

വിധവാ പെൻഷൻ അനുവദിക്കുന്നതിനും പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഭർത്താവ് മരണപ്പെടുകയോ ഏഴ് വർഷത്തിലധികമായി ഭർത്താവിനെ കാണാനില്ലാത്തതോ ആയ വിധവകൾക്ക് മാത്രമേ വിധവാ പെൻഷൻ അനുവദിക്കൂ. ഏഴു വർഷത്തിലധികമായി ഭർത്താവിനെ കാണാനില്ലാത്തവരുടെ കാര്യത്തിൽ റവന്യൂ അധികാരികൾ നൽകുന്ന വിധവാ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിധവാ പെൻഷൻ അനുവദിക്കാൻ പാടുള്ളൂ.

നിയമപരമായി വിവാഹമോചനം നേടിയവരെ വിധവയായി പരിഗണിക്കില്ല. വിധവയല്ലാത്ത എന്നാൽ ഭർത്താവിൽ നിന്നും അകന്നു കഴിയുന്ന വ്യക്തികൾക്ക് ചട്ടവിരുദ്ധമായി വിധവാ പെൻഷൻ അനുവദിക്കാൻ പാടില്ല. ഇത്തരത്തിൽ വിധവാ പെൻഷൻ അനുവദിക്കുന്ന അവസരത്തിൽ ഭർത്താവിന്റെ മരണസർട്ടിഫിക്കറ്റ് നമ്പർ, തീയതി, സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ ഭരണകൂടം എന്നീ വിവരങ്ങൾ സേവനയിൽ രേഖപ്പെടുത്തേണ്ടതാണെന്ന് പുതിയ നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

Latest