Connect with us

Kozhikode

ബശീർ സ്മാരകത്തിനായി കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പ്

Published

|

Last Updated

ബേപ്പൂർ സുൽത്താൻ വിടപറഞ്ഞ് 25 വർഷം പിന്നിടുമ്പോഴും കോഴിക്കോടൻ മണ്ണിൽ സ്മാരകം നിർമിക്കാനുള്ള നടപടികൾ എങ്ങും എത്തിയില്ല. മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തു നിർത്തിയ ബേപ്പൂർ സുൽത്താന്റെ പേരിൽ സ്മാരകം ഇല്ലാത്തത് കടുത്ത അനീതിയായാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ഉൾപ്പെടെ കുറ്റപ്പെടുത്തുന്നത്.

വർഷങ്ങളായി പ്രഖ്യാപനങ്ങൾ നടന്നതല്ലാതെ പദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല. ജില്ലകൾ തോറും സാസ്‌കാരിക കേന്ദ്രങ്ങൾ പണിയുമെന്നും കോഴിക്കോട് ബഷീറിന്റെ സ്മാരകമായാണ് സാസ്‌കാരിക കേന്ദ്രം നിർമിക്കുകയെന്നും ധനമന്ത്രി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കലോ തുടർ നടപടികളോ സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സർക്കാർ നടപടി സ്വീകരിച്ചാൽ ആവശ്യമായ സഹകരണം നൽകുമെന്നായിരുന്നു കോർപറേഷനിൽ നിന്ന് ലഭിച്ച മറുപടി. ഒരു കോടി രൂപ സർക്കാർ ഗ്രാൻഡും പലിശയും സഹിതം വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ പേരിൽ ബേങ്കിലുണ്ട്. ഭൂമി ലഭ്യമാക്കി സമിതിയുടെ പേരിൽ രജിസ്റ്റർ ചെയ്താലേ തുക വിനിയോഗിക്കാനാവൂ. പന്ത്രണ്ട് വർഷത്തോളമായി നഗരത്തിലും പരിസര പ്രദേശത്തും ഭൂമി കണ്ടെത്താൻ ശ്രമങ്ങൾ നടന്നിരുന്നു.

എന്നാൽ ഉദ്യാഗസ്ഥ തലത്തിൽ നിന്ന് കാര്യമായ ഇടപെടൽ ഉണ്ടാവാത്തതിനാൽ ഭൂമി കണ്ടെത്തൽ നടപടിയും നിശ്ചലമായി. 2006ലാണ് വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം നിർമിക്കാൻ അന്നത്തെ എൽ ഡി എഫ് സർക്കാർ തീരുമാനമെടുത്തത്. 2008ലെ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപനവും നടത്തി. ആദ്യ ഗഡുവായി 50 ലക്ഷം അനുവദിക്കുകയും ഒരു സമിതി രൂപവത്കരിക്കുകയും ചെയ്തു.

അശോകപുരത്ത് ജവഹർ നഗറിൽ ഒരേക്കർ സ്ഥലം അനുവദിക്കാൻ 2008 ഡിസംബറിൽ നഗരസഭാ കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ചിലർ രംഗത്ത് വന്നതോടെ അതും മുടങ്ങി. പിന്നീട് ബഷീർ സ്മാരക സമിതി പുനസംഘടിപ്പിക്കുകയും പുതിയ ഭാരവാഹികൾ ചേർന്ന് സരോവരത്തിലെ മലബാർ കൾച്ചറൽ വില്ലേജിൽ സ്മാരകം നിർമിക്കാൻ ശ്രമം നടത്തുകയും ചെയ്തു.

എന്നാൽ ഇതും സാങ്കേതിക തടസ്സങ്ങളാൽ നീണ്ടു പോവുകയും പിന്നീട് നിശ്ചലമാവുകയും ചെയ്തു. വൈക്കം മുഹമ്മദ് ബഷീർ റോഡ്, മാനാഞ്ചിറയിലെ ബഷീർ കൃതിയിലെ കഥാപാത്രമായ പാത്തുമ്മയുടെ ആട്, ഉൾപ്പെടെയുള്ള ചുരുക്കം ചില ബഷീർ ഓർമകൾ നഗരത്തിലുണ്ട്. എന്നാൽ സാഹിത്യലോകത്ത് പകരം വെക്കാനാവാത്ത സംഭാവനകൾ നൽകിയ അദ്ദേഹത്തിന് അർഹതപ്പെട്ട സ്മാരകം എന്ന് യാഥാർഥ്യമാക്കാൻ കഴിയും എന്ന ചോദ്യം ബാക്കിയാകുന്നു.

കോഴിക്കോട്