Connect with us

National

വോട്ടിംഗ് മെഷീനില്‍ ബി ജെ പി ചിഹ്നത്തിനൊപ്പം പാര്‍ട്ടിയുടെ പേരും; പ്രതിപക്ഷം പരാതി നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനില്‍ ചിഹ്നങ്ങള്‍ക്കൊപ്പം ബി ജെ പിയുടെ പാര്‍ട്ടി പേര് മാത്രം രേഖപ്പെടുത്തി എന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘം തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. പശ്ചിമ ബംഗാളിലെ ബറാക്പൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പിന്റെ ഭാഗമായി നടന്ന മോക് ഡ്രില്ലിലാണ് ബി ജെ പി ചിഹ്നത്തിനടുത്ത് പാര്‍ട്ടിയുടെ പേരും രേഖപ്പെടുത്തിയിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍, ഇതേ പാറ്റേണ്‍ തന്നെയാണ് 2014ലെ തിരഞ്ഞെടുപ്പിലും ഉപയോഗിച്ചിരുന്നത് എന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിംഗ്‌വി, അഹമ്മദ് പട്ടേല്‍, തൃണമൂല്‍ കോണ്‍ഗ്രസിലെ ഡെറിക് ഒബ്രിയന്‍, ദിനേഷ് ത്രിവേദി എന്നിവരാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറയെ കണ്ട് പരാതി നല്‍കിയത്. വോട്ടെടുപ്പിന്റെ അടുത്ത ഘട്ടങ്ങളില്‍ ഇത്തരം വോട്ടിംഗ് മെഷീനുകള്‍ ഒഴിവാക്കുകയോ മറ്റു പാര്‍ട്ടികളുടെ പേരുകളും പ്രദര്‍ശിപ്പിക്കുകയോ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വോട്ടിംഗ് മെഷീനുകളില്‍ അട്ടിമറി നടത്തി ജനങ്ങളെ വഞ്ചിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിതെന്ന് മുന്‍ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി പറഞ്ഞു. ബി ജെ പിയുടെ ചിഹ്നത്തിനൊപ്പം പാര്‍ട്ടിയുടെ പേരും രേഖപ്പെടുത്തിയ വോട്ടിംഗ് മെഷീനുകളുടെ ഫോട്ടോകളും അദ്ദേഹം പുറത്തുവിട്ടു.

Latest