Connect with us

Editorial

ജുഡീഷ്യറിയും ബാഹ്യ സ്വാധീനവും

Published

|

Last Updated

അതീവ ഉത്ക്കണ്ഠാജനകമാണ് അഭിഭാഷകനായ ഉത്സവ് സിംഗ് ബെയിൻസ് വ്യാഴാഴ്ച സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ കോടതി ജീവനക്കാരിയായ യുവതി ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നിൽ വൻ ഗൂുഢാലോചനയുണ്ടെന്നും ഒരു പ്രമുഖ കോർപറേറ്റ് സ്ഥാപനവും കോടതിയിലെ ചില ജീവനക്കാരും ഇടനിലക്കാരുമാണ് ഇതിന് പിന്നിലെന്നുമാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെ ഉത്സവ് സിംഗ് ബെയിൻസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കാൻ ചില കോർപറേറ്റ് മേധാവികൾ റൊമേഷ് ശർമ എന്ന ഇടനിലക്കാരൻ വഴി നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് ലൈംഗികാരോപണം ഉന്നയിച്ചു ചീഫ് ജസ്റ്റിസിനെ രാജിവെപ്പിക്കാനുള്ള ശ്രമം നടന്നതെന്നും രഞ്ജൻ ഗോഗോയിയെ ലൈംഗികാരോപണത്തിൽ കുടുക്കാൻ തനിക്ക് ഒന്നര കോടി വാഗ്ദാനം ലഭിച്ചിരുന്നതായും പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബ്രെയിൻസ് പറയുന്നു.

എറിക്‌സൺ കമ്പനിക്ക് റിലയൻസ് കമ്യൂണിക്കേഷൻ മേധാവി അനിൽ അംബാനി 550 കോടി രൂപ നൽകാനുള്ളതുമായി ബന്ധപ്പെട്ട കേസിലെ ഒരു ഉത്തരവിൽ സുപ്രീം കോടതി കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ, തപൻ ചക്രവർത്തി എന്നിവർ അംബാനിക്ക് അനുകൂലമായ തിരുത്തൽ വരുത്തിയിരുന്നു. ജസ്റ്റിസുമാരായ നരിമാൻ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബഞ്ച് ജനുവരി 7ന് പുറപ്പെടുവിച്ച വിധിയിൽ അനിൽ അംബാനിയോട് നേരിട്ട് കോടതിയിൽ ഹാജരാകാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതി അന്ന് വൈകീട്ട് വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്ത ഉത്തരവിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് അനിൽ അംബാനിക്ക് ഇളവ് നൽകിയതായാണ് കാണിച്ചിരുന്നത്. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ജഡ്ജിമാർ അറിയാതെയാണ് ഉത്തരവിൽ അംബാനിക്ക് ആശ്വാസം നൽകുന്ന പരാമർശം വന്നതെന്ന് വ്യക്തമായതോടെ മാനവ് ശർമയെയും തപൻ ചക്രവർത്തിയെയും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പിരിച്ചുവിട്ടു. ഈ സംഭവത്തിലേക്കാണ് ഉത്സവ് സിംഗ് ബെയിൻസിന്റെ സത്യവാങ്മൂലത്തിലെ വിരൽചൂണ്ടൽ.
ജസ്റ്റിസ് അരുൺ മിശ്ര നിരീക്ഷിച്ചതു പോലെ അതീവ ഗൗരവമുള്ളതാണ് ഉത്സവ് സിംഗ് ബെയിൻസിന്റെ സത്യവാങ്മൂലത്തിലെ പരാമർശങ്ങൾ.

നീതിന്യായ സംവിധാനത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ് വിഷയം. രാജ്യത്തെ പണക്കാർക്ക് കോടതിയെ നിയന്ത്രിക്കാവുന്ന സ്ഥിതി വിശേഷം വന്നാൽ പിന്നെ കോടതികൾക്ക് എന്തു പ്രസക്തി? പുറം ശക്തികൾക്ക് കോടതിയെ നിയന്ത്രിക്കാനാകില്ലെന്ന് ശക്തമായ സന്ദേശം നൽകേണ്ട സമയം അതിക്രമിച്ചതായും അരുൺ മിശ്ര അഭിപ്രായപ്പെട്ടു. ഇതടിസ്ഥാനത്തിലാണ് യുവതിയുടെ ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കാനായി റിട്ട. ജസ്റ്റിസ് എ കെ പട്‌നായിക്കിന്റെ നേതൃത്വത്തിൽ കോടതി ഒരു അന്വേഷണ സമിതിയെ നിയമിച്ചത്.

സ്വാശ്രയ കോളജ് ഫീസ് നിർണയം, ഹിന്ദുത്വ ഭീകരർ ഉൾപ്പെട്ട സ്‌ഫോടനക്കേസുകൾ, സുഹ്‌റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസ്, ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന ഹരജികൾ തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധിന്യായം തുടങ്ങി ജുഡീഷ്യറിയിൽ നിന്ന് ഇടക്കാലത്തുണ്ടായ ചില വിധികളിൽ പണശക്തികളുടെയും ഭരണകൂടത്തിന്റെയും സ്വാധീനം ഉണ്ടായതായി സംശയിക്കപ്പെട്ടിരുന്നു. അത് അസ്ഥാനത്തല്ലെന്നാണ് കോടതികളിൽ ഇപ്പോൾ നടന്ന വെളിപ്പെടുത്തലുകളും ജഡ്ജിമാരുടെ പരാമർശങ്ങളും വ്യക്തമാക്കുന്നത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഭരണ നിർവഹണത്തിൽ സുതാര്യത നഷ്ടപ്പെട്ടതായി സുപ്രീം കോടതി ജഡ്ജിമാർ വെട്ടിത്തുറന്നു പറയേണ്ടി വന്ന സാഹചര്യവും ഇതാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടിക്കായി പാർലിമെന്റിൽ നോട്ടീസ് നൽകുന്ന സ്ഥിതിവിശേഷം വരെയുണ്ടായി.

ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ നിലവിലുള്ള നിയമങ്ങൾ, മുൻകാല വിധികൾ, മറ്റു അടിസ്ഥാന നിയമതത്ത്വങ്ങൾ എന്നിവയാണ് ന്യായാധിപനെ സ്വാധീനിക്കേണ്ടതെങ്കിലും അതിനപ്പുറമുള്ള ചില ഘടകങ്ങളാണ് ന്യായാധിപനെ പലപ്പോഴും സ്വാധീനിക്കുന്നതെന്ന് പ്രസിദ്ധ ജൂറിസ്റ്റും അമേരിക്കൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജ. ബെഞ്ചമിൻ എൻ. കാർഡോസോ അഭിപ്രായപ്പെടുന്നുണ്ട്. ന്യായാധിപന്റെ പൂർവാർജിത വാസനകൾ, പരമ്പരാഗത ധാരണകൾ, ആർജിത ബോധ്യങ്ങൾ തുടങ്ങിയവയിലൂടെ രൂപപ്പെടുന്ന ജീവിത വീക്ഷണം വിധി പ്രസ്താവങ്ങളിൽ പ്രതിഫലിക്കുമെന്നാണ് കാർഡോസോ യുടെ നിരീക്ഷണം. കാർഡോസോയുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി വേണം ഇന്ത്യൻ കോടതികളെയും വിധി പ്രസ്താവങ്ങളെയും വിലയിരുത്താൻ.
ജുഡീഷ്യറി മറ്റു ഭരണകൂട സംവിധാനങ്ങളിൽ നിന്ന് പൂർണമായും സ്വതന്ത്രമാകണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. പാർലിമെന്റും അനുബന്ധ സംവിധാനങ്ങളും ഭരണഘടനാ തത്വങ്ങളെ ലംഘിക്കുമ്പോൾ അത് തിരുത്താൻ ബാധ്യതപ്പെട്ട സ്ഥാപനമാണ് ജുഡീഷ്യറി.

നേരത്തേ ഇത്തരം ചില അനിവാര്യ ഘട്ടങ്ങളിൽ കോടതികൾ ഇടപെടുകയും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ സംരക്ഷിച്ചുനിർത്താൻ മുന്നോട്ടു വരികയും ചെയ്തിട്ടുമുണ്ട്. പൗരന്റെ അവസാനത്തെ അത്താണിയാണ് കോടതികൾ. അത് കോർപറേറ്റുകളുടെയും ഭരണകൂടത്തിന്റെയും കൈയിലെ കളിപ്പാവയായി മാറാൻ അനുവദിച്ചു കൂടാ. പട്‌നായിക് സമിതിയുടെ അന്വേഷണം ജൂഡീഷ്യറിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ വെളിച്ചത്തു കൊണ്ടു വരാൻ സഹായകമാകട്ടെ.

Latest