Connect with us

Articles

ഇവർ മതത്തെയാണ് കൊല്ലുന്നത്

Published

|

Last Updated

ഇക്കാലമത്രയും കത്തി നിന്നിരുന്ന പൊതു ബോധത്തിന്റെ സൂര്യൻ അസ്തമിച്ചത് ന്യൂസിലാൻഡിലായിരുന്നു. മാനവസമൂഹത്തെ ഭീതിയുടെ നിലയില്ലാ കയങ്ങളിലേക്ക് എടുത്തെറിയാൻ പോകുന്നത് വെള്ളക്കാരന്റെ അപ്രമാദിത്വം ഉദ്‌ഘോഷിക്കുന്ന ഭീകര സംഘങ്ങളാണെന്നും ലോകത്തിന്റെ മുക്കിലും മൂലയിലും ഇത്തരം സംഘങ്ങൾ ശക്തിപ്പെട്ടു വരികയാണെന്നും വൻ സൈനിക ശക്തികളെന്ന് അഹങ്കരിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് നേരെയാണ് അവയുടെ തോക്കുകൾ ചൂണ്ടിനിൽക്കുന്നതെന്നും ക്രൈസ്റ്റ് ചർച്ചിലെ പള്ളികളിൽ മരിച്ചു വീണ പ്രാർഥനാനിരതരായ മനുഷ്യർ ലോകത്തോട് വിളിച്ചു പറഞ്ഞു. ഓരോ കൂട്ടക്കുരുതിയും പുതിയ കൊലയാളികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ ഓർമിപ്പിച്ചു.

“മുസ്‌ലിം ഭീകരത”യെന്ന പദം മിനുട്ടിൽ 30 തവണ ആവർത്തിക്കുന്ന നയതന്ത്ര ചർച്ചകളെ നോക്കി എന്തൊരു പ്രഹനമാണിതെന്ന് ലോകം ചോദിക്കാൻ തുടങ്ങി. ഭീകരനെ തേടി ഇറാഖിലും അഫ്ഗാനിലും ലിബിയയിലും യമനിലുമൊന്നും പോകേണ്ട, ഒന്നു കുനിഞ്ഞു നോക്കിയാൽ സ്വന്തം കട്ടിലിനടിയിൽ കാണാമെന്ന് ട്രംപിനെയും പുടിനെയും മാക്രോണിനെയുമൊക്കെ ബോധ്യപ്പെടുത്താൻ ന്യൂസിലാൻഡിലെ കൊലയാളിക്ക് സാധിച്ചു. ഒറ്റപ്പെട്ട സംഭവമെന്ന് ചിരിച്ചു തള്ളുന്ന ഡൊണാൾഡ് ട്രംപിനും പ്രതികരിക്കാൻ പിശുക്കു കാണിക്കുന്ന മോദിയടക്കമുള്ള നേതാക്കൾക്കും ഇസ്‌ലാമോഫോബിയയുടെ പഴയ പാട്ട് തന്നെ പാടിയിരിക്കാൻ ദീർഘകാലം സാധിക്കില്ലെന്ന തിരിച്ചറിവ് നൽകി കൊലയാളി പുറത്തിറക്കിയ മാനിഫെസ്റ്റോ. ഭീകരത കൊണ്ട് മുറിവേറ്റ സമൂഹമാണ് മുസ്‌ലിംകളെന്ന് ന്യൂസിലാൻഡ് പ്രഖ്യാപിച്ചു; അത്യന്തം വൈകാരികമായി.

അങ്ങേയറ്റം ഹൃദയഹാരിയായിരുന്നു ആ രാജ്യത്തിന്റെ ചേർത്തു പിടിക്കൽ. അവിടുത്തെ പ്രധാനമന്ത്രി ജസീന്താ ആർഡൻ ഹിജാബ് അണിഞ്ഞ് മുസ്‌ലിംകൾക്കിടയിലെത്തി. ക്ഷമയുടെയും സൗഹാർദത്തിന്റെയും പാഠങ്ങൾ ഉദ്‌ഘോഷിക്കുന്ന ഖുർആൻ വചനം അവരുടെ പാർലിമെന്റിൽ പ്രതിധ്വനിച്ചു. പൊതു ബോധത്തെ കീഴ്‌മേൽ മറിക്കുകയായിരുന്നു ന്യൂസിലാൻഡ്. വാർത്തകൾ കവിതകളായ നാളുകളായിരുന്നു അത്. ആ നാളുകളിലൊന്നിൽ എന്റെ സുഹൃത്ത് പറഞ്ഞു: “എന്നാണ് ന്യൂസിലാൻഡിന്റെ പേരിൽ വൃത്തികെട്ട പ്രതികാരം സംഭവിക്കുക? അധികം വൈകില്ല. സലഫികളും മതരാഷ്ട്രവാദികളും അടങ്ങിയിരിക്കില്ല. ഈ വെളിച്ചത്തെ അവർ ഇരുട്ടു കൊണ്ട് കൊടുത്തുക തന്നെ ചെയ്യും”. ഇപ്പറഞ്ഞ സുഹൃത്ത് മതമീമാംസയിൽ ബിരുദാനന്തരബിരുദമുള്ളയാളാണ്. ലോകത്തെ കുറിച്ച് ഉത്കണ്ഠപ്പെടുന്നയാളും. “ഇല്ല ഇത്തവണ അത് സംഭവിക്കില്ല. മനുഷ്യർ അത്രക്ക് വിഡ്ഢികളല്ല”. എന്ന് ആശ്വസിച്ചാണ് ആ സംസാരം ഞങ്ങൾ അവസാനിപ്പിച്ചത്.

സഹ്റാൻ ഹാഷിം

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിൽ പ്രാർഥനാപൂർവം ഒത്തു കൂടിയ ക്രിസ്ത്യൻ വിശ്വാസികൾക്കും ഹോട്ടലുകളിൽ ഉല്ലസിക്കാനെത്തിയ നിരപരാധർക്കും ഇടയിലേക്ക് പാഞ്ഞെത്തിയ ചാവേറുകൾ ആ ശുഭാപ്തി വിശ്വാസത്തെ കൊന്നു തള്ളിയിരിക്കുന്നു. ആരെയാണ് പഴിക്കുക? ആരാണ് ഇത് ചെയ്തത്? എന്താണ് അവർ നേടിയത്? ആർക്കുവേണ്ടിയാണ് അവർ പ്രവർത്തിച്ചത്? രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച ഉദ്യോഗസ്ഥരെ ശ്രീലങ്കൻ സർക്കാർ കുറ്റപ്പെടുത്തുന്നു. കൃത്യമായ ഉത്തരങ്ങളൊന്നും നൽകാൻ ദ്വീപ് രാഷ്ട്രത്തിന് സാധിച്ചിട്ടില്ല. അമഖ് വെബ്‌സൈറ്റ് വഴി പതിവു പോലെ ഐ എസ് ഭീകരർ ഉത്തരവാദിത്വം ഏറ്റിട്ടുണ്ട്. അതിനും പക്ഷേ തെളിവൊന്നുമില്ല. ഒരു കാര്യം വ്യക്തമാണ്.

നാഷനൽ തൗഹീദ് ജമാഅത്ത് എന്ന ശ്രീലങ്കൻ വഹാബി ഗ്രൂപ്പിന് ഈ കൊടും ക്രൂരതയിൽ പങ്കുണ്ട്. (ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സംഗതി നവസലഫിസമാണ്. സലഫിസം എന്ന പ്രയോഗത്തിൽ സച്ചരിതരായ മുൻഗാമികൾ എന്നർഥം വരുന്ന പദം ഉൾച്ചേർന്നതിനാൽ അത് ഒഴിവാക്കണം. വഹാബിസമാണ് ശരി. മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹാബിന്റെ ഇസം) തിരിച്ചറിഞ്ഞ ചാവേറുകളെല്ലാം വഹാബിസം തലക്ക് പിടിച്ചവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. പുറത്തു നിന്നുള്ള സഹായം അവർക്ക് കൈവന്നിട്ടുണ്ടാകാം. അതാകാം ഐ എസിന്റെ അവകാശവാദത്തിന് അടിസ്ഥാനം. ന്യൂസിലാൻഡിന് പ്രതികാരമാണ് ശ്രീലങ്കയെന്ന് പ്രഖ്യാപിക്കുക വഴി ഐ എസ് അതിന്റെ വിധ്വംസക ദൗത്യം പൂർത്തിയാക്കിയിരിക്കുന്നു. മതത്തെ രാക്ഷസവത്കരിക്കാനും ഇസ്‌ലാം പേടി കാലാകാലവും കത്തിച്ചു നിർത്താനുമുള്ള ക്വട്ടേഷനാണല്ലോ അവർ സാമ്രാജ്യത്വത്തിൽ നിന്ന് കൈകൊണ്ടത്.
ആരാണ് ഈ നാഷനൽ തൗഹീദ് ജമാഅത്ത്? മതത്തിലെ വ്യതിചലന പ്രവണതകൾക്കെതിരെ ഏറ്റവും വ്യവസ്ഥാപിതവും സമഗ്രവുമായ പ്രതിരോധം നടന്ന കേരള സമൂഹത്തിലെ ഏതൊരാൾക്കും ഈ പേരിലെ വാക്കുകളുമായി വേഗത്തിൽ കണക്ട് ചെയ്യാനാകും. തൗഹീദ് എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന ആശയമാണ്. കേവലം അനുഷ്ഠാനങ്ങൾ കൊണ്ട് നിലനിൽക്കുന്ന മതമല്ല ഇസ്‌ലാം. അത് ഏകദൈവ വിശ്വാസത്തിലാണ് വേരാഴ്ത്തി നിൽക്കുന്നത്. വിശ്വാസ ദാർഢ്യത്തെ കുറിക്കുന്ന തൗഹീദ് എന്ന പദം പണ്ഡിതശ്രേഷ്ഠരെ അവഹേളിക്കാനും സാത്വികരായ മനുഷ്യർക്ക് മേൽ കുഫ്റ് മുദ്ര ചാർത്താനും ഉപയോഗിച്ചതിന്റെ കുടില ചരിത്രം കേരളത്തിലെ തെരുവിൽ അൽപ്പ സമയം ബസ് കാത്തു നിന്ന ഏതൊരാൾക്കുമറിയാം. ശിർക്കാരോപണങ്ങളുടെ ഉച്ചഭാഷിണികൾ അത്രക്ക് ശബ്ദമലിനീകരണമാണല്ലോ ഇവിടെയുണ്ടാക്കിയത്. പാരമ്പര്യം മുറുകെ പിടിച്ച, സമാധാന സ്‌നേഹികളും ശാന്തരുമായ പണ്ഡിത സമൂഹത്തിന് മേൽ ക്രൂരമായ അവഹേളനം ചൊരിഞ്ഞത് നിരന്തരം കേട്ടവരാണ് ഇവിടെയുള്ളത്. ചിലർ അത് ആസ്വദിച്ചു. അതാണ് പുരോഗമനപരമെന്ന് വിശ്വസിച്ചു. മതത്തിനകത്തും പുറത്തുമുള്ള ചിലർ ഈ തൗഹീദ് സംഘങ്ങൾക്ക് പാലൂട്ടി. തീവ്രവാദത്തിന്റെ വിഷം ചീറ്റാനുള്ള തണ്ടും തടിയും നൽകി. ഒടുവിൽ ഐ എസിൽ ചേരാൻ പുറപ്പെട്ടുപോയവരുടെ കേട്ടു ഈ പദം.

ശ്രീലങ്കയിലും ഇതേപണിയാണ് തൗഹീദ് സംഘങ്ങൾ ചെയ്തത്. ഇതര മതസ്ഥരോട് ഇഴുകിച്ചേരാൻ സാംസ്‌കാരികമായ ഇടങ്ങൾ സമ്മാനിച്ച പാരമ്പര്യ മതനിഷ്ഠകളെ അവർ തള്ളിപ്പറഞ്ഞു. ശ്രീലങ്കൻ തൗഹീദ് ജമാഅത്ത് എന്ന സംഘടനയിൽ നിന്ന് പിളർന്ന് വന്നതാണ് നാഷനൽ തൗഹീദ് ജമാഅത്ത് (എൻ ടി ജെ). നിരവധി സൂഫി പണ്ഡിതരുടെ മഖ്ബറകളുടെയും പുണ്യ സ്ഥലങ്ങളുടെയും കേന്ദ്രമായ ശ്രീലങ്കയിൽ ഇവിടെ ചെല്ലുന്ന വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു മാതൃ സംഘടനയും പുതിയ സംഘടനയും പ്രവർത്തിച്ചിരുന്നത്. പുണ്യ കേന്ദ്രങ്ങൾക്ക് മുന്നിൽ ലഘുലേഖകൾ വിതരണം ചെയ്യുക, വിശ്വാസികളെ ഭീഷണിപ്പെടുത്തുക, വാഹനങ്ങൾ തടയുക തുടങ്ങിയവയായിരുന്നു മുഖ്യ പ്രവർത്തനം. മിക്ക ദർഗകൾക്കും മുന്നിൽ ഇവരുടെ പ്രചാരണ കൗണ്ടറുകൾ ഉണ്ടാകും. ജനസംഖ്യയുടെ പത്ത് ശതമാനം മാത്രം വരുന്ന മുസ്‌ലിംകൾക്കിടയിൽ അപകർഷതാ ബോധവും അരക്ഷിത ബോധവും വിതക്കുകയായിരുന്നു ഇവരുടെ പ്രചാരണങ്ങൾ. ഹിജാബിനെതിരെയും ഹലാൽ ഭക്ഷണ കൗണ്ടറുകൾക്കെതിരെയും രംഗത്ത് വന്ന ബോധു ബല സേന പോലുള്ള ബുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ ചൂണ്ടിയാണ് ഇവ ആളെക്കൂട്ടാറുള്ളതെങ്കിലും ഇവയുമായി ഒരു നിലക്കും ഏറ്റുമുട്ടാതെ നോക്കുകയാണ് പതിവ് ശൈലി. ബുദ്ധ സന്യാസിമാർക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ശ്രീലങ്ക തൗഹീദ് ജമാഅത്ത് സെക്രട്ടറി അബ്ദുൽ റസാക്കിനെ 2016ൽ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ക്ഷമാപണം നടത്തി തടിയൂരിയത് ഇതിന് തെളിവാണ്. കഴിഞ്ഞ വർഷം മധ്യകാൻഡിയിലും മറ്റും ബുദ്ധ തീവ്രവാദികൾ മുസ്‌ലിം കച്ചവട സ്ഥാപനങ്ങളും വീടുകളും ആക്രമിച്ചിരുന്നു.

ജ്ഞാനസരയെ പോലുള്ള ബുദ്ധഭിക്ഷു വേഷധാരികളുടെ പ്രസംഗങ്ങൾ ഇത്തരം ആക്രമണങ്ങൾക്ക് വഴിമരുന്നിടുന്നതും ശ്രീലങ്കയിൽ പതിവാണ്. ഇവ പ്രചരിപ്പിച്ചാണ് തൗഹീദ് സംഘങ്ങൾ യുവാക്കളെ സംഘടിപ്പിക്കുന്നത്. ഒരു വശത്ത് ബുദ്ധ സംഘങ്ങളുടെ വർഗീയ പ്രചാരണം. മറുവശത്ത് സലഫീ ഗ്രൂപ്പുകളുടെ തീവ്ര പ്രചാരണം. ഇങ്ങനെ വിഭജിതമായ സാമൂഹിക സാഹചര്യത്തിലാണ് ശ്രീലങ്കയിലെ മുസ്‌ലിം ന്യൂനപക്ഷം കഴിഞ്ഞു കൂടുന്നത്. ഇതിനിടയിലും സൂഫി പണ്ഡിതരുടെ ശാന്തമായ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി നിരവധി പേർ ഇസ്‌ലാമിലേക്ക് കടന്നു വരുന്നുണ്ട്. ദർഗകളും പുണ്യ കേന്ദ്രങ്ങളുമാണ് ശരിയായ ജ്ഞാന പ്രസരണത്തിന്റെ വേദികളാകുന്നത്. എന്നാൽ ഇന്റർനെറ്റും ആധുനിക സങ്കേതങ്ങളും ഉപയോഗിച്ച് യുവാക്കളെ ആകർഷിക്കുന്നതിൽ “തൗഹീദ് സംഘ”ങ്ങൾ വ്യാപൃതരാകുകയും അവർക്ക് വലിയ സാമ്പത്തിക പിന്തുണ കൈവരികയും ചെയ്തതോടെ എടുത്തു ചാട്ടങ്ങൾക്ക് വഹാബികൾ ആത്മവിശ്വാസം നേടുകയായിരുന്നു. ഈ ആത്മവിശ്വാസത്തിന്റെ ഏറ്റവും ഭീകരമായ ആവിഷ്‌കാരമാണ് ചർച്ചുകളിൽ കണ്ടത്.

കേരളത്തിൽ എങ്ങനെയാണോ വഹാബീ സംഘങ്ങൾ എണ്ണത്തുണിയേറ് നടത്തുന്നത് അതേ നിലയാണ് ശ്രീലങ്കയിലുമുള്ളതെന്ന് സ്‌ഫോടന പരമ്പരക്ക് ശേഷം പുറത്തു വന്ന പ്രതികരണങ്ങൾ കാണിക്കുന്നു. പേരിന്റെ കസർത്താണ് നടക്കുന്നത്. ഞങ്ങളല്ല അവരെന്ന് പരസ്പരം റദ്ദാക്കുന്നു. ശ്രീലങ്കൻ തൗഹീദ് ജമാഅത്ത് (എസ് എൽ ടി ജെ) പറയുന്നത് തങ്ങൾക്ക് സ്‌ഫോടനവുമായി ഒരു ബന്ധവുമില്ലെന്നാണ്. സാമൂഹിക മാധ്യമങ്ങളിൽ ഭീകരവാദികൾക്കെതിരെ ശക്തമായ പ്രചാരണവും ഇവർ നടത്തുന്നു. എന്നാൽ ഈ സംഘടനയും സലഫീ ആശയധാരയുമായി ഏറെ അടുപ്പം പുലർത്തുന്നതാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. മതവിഭജനം സൃഷ്ടിക്കുന്ന പ്രസംഗങ്ങൾക്ക് ഇതിന്റെ നേതാക്കൾ അറസ്റ്റിലായിരുന്നു.

തീവ്രത പോരെന്ന ആക്ഷേപം മാത്രമേ നാഷനൽ തൗഹീദുകാർ എസ് എൽ ടി ജെക്കെതിരെ ഉന്നയിക്കുന്നുള്ളൂ. എസ് എൽ ടി ജെക്ക് തീവ്രവാദ പ്രവണതയുണ്ടെന്നാണ് മറ്റൊരു സലഫീ ഗ്രൂപ്പായ സിലോൺ തൗഹീദ് ജമാഅത്ത് സാക്ഷ്യപ്പെടുത്തുന്നത്. മതപരവും സംഘടനാപരവുമായി കടുത്ത അഭിപ്രായവ്യാതാസമുള്ളത് കൊണ്ടാണ് സിലോൺ തൗഹീദ് ജമാഅത്തെന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കിയതെന്ന് എസ് എൽ ടി ജെ മുൻ അസിസ്റ്റന്റ് സെക്രട്ടറി റാസ്മിൻ വാർത്താ ഏജൻസിയോട് പറഞ്ഞിട്ടുണ്ട്. നാഷനൽ തൗഹീദ് ജമാഅത്തിനെ തള്ളിപ്പറയാൻ എസ് എൽ ടി ജെക്ക് സാധിക്കില്ലെന്നാണ് സിലോൺ തൗഹീദുകാരുടെ വാദം.

ശ്രീലങ്കയിൽ ഒതുങ്ങുന്നില്ല തൗഹീദ് പ്രതിസന്ധി. തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന തമിഴ്‌നാട് തൗഹീദ് ജമാഅത്തിനെതിരെയും ആരോപണ മുന നീളുന്നുണ്ട്. ഈ വഹാബി ഗ്രൂപ്പിനും പ്രധാന പരിപാടി ദർഗക്ക് മുന്നിൽ തമ്പടിച്ച് കുത്തിത്തിരിപ്പുണ്ടാക്കലാണ്. മനിതർ മക്കൾ കച്ചി പോലുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ഇവർക്കുണ്ട്. പേരിലേ സാമ്യമുള്ളൂ; ഞങ്ങൾ തീവ്രവാദികളല്ല എന്ന് ടി എൻ ടി ജെ വക്താവ് അബ്ദുർ റഹ്മാൻ പറഞ്ഞൊഴിയുന്നുവെങ്കിലും വേണ്ടത്ര ശക്തി ആ വാദത്തിന് കിട്ടുന്നില്ല. 2015ൽ ടി എൻ ടി ജെയുടെ നേതാവ് പി സൈനുൽ ആബിദീനെ ശ്രീലങ്കൻ തൗഹീദ് ജമാഅത്തിന്റെ ഒരു പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഖുർആന്റെ സിംഹള പരിഭാഷയിറക്കുന്ന ചടങ്ങിലേക്കായിരുന്നു ക്ഷണം. പക്ഷേ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. ശ്രീലങ്കയിലെ സംഘടനയുമായി ബന്ധമില്ലെന്നതിന് തെളിവായി ഇക്കാര്യം തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ഉയർത്തിക്കാണിക്കുന്നു. എന്നാൽ സംഘടനയുടെ പ്രവർത്തന മേഖല പറയുന്നിടത്ത് ശ്രീലങ്കയുണ്ട്. മധുര വഴി കേരളത്തിലേക്ക് അന്വേഷണം നീളുമെന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്ത. ആ വാർത്ത അടിസ്ഥാനരഹിതമാകട്ടെയെന്ന് പ്രാർഥിക്കുക മാത്രമേ വഴിയുള്ളൂ.

വിഷയം ഗൗരവതരമാണ്. പേരോ നേതാവോ ഇടമോ ഒന്നുമല്ല. ആശയം തന്നെയാണ് പ്രശ്‌നം. വഹാബിസ്റ്റ് സംഘടനകളെ ഒന്നാകെ ഒറ്റ മാനദണ്ഡത്തിൽ കാണരുതെന്ന് ചില ബുദ്ധിജീവികളും പത്രപ്രവർത്തകരും പറയാറുണ്ട്. വഹാബി നേതാക്കൾക്ക് കാതിനിമ്പമുള്ള വാദമാണിത്. നവോത്ഥാനത്തിന്റെയും പരിഷ്‌കരണത്തിന്റെയും വിശ്വാസ ശുദ്ധിയുടെയും മണൽക്കൂനയിൽ തലപൂഴ്ത്തിയിരിക്കാൻ വഹാബികൾക്ക് അവസരമൊരുക്കുകയാണ് ഈ വാദം ചെയ്യുന്നത്. ഐ എസിന്റെയും നാഷനൽ തൗഹീദ് ജമാഅത്തിന്റെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ പേരുള്ള തീവ്രവാദി സംഘങ്ങളുടെയും ആശയസ്രോതസ്സ് ഒന്നുകിൽ വഹാബിസമാണ് അല്ലെങ്കിൽ മൗദൂദിസമാണ്. തെളിവെന്ത് എന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങളുണ്ട്. ഒന്ന്, മതത്തിൽ ബലാത്കാരമില്ല എന്ന ഖുർആൻ വാക്യം തന്നെയാണ്. രണ്ട്, വഹാബിസ്റ്റ് മത സംസ്ഥാപനം ചോരപ്പുഴ ഒഴുക്കിയായിരുന്നുവെന്ന ചരിത്ര വസ്തുതയും. ഖുർആൻ ആയുധമെടുക്കാൻ ആഹ്വാനം നൽകിയിട്ടില്ല. മദീനയിൽ ഒരു ഭരണകൂടം സ്ഥാപിച്ച ശേഷം അനിവാര്യമായ ഘട്ടത്തിൽ യുദ്ധത്തിന് അനുമതി നൽകുകയാണ് ചെയ്തത്. പിന്നെ എവിടെ നിന്നാണ് നിരപരാധികളായ മനുഷ്യരെ കൊന്നു തള്ളൂന്ന ഈ പ്രത്യയ ശാസ്ത്രം കടന്നുവന്നത്? ഉത്തരം വഹാബിസത്തിൽ മാത്രമേ ചെന്ന് തൊടുകയുള്ളൂ.

അതുകൊണ്ടാണല്ലോ ഐ എസിനെ മുച്ചൂടും മുടിച്ചുവെന്ന് അമേരിക്കയും റഷ്യയും പ്രഖ്യാപിക്കുമ്പോഴും കൊന്നതിൽ ഊറ്റം കൊണ്ട് തീവ്രവാദികൾ രംഗത്ത് വരുന്നത്. മതത്തിന്റെ അക്ഷരവായനയിൽ കുടുങ്ങിപ്പോയ എത്രയോ യുവാക്കൾ, പ്രത്യേകിച്ച് വിദ്യാസമ്പന്നർ, എവിടെയൊക്കെയോ “വിശുദ്ധ യുദ്ധ”ത്തിന് തയ്യാറെടുക്കുന്നുണ്ട്. ശരീരത്തിൽ ബോംബ് കെട്ടിവെച്ച് അവർ ഇറങ്ങുന്നു. മനുഷ്യരെ മാത്രമല്ല മതത്തെ തന്നെയാണ് അവർ കൊല്ലുന്നത്. ഖിലാഫത്ത് തകർക്കാൻ അന്ന് വഹാബിസം ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി കൈകോർത്തു. ഇന്ന് മതം പൊളിക്കാൻ നവ സാമ്രാജ്യത്വത്തിന് ദാസ്യപ്പണി ചെയ്യുന്നു.

അടുത്ത ചോദ്യമിതാണ്, ഫാസിസം കത്തി നിൽക്കുമ്പോൾ വഹാബിസത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നത് പല്ലിട കുത്തി മണപ്പിക്കലല്ലേ. ഒറ്റുകാരന്റെ വേഷമല്ലേ നിങ്ങൾ ആടുന്നത്? ശരിയാണ് ഇന്ത്യയിലും ശ്രീലങ്കയിലും മ്യാൻമറിലുമൊക്കെ ഭൂരിപക്ഷ ഫാസിസം ജ്വലിച്ചു നിൽക്കുകയാണ്. ഇവിടെ രാഷ്ട്രീയ സ്വയം സേവക് സംഘ് ഉണ്ടെങ്കിൽ അവിടെ ബോധു ബല സേനയുണ്ട്. ഇവിടെ സാധ്വി പ്രജ്ഞാ സിംഗ് ഉണ്ടെങ്കിൽ അവിടെ അഷിൻ വിരാതുവും ജ്ഞാന സരയുമുണ്ട്. ഇവിടെ ഗുജറാത്ത് ഉണ്ടെങ്കിൽ ശ്രീലങ്കയിൽ അലുത്ഗാമയും മ്യാൻമറിൽ രാഖിനെയുമുണ്ട്. സിംഹള ഭൂരിപക്ഷത്തിന്റെ കൈയിലാണ് ശ്രീലങ്കയിലെ ഭരണകൂടം, ഏത് പാർട്ടി ഭരിച്ചാലും. എൽ ടി ടി ഇക്കാർ മുസ്‌ലിംകളെ ആക്രമിച്ചു. സിംഹളരും. പക്ഷേ, ഈ അവസ്ഥയെ മറികടക്കാൻ ബോംബ് പൊട്ടിച്ചത് കൊണ്ട് സാധിക്കുമോ? യുവാക്കളെ മതബോധനത്തിന്റെ മറവിൽ തീവ്രവാദത്തിലെത്തിച്ചാൽ എങ്ങനെയാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുക. സത്യത്തിൽ ഭൂരിപക്ഷ വർഗീയതക്ക് ശക്തി പകരുകയാണ് ഈ ഗ്രൂപ്പുകൾ ചെയ്യുന്നത്. ഇവർ പരസ്പര സഹായികളാണ്. അതുകൊണ്ട് വഹാബിസത്തിനെതിരായ ആശയ പോരാട്ടം ഫാസിസത്തോടുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമാണ്. തമിഴ് എം പിയായ സുമാന്തിരൻ ശ്രീലങ്കൻ പാർലിമെന്റിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ ഒരു വാചകമുണ്ട്: “ഈ ആക്രമണം നടത്തിയവരെ മുസ്‌ലിം സമൂഹം തങ്ങളുടെ കൂട്ടത്തിൽ പെടുത്തുന്നില്ല. അവർ മറ്റാരോ ആണ്”്. ഭീകരമായ തിരിച്ചടി പേടിച്ചിരിക്കുന്ന മുസ്‌ലിംകളോട് ഇതിനേക്കാൾ വലിയ ഐക്യദാർഢ്യമുണ്ടോ?

ഒരു ആശയവും ഇന്ന് ദേശ അതിർത്തികളിൽ ഒതുങ്ങി നിൽക്കില്ല. ഇന്റർനെറ്റിലൂടെ അത് ഒഴുകിപ്പരക്കും. സാകിർ നായിക് ശ്രീലങ്കയിലെ ചാവേറുകൾക്ക് പ്രചോദനമാകും. ബംഗ്ലാദേശിലെ തീവ്രവാദികൾക്കും. വ്യക്തികൾ ഇവിടെ പ്രസക്തമേ അല്ല. ഒരു സുഗന്ധ വ്യഞ്ജന വ്യാപാരിയെ കുറിച്ചോ ഇരട്ട സഹോദരൻമാരെ കുറിച്ചോ കഥ മെനഞ്ഞിട്ട് കാര്യമില്ല. എല്ലാവർക്കും പ്രചോദനമാകുന്ന മതവിരുദ്ധ ആശയഗതിയെ തുറന്ന് കാണിക്കുകയും യഥാർഥ മതം പ്രചരിപ്പിക്കുകയും മാത്രമാണ് പോംവഴി.

മുസ്തഫ പി എറയ്ക്കൽ • musthafalogam@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest