Connect with us

National

മോദി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അദ്ദേഹമുള്‍പ്പെട്ട മുന്നാക്ക ജാതിയെ പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി: മായാവതി

Published

|

Last Updated

പ്രധാന മന്ത്രി നരേന്ദ്ര മോദി അദ്ദേഹമുള്‍പ്പെട്ട മുന്നാക്ക ജാതിയെ പിന്നാക്ക വിഭാഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണവുമായി ബി എസ് പി അധ്യക്ഷ മായാവതി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മോദി ഇങ്ങനെ ചെയ്തതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മായാവതി പറഞ്ഞു.

മുലായം സിംഗ് യാദവിനെയോ അഖിലേഷ് യാദവിനെയോ പോലെ പിന്നാക്ക ജാതിയില്‍ ജനിച്ചയാളല്ല നരേന്ദ്ര മോദി. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ ലാഭങ്ങള്‍ക്കായി താനുള്‍പ്പെട്ട മുന്നാക്ക ജാതിയെ പിന്നാക്ക വിഭാഗ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍, ബി ജെ പിയുടെ ദളിത്-പിന്നാക്ക ജാതി കാര്‍ഡ് ഉത്തര്‍ പ്രദേശില്‍ വിജയിക്കാന്‍ പോകുന്നില്ല- മായാവതി പറഞ്ഞു.

ജാതിയും ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കലും മറ്റുമാണ് യു പിയിലെ എസ് പി-ബി എസ് പി-ആര്‍ എല്‍ ഡി അവസരവാദ സഖ്യത്തിന്റെ മന്ത്രമെന്ന മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മായാവതി. ജാതി രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് യു പിയിലെ കനൗജ്, ഹര്‍ദോയി, സിതാപൂര്‍ മേഖലകളില്‍ നടന്ന എന്‍ ഡി എ റാലികളില്‍ പ്രസംഗിക്കവെ മോദി പറഞ്ഞിരുന്നു.

“എതിരാളികള്‍ ജാതി ചൊല്ലി അധിക്ഷേപിക്കുന്നതു വരെ എന്റെ ജാതിയെ കുറിച്ച് രാജ്യത്തെ ജനത അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ എന്റെ ജാതി ചര്‍ച്ച ചെയ്യുന്നതിന് മായാവതിയോടും അഖിലേഷിനോടും കോണ്‍ഗ്രസുകാരോടും ദുഷിച്ച മഹാസഖ്യത്തോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. പിന്നാക്ക ജാതിയില്‍ ജനിക്കുന്നത് രാഷ്ട്രത്തെ സേവിക്കാനുള്ള അവസരമായാണ് ഞാന്‍ കാണുന്നത്- മോദി പറഞ്ഞു.

 

Latest