Connect with us

Gulf

റമസാന്‍ അരികെ; ഇഫ്താര്‍ കൂടാരങ്ങള്‍ ഒരുങ്ങി

Published

|

Last Updated

റോളയിലെ മസ്ജിദ് പരിസരത്തെ കൂടാരം

ഷാര്‍ജ: വിശുദ്ധ റമസാന് നാളുകള്‍ ബാക്കിനില്‍ക്കെ ഇഫ്താര്‍ കൂടാരങ്ങള്‍ ഒരുങ്ങുന്നു. അടുത്ത മാസം ആദ്യവാരത്തിലാണ് റമസാന്‍ ആരംഭം. മസ്ജിദ് പരിസരങ്ങളിലാണ് കൂടാരങ്ങള്‍ കൂടുതലും ഒരുക്കിയിരിക്കുന്നത്. പ്രധാന മസ്ജിദ് പരിസരങ്ങളിലെല്ലാം വിശ്വാസികള്‍ ഒന്നിച്ചിരുന്ന് നോമ്പ് തുറക്കാനുള്ള കൂടാരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.

മസ്ജിദുകളുടെ പരിസരത്തെ സ്ഥല സൗകര്യത്തിനനുസരിച്ചാണ് കൂടാരങ്ങള്‍ പണിതിട്ടുള്ളത്. പൊതു, സ്വകാര്യ ഇടങ്ങളിലും കൂടാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ശീതീകരണ സംവിധാനങ്ങളോടെയുള്ള കൂടാരങ്ങളില്‍ നൂറുകണക്കിനാളുകള്‍ക്ക് ഒന്നിച്ചിരുന്ന് നോമ്പ് തുറക്കാനുള്ള സൗകര്യമുണ്ടാകും. കാര്‍പെറ്റുകളും മറ്റും വിരിച്ചാണ് ഇരിക്കാനുള്ള സൗകര്യമൊരുക്കുക.

മിക്ക മസ്ജിദ് പരിസരങ്ങളിലും വാഹന പാര്‍ക്കിംഗ് ഒഴിവാക്കിയാണ് കൂടാരങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ജീവകാരുണ്യ സംഘടനകളുടെ നേതൃത്വത്തിലാണ് കൂടാരങ്ങള്‍ ഒരുക്കുന്നത്. നോമ്പ് തുറക്കാനുള്ള മുഴുവന്‍ വിഭവങ്ങളും ഈ സംഘടനകള്‍ തന്നെയാകും വിതരണം ചെയ്യുക. ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷനലിന്റെതടക്കം നേതൃത്വത്തില്‍ വര്‍ഷംതോറും വ്യാപകമായി ഇഫ്താര്‍ വിരുന്നുകള്‍ ഒരുക്കിവരുന്നുണ്ട്. സാധാരണ തൊഴിലാളികള്‍ക്ക് ഇത്തരം സൗജന്യ ഇഫ്താര്‍ വിരുന്നുകള്‍ ഏറെ ആശ്വാസം പകരും.