Connect with us

Gulf

ശ്രീലങ്കയിലെ ചാവേര്‍ ആക്രമണങ്ങള്‍; മധ്യപൗരസ്ത്യ ദേശത്തും നടുക്കം

Published

|

Last Updated

ശ്രീലങ്കയിലെ ഭീകരാക്രമണം മധ്യപൗരസ്ത്യ ദേശത്തെയും നടുക്കിയിട്ടുണ്ട്. ഇറാഖ്, സിറിയ, സഊദി അറേബ്യ എന്നിങ്ങനെ രാജ്യങ്ങള്‍ ഭീകര തത്വസംഹിതയുടെ വേരറുക്കുമ്പോഴാണ് ശ്രീലങ്കയില്‍ അപ്രതീക്ഷിതമായി നാശം വിതക്കപ്പെട്ടത്. ഭീകരര്‍ സമൂഹത്തിന് വരുത്തിവെച്ച ദുര്യോഗങ്ങള്‍ എന്തുമാത്രമെന്നു നന്നായി അറിയുന്ന മധ്യപൗരസ്ത്യ ദേശം, അത്‌കൊണ്ട് തന്നെ ശ്രീലങ്കന്‍ ജനതയോട് വേഗം ഐക്യപ്പെട്ടു. മാത്രമല്ല, അവരുടെ കണ്ണീരൊപ്പാന്‍ എന്ത് സഹായത്തിനും തയാറായി. ദുബൈ, ലോകത്തിലെ പൊക്കമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയെ ശ്രീലങ്കന്‍ പതാകയാല്‍ അലങ്കരിച്ചു.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ദുബൈയില്‍ നിന്ന് ബന്ധുക്കളെ കാണാന്‍ പോയ കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി റസീന, ഔദ്യോഗിക ആവശ്യാര്‍ഥം പോയ ഡല്‍ഹി സ്വദേശി ജുനോ ശ്രീവാസ്തവ എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇത് യു എ ഇ സമൂഹത്തിനു വലിയ ആഘാതമായി.

ലക്ഷക്കണക്കിന് ശ്രീലങ്കക്കാരാണ് ഗള്‍ഫില്‍ ജീവിതോപാധി തേടിയുള്ളത്. അവരില്‍ പലരുടെയും ഉറ്റവര്‍ക്ക് സ്ഫോടനത്തില്‍ ജീവഹാനി സംഭവിച്ചിട്ടുണ്ട്. എല്ലാംകൊണ്ടും അന്നാട്ടുകാരുടെ ഹൃദയത്തിനേറ്റ മുറിവുണങ്ങാന്‍ കാലം ഏറെ വേണ്ടി വരും. ഇതിനെല്ലാമുപരിയാണ്, ഐ എസ് അഥവാ ദായിഷ് ഭീകരസംഘം ഏഷ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന കടുത്ത യാഥാര്‍ഥ്യം മറനീക്കി പുറത്തുവന്നത്.

ഇറാഖിലും സിറിയയിലും അഴിഞ്ഞാടിയ ഭീകര സംഘം തന്നെയാണോ ഏഷ്യയിലും എത്തിയതെന്ന സംശയം നിലനില്‍ക്കുന്നുവെങ്കിലും ശ്രീലങ്കയിലെ നാഷണല്‍ തൗഹീദ് ജമാഅത്ത് ഊര്‍ജം ഉള്‍ക്കൊണ്ടത് അബൂബക്കര്‍ ബഗ്ദാദിയുടെ നേതൃത്വത്തിലുള്ള ദായിഷില്‍ നിന്നാണെന്നു ഉറപ്പായി. ചാവേര്‍ ആക്രമണങ്ങളിലൂടെയാണ് ദായിഷ് കുപ്രസിദ്ധരായത്. ശ്രീലങ്കയിലും അത്തരമൊരു ആക്രമണമാണ് നടന്നത്.

ഇറാഖിലും സിറിയയിലും ദായിഷില്‍ എത്തിപ്പെട്ടവരില്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ഏറെ. ശ്രീലങ്കയിലും ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ആക്രമണകാരികളുടെ കൂട്ടത്തില്‍പെട്ടു. ബ്രിട്ടനിലും ആസ്‌ത്രേലിയയിലും ഉപരിപഠനം നടത്തിയ അബ്ദുല്‍ ലത്വീഫ് ജമീല്‍ മുഹമ്മദാണ് ചാവേറായവരില്‍ ഒരാള്‍. ശ്രീലങ്കയിലെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിം തീവ്രസലഫി ആശയങ്ങളില്‍ ആകൃഷ്ടനായ യുവാവാണത്രെ.

മധ്യപൗരസ്ത്യ ദേശത്ത് ദായിഷ് രണ്ട് തരത്തിലുണ്ടെന്നാണ് പൊതുവെയുള്ള നിഗമനം. അഫ്ഗാനിസ്ഥാനില്‍ റഷ്യക്കെതിരെ അമേരിക്ക രൂപം നല്‍കിയ അല്‍ ഖായിദയുടെ അവാന്തര വിഭാഗമാണ് ഒന്ന്. മറ്റൊന്ന്, രാഷ്ട്രീയ അധികാരത്തിനു വേണ്ടി സലഫിസത്തെ ഉപയോഗിക്കുന്നവരും. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇവരെ ചില രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗം ചട്ടുകമാക്കാറുണ്ട്. സിറിയയില്‍ ബശാര്‍ അല്‍ അസദിനെ താഴെയിറക്കാന്‍ ചില പശ്ചാത്യരാജ്യങ്ങള്‍ ദായിഷിനു ആയുധങ്ങള്‍ നല്‍കിയത് ഓര്‍ക്കുക. ആത്യന്തികമായി സിറിയയെ നശിപ്പിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം.

ഭീകരപ്രവര്‍ത്തകര്‍ സഊദി അറേബ്യയെയും ലക്ഷ്യമിട്ടിട്ടുണ്ട്. ശ്രീലങ്കയില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ നടന്ന ദിവസം തന്നെ റിയാദില്‍ പോലീസ് സ്റ്റേഷന്‍ ആക്രമണം നടത്താന്‍ സായുധ ധാരികള്‍ എത്തിയിരുന്നു. പ്രത്യാക്രമണത്തില്‍ സഊദി പോലീസ് നാല് പേരെ വധിച്ചു. ശ്രീലങ്കയില്‍ പക്ഷെ വിഫലമാക്കാന്‍ കഴിഞ്ഞില്ല. 253 പേരാണ് കൊല്ലപ്പെട്ടത്. ചാവേറുകളുടെ കൂട്ടത്തില്‍ ഒരു സ്ത്രീ കൂടിയുണ്ടായിരുന്നു. ഇനി, മുഖാവരണം ധരിച്ച എല്ലാ സ്ത്രീകളും സംശയ നിഴലിലാകും എന്നതാണ് മറ്റൊരു ആശങ്ക. ബുര്‍ഖ ധരിച്ചു ആരും ശ്രീലങ്കയില്‍ എത്തരുതെന്ന് ഭരണകൂടം അറിയിപ്പ് നല്‍കിയിരിക്കുന്നു.

മധ്യപൗരസ്ത്യ ദേശത്തു നിന്ന് ധാരാളം ആളുകള്‍ വിനോദ സഞ്ചാരികളായി ശ്രീലങ്കയില്‍ എത്താറുണ്ടായിരുന്നു. എല്‍ ടി ടി യെ കീഴ്‌പ്പെടുത്തിയ ശ്രീലങ്കന്‍ ഭരണകൂടം വിനോദ സഞ്ചാര വികസനം ലക്ഷ്യമാക്കി മധ്യ പൗരസ്ത്യ ദേശത്തു നിരവധി പ്രചാരണങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. അവ ഫലം കണ്ടു വരികയുമായിരുന്നു. ദുബൈയില്‍ എല്ലാ വര്‍ഷവും നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ശ്രീലങ്ക ശ്രദ്ധ പിടിച്ചു പറ്റാറുണ്ടായിരുന്നു. ഇത്തവണ, കൂറ്റന്‍ പവലിയനാണ് അവര്‍ ആസൂത്രണം ചെയ്തിരുന്നത്. എല്ലാം വൃഥാവിലാകുന്ന അവസ്ഥയാണ്.

പതിറ്റാണ്ടുകളോളം ഒരു രാജ്യത്തെ പിന്നിലേക്ക് തള്ളിയിടാന്‍ ഭീകരര്‍ക്ക് കഴിഞ്ഞു. പക്ഷേ ശ്രീലങ്കക്ക് കൈത്താങ്ങാകാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നു. ആളും അര്‍ഥവും നല്‍കി ഭീകരരെ തുരത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ലോകത്തിന് തന്നെ മാതൃകാസമൂഹമായ, സഹിഷ്ണുതക്ക് പ്രത്യേക മന്ത്രാലയമുള്ള യു എ ഇ ഒരുപടി കൂടി കടന്ന്, ശ്രീലങ്കയെ ചേര്‍ത്തുപിടിച്ച് സാന്ത്വനിപ്പിക്കുന്നു.