Connect with us

Gulf

പ്രളയ ദുരിതാശ്വാസം; ദമാമിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ കാണിച്ച ഉദാരത മാതൃകാപരം- മുഖ്യമന്ത്രി

Published

|

Last Updated

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദമാം മീഡിയ ഫോറത്തിന്റെ ധനസഹായം മുന്‍ പ്രസിഡന്റ് എം എം നഈം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു

ദമാം: ദമാമിലെ മലയാളം മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമാം മീഡിയ ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ധനം നല്‍കി. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മീഡിയ ഫോറം മുന്‍ പ്രസിഡന്റ് എം എം നഈം മുഖ്യമന്ത്രി പിണറായി വിജയന് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ അധികൃതരുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ പ്രവാസി മാധ്യമ പ്രവര്‍ത്തകര്‍ നിര്‍വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പ്രവാസി വിഷയങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ വസ്തുതകള്‍ മനസിലാക്കി പൂര്‍ണ മനസ്സോടെ അത് ഏറ്റെടുത്ത് നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ സുസജ്ജമാണ്. പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍ നിര്‍മിതിക്ക് പ്രവാസി സമൂഹത്തില്‍ നിന്ന് നിസ്സീമമായ പിന്തുണയാണ് ലഭിച്ചത്. ഈ വിഷയത്തില്‍ ദമാമിലെ മലയാളം മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ കാണിച്ച ഉദാരത മാതൃകാപരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനങ്ങളുടെ ഫീസിനത്തില്‍ ലഭിക്കുന്ന ചെറിയ തുകകള്‍ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കണ്ണി ചേരുന്നതിനാണ് ദമാം മീഡിയ ഫോറം ഉപയോഗപ്പെടുത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. വര്‍ഷങ്ങളായി മീഡിയ ഫോറം ഏറ്റെടുത്ത് നടത്തിയ ഇത്തരം മുഴുവന്‍ സേവനങ്ങളും സ്വന്തം നിലക്ക് നിര്‍വഹിച്ചു പോരുകയാണ്. കൂടാതെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ ഒരാള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന ഭവന പദ്ധതി പൂര്‍ത്തീകരണ ഘട്ടത്തിലാണുള്ളത്.

തിരുവനന്തപുരം കാന്‍സര്‍ സെന്റര്‍ ഉള്‍പ്പടെ ആതുര സേവന രംഗത്തും അര്‍ഹരായവരെ കണ്ടെത്തി ദമാം മീഡിയ ഫോറം സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രവാസി സമൂഹത്തിന്റെ പൊതു വിഷയങ്ങളില്‍ ഇടപെടുന്നതോടൊപ്പം അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടി പങ്കാളികളാവുക എന്നതാണ് ഫോറം അനുവര്‍ത്തിച്ചു വരുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.