Connect with us

Kerala

സ്വകാര്യ ബസുകള്‍ക്ക് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഗതാഗത വകുപ്പിന്റെ സര്‍ക്കുലര്‍

Published

|

Last Updated

തിരുവനന്തപുരം: കല്ലട ബസ് യാത്രക്കാര്‍ക്ക് നേരെ ക്രൂരമായ അതിക്രമമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. നിയമലംഘനങ്ങള്‍ തടയുക ലക്ഷ്യം വച്ചാണിത്.

ഓരോ 50 കിലോമീറ്റര്‍ പരിധിക്കുള്ളിലും യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങളേര്‍പ്പെടുത്തണം, കെ എസ് ആര്‍ ടി സി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ ബുക്കിംഗ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാനോ ബസുകള്‍ പാര്‍ക്കു ചെയ്യാനോ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ഏര്‍പ്പെടുത്തുന്നത്. എല്‍ എ പി ടി (ലൈസന്‍സ്ഡ് ഏജന്റ് ഫോര്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്) ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഇവയുള്‍പ്പടെ നിരവധി കര്‍ശന വ്യവസ്ഥകള്‍ പാലിക്കണം.

ഈ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടാകാന്‍ പാടില്ല. ബസ് പുറപ്പെടുന്ന സമയം, ജീവനക്കാരുടെ വിവരങ്ങള്‍, ഹെല്‍പ് ലൈന്‍ നമ്പറുകള്‍, അടിയന്തര സാഹചര്യത്തില്‍ അധികൃതരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തില്‍ യാത്രക്കാര്‍ക്ക് നല്‍കണമെന്നും യാത്രക്കിടയില്‍ വാഹനം തകരാറിലായാല്‍ യാത്രക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഗതാഗത വകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടക സര്‍ക്കാറുമായി ചേര്‍ന്ന് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും ഗതാഗത സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Latest