Connect with us

Uae

ഇരകൾക്ക് ഐക്യദാർഢ്യം; ശ്രീലങ്കൻ പതാകയണിഞ്ഞ് ബുർജ് ഖലീഫ

Published

|

Last Updated

ദുബൈ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ചർച്ചുകളിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ശ്രീലങ്കൻ പതാകയുടെ വർണമണിഞ്ഞു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നിൽക്കാം എന്ന സന്ദേശത്തോടെയാണ് കെട്ടിടം ശ്രീലങ്കൻ പതാകയണിഞ്ഞത്. അബൂദബി നാഷനൽ ഓയിൽ കമ്പനി, എമിറേറ്റ്‌സ് പാലസ്,അബൂദാബി ഗ്ലോബൽ മാർക്കറ്റ്, മറീനാ മാൾ, കാപിറ്റൽ ടവർ, ശൈഖ് സായിദ് ബ്രിഡ്ജ് തുടങ്ങിയ യു എ ഇയിലെപ്രമുഖ കെട്ടിടങ്ങളും ശ്രീലങ്കൻ പതാകയണിഞ്ഞ് ദ്വീപ് രാഷ്ട്രത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

നേരത്തേ പാരീസിലെ ഈഫൽ ടവറും ടൊറൻഡോ ടോപ്പും അവരുടെ ലൈറ്റുകൾ ഓഫ് ചെയ്ത് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട നൂറ് കണക്കിന് ആളുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇസ്‌റാഈൽ തലസ്ഥാനമായ ടെൽ അവീവിലെ മുനിസിപ്പാലിറ്റി കെട്ടിടം സ്‌ഫോടനം നടന്ന ഏപ്രിൽ 21ന് തന്നെ ശ്രീലങ്കൻ പതാക അണിഞ്ഞിരുന്നു.

ശ്രീലങ്കൻ ക്രൈസ്‌തവ സമൂഹത്തിന് അനുശോചനവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം 16 മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ശ്രീലങ്കൻ കത്തോലിക്കാ സഭയുടെ തലവനായ കർദിനാൾ മാൽക്കം രഞ്ജിത്തിനെ സന്ദർശിച്ചു. തുർക്കി, പാക്കിസ്ഥാൻ, ഇറാൻ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഫലസ്തീൻ, ബംഗ്ലാദേശ്, ഒമാൻ, കുവൈത്ത്, ഖത്വർ, അഫ്ഗാനിസ്ഥാൻ, മാലദ്വീപ്, ഇറാഖ്, സഊദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായിരുന്നു കർദിനാളുമായി ചർച്ച നടത്തിയത്.

Latest