Connect with us

Ongoing News

മോദിയുടെ ആസ്തി 2.51 കോടി രൂപ

Published

|

Last Updated

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തുക്കളിൽ 2014 ലും 2019 നും ഇടയിൽ 52 ശതമാനം വളർച്ചയുണ്ടായതായി വാരാണസിയിൽ നാമ നിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 1.41 കോടിയുടെ ജംഗമ സ്വത്തും 1.10 കോടിയുടെ സ്ഥാവര സ്വത്തും ഉൾപ്പെടെ മൊത്തം ആസ്തി 2.51 കോടിയാണ്.

2014ൽ ജംഗമ സ്വത്ത് 65.91 ലക്ഷം ആയിരുന്നു. 2019 ലെത്തിയപ്പോൾ ഇതിൽ 114.15 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രധാന സമ്പത്ത് സർക്കാർ ശമ്പളവും സന്പാദ്യത്തിന് ലഭിക്കുന്ന പലിശയുമാണ്. തനിക്കെതിരെ ഒരു ക്രിമിനൽ കുറ്റവുമില്ലെന്ന് മോദി സമർപ്പിച്ച സത്യാവാങ്മൂലത്തിൽ പറയുന്നു.

38,750 രൂപയാണ് കൈയിൽ പണമായുള്ളത്. 4,143 രൂപ ബേങ്ക് അക്കൗണ്ടിലുണ്ട്. എസ് ബി ഐയിൽ സ്ഥിര നിക്ഷേപമായി 1.27 കോടി രൂപയുണ്ട്. കൂടാതെ 20,000 രൂപയുടെ ബോണ്ടും എൻ എസ് സിയിൽ 7.61 ലക്ഷം രൂപയുമുണ്ട്. 1.90 ലക്ഷം രൂപയുടെ രണ്ട് ഇൻഷ്വറൻസ് പോളിസിയാണ് മോദിക്കുള്ളത്. 1.13 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങൾ അദ്ദേഹത്തിനുണ്ട്.

ഗാന്ധി നഗറിലുള്ള വീടിന്റെ 25 ശതമാനമാണ് മോദിക്ക് അവകാശപ്പെട്ടത്. കടബാധ്യതകളൊന്നുമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 1978ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബി എ ബിരുദവും 1983ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

2014ൽ 32,700 രൂപയായിരുന്നു മോദിയുടെ കൈവശമുണ്ടായിരുന്നത്. ബേങ്ക് ബാലൻസ് 26.05 ലക്ഷവും സ്ഥിര നിക്ഷേപം 32.48 ലക്ഷവുമായിരുന്നു.