Connect with us

Kerala

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

Published

|

Last Updated

കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നുവെന്ന് ആരോപണം. ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ സ്വകാര്യ ടിവി ചാനലുകള്‍ പുറത്തുവിട്ടു. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് പേരുടെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ആള് മാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് മറ്റ് ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

പ്രിസൈഡിങ് ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാമെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 774-ാം ബൂത്തിലെ പത്മിനി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യാനെത്തിയത് ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ചില പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ ചട്ടം ലംഘിച്ച് ബൂത്തില്‍ നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേ സമയം ഇത് സംബന്ധിച്ച് റിട്ടേണിങ് ഓഫീസര്‍മാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ സംഭവത്തോട് പ്രതികരിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest