Connect with us

Kerala

വീട്ടിനകത്തെ തീപ്പിടിത്തം: കാരണം കണ്ടുപിടിക്കാനായില്ല

Published

|

Last Updated

കൊച്ചി: മൂവാറ്റുപുഴയിലെ വീട്ടിൽ തുടർച്ചയായുണ്ടാകുന്ന തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനാകാതെ അധികൃതർ. വാളകം പഞ്ചായത്തിൽ റാക്കാട് ആണ് അസാധാരണ സംഭവം അരങ്ങേറിയത്. റാക്കാട് കൈനമറ്റത്തിൽ അമ്മിണിയമ്മയുടെ കോൺക്രീറ്റ് വീട്ടിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പ്രാവശ്യം തീപ്പിടിച്ചത്.

സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും ദുരൂഹത നീക്കാൻ കഴിഞ്ഞില്ല. വീട്ടുകാരെ വട്ടം കറക്കി പലതവണ വസ്ത്രങ്ങൾക്ക് തീപ്പിടിച്ചതാണ് പരിഭ്രാന്തി പരത്തിയത്. ബുധനാഴ്ച രാത്രിയിലാണ് ആദ്യ തീപ്പിടിത്തം. വ്യാഴാഴ്ച വൈകിയും പല തവണ തീപ്പിടിത്തമുണ്ടായി.

കഴിഞ്ഞ ദിവസം കാസർകോട് നിന്ന് അമ്മിണിയമ്മയുടെ മകനും കുടുംബവും വീട്ടിലെത്തിയ ശേഷമാണ് തീപ്പിടിത്തം തുടങ്ങിയത്. കുടുംബാംഗങ്ങൾ രാത്രി സംസാരിച്ചിരിക്കുന്നതിനിടെ കിടപ്പു മുറിയിൽ തൂക്കിയിട്ടിരുന്ന സാരിക്കായിരുന്നു ആദ്യം തീപ്പിടിച്ചത്.

കാരണം വ്യക്തമായില്ലെങ്കിലും ഷോട്ട് സർക്യൂട്ടാകാമെന്ന നിഗമനത്തിൽ ഇത് കാര്യമായെടുത്തില്ല. ഒരു മണിക്കൂറിന് ശേഷം അടുത്ത തീപ്പിടിത്തം കട്ടിലിൽ. പുലർച്ചെയോടെ അലമാരയും കത്തി. പിന്നീട് തടി മേശയുടെ ഒരു ഭാഗം കത്തി. വൈദ്യുതി വിച്ഛേദിക്കുകയും ഗ്യാസ് സിലണ്ടർ മാറ്റുകയും ചെയ്ത ശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ ഏട്ടാമത് വീണ്ടും തീപ്പിടിത്തമുണ്ടായി. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനാകാത്തതിനാൽ വീട്ടുകാർ ആശങ്കയിലാണ്.