Connect with us

Education

കീം പ്രവേശന പരീക്ഷാ സമയക്രമം;  ജുമുഅ നഷ്ടപ്പെടുമെന്ന ആശങ്കയുമായി അധ്യാപകരും വിദ്യാർഥികളും

Published

|

Last Updated

കോഴിക്കോട്: കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷയുടെ സമയക്രമം മുസ്‌ലിം വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രയാസം സൃഷ്ടിക്കുമെന്ന് ആശങ്ക. പുതുക്കിയ പരീക്ഷാ തീയതി പ്രകാരം വന്ന സമയക്രമം ജുമുഅ നിസ്‌കാരത്തിന് തടസ്സം വരുത്തുമെന്നാണ് ആശങ്ക.

ഇക്കാര്യം ചൂണ്ടിക്കാട്ടി അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തി. പുതുക്കിയ തീയതി പ്രകാരം മെയ് രണ്ട് വ്യാഴം, മൂന്ന് വെള്ളി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ 12.30 വരെയാണ് പരീക്ഷയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ വെള്ളിയാഴ്ചത്തെ പേപ്പറിന്റെ സമയം പുന: ക്രമീകരിക്കണമെന്നാണ് വിദ്യാർഥികളും അധ്യാപകരും ആവശ്യപ്പെടുന്നത്.

12.30 ന് പരീക്ഷ അവസാനിക്കുമെങ്കിലും മറ്റ് നടപടിക്രമങ്ങൾക്ക് സമയമെടുക്കും. ഇതിന് ശേഷം മാത്രമേ വിദ്യാർഥികൾക്ക് ഹാളിന് പുറത്തേക്ക് കടക്കാനാകുകയുള്ളൂ. കൂടാതെ ഇവയെല്ലാം ശേഖരിച്ച ശേഷം ഡ്യൂട്ടിയിലുള്ള അധ്യാപകർ കേന്ദ്രങ്ങളിലെ കൺട്രോൾറൂമിലെത്തി പരീക്ഷാ ചീഫുമാരെ ഉത്തരക്കടലാസുകൾ ഏൽപിച്ച് ഒപ്പ് വെക്കാനും കൂടുതൽ സമയമെടുക്കും.

ഉത്തര പേപ്പർ തിരിച്ചേൽപ്പിക്കുമ്പോഴേക്കും ഒരു മണി കഴിയുമെന്നും ഇത് കാരണം വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വരുമെന്നുമാണ് അധ്യാപകർ ആശങ്കപ്പെടുന്നത്. നേരത്തെ ഏപ്രിൽ 27, 28 തീയതികളിലായിരുന്നു പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പൊതു തിരഞ്ഞെടുപ്പ് കാരണമാണ് തീയതി വീണ്ടും മാറ്റിയത്. സംസ്ഥാനത്തെ 14 ജില്ലകളിലായി 325 കേന്ദ്രങ്ങളിലും, ഡൽഹി, മുംബൈ, ദുബൈഎന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായി 329 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്.

Latest