Connect with us

Kerala

കനത്ത മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Published

|

Last Updated

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തമിഴ്‌നാട് തീരത്താകും ചുഴലിക്കാറ്റ് നാശം വിതക്കുക. കേരളത്തിലും കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ശ്രീലങ്കക്കും കന്യാകുമാരിക്കും സമീപമാണ് ന്യൂനമർദം രൂപം കൊണ്ടത്. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റായി തമിഴ്‌നാട് തീരത്ത് വീശുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 115 കിലോമീറ്റർ വേഗത്തിലാകും ഫാനി ചുഴലിക്കാറ്റ് വീശിയടിക്കുക. ന്യൂനമർദത്തിന്റെ സ്വാധീനം മൂലം കേരളത്തിലും കർണാടക തീരത്തും ശക്തമായ മഴയും കാറ്റുമുണ്ടാകും. തമിഴ്‌നാട്, ആന്ധ്ര തീരത്ത് അടുക്കുന്നതിന് മുമ്പ് ഫാനി ചുഴലിക്കാറ്റ് ബംഗ്ലാദേശ്, മ്യാൻമാർ ദിശയിൽ സഞ്ചരിക്കാനും സാധ്യതയുണ്ട്.

കടൽ പ്രക്ഷുബ്‌ധമാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചു. ആഴക്കടലിൽ പോയവരോട് എത്രയും വേഗം മടങ്ങിയെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരവും ഒഴിവാക്കണം. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജലാശയങ്ങളിൽ ഇറങ്ങരുത്, നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും ഒരു എമർജൻസി കിറ്റ് സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളും പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Latest