Connect with us

Editorial

കല്ലട ബസ് സംഭവവും പിന്നാമ്പുറങ്ങളും

Published

|

Last Updated

കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന ദീര്‍ഘദൂര ബസ് സര്‍വീസുകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പെര്‍മിറ്റില്ലാതെയും അനധികൃതമായി ചരക്കുകള്‍ കടത്തിയും ചോദ്യം ചെയ്യുന്നവരെ ഗുണ്ടാ മോഡലില്‍ കൈകാര്യം ചെയ്തും അധോലോക മാഫിയ തന്നെ ഈ ബസ് സര്‍വീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. കല്ലട ബസിലെ ഗുണ്ടായിസത്തോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇതര സര്‍വീസുകളെക്കുറിച്ചും വ്യാപകമായ പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസുകളെ ഒന്നടങ്കം ശക്തവും കൃത്യവുമായ നിയമ നിരീക്ഷണത്തിന്റെ കീഴില്‍ കൊണ്ടുവരേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസിലെ യാത്രക്കാരായ രണ്ട് യുവാക്കള്‍ക്കാണ് ജീവനക്കാരില്‍ നിന്ന് കൊടിയ പീഡനവും മര്‍ദനവും ഏല്‍ക്കേണ്ടി വന്നത്. ഹരിപ്പാടിന് സമീപമെത്തിയപ്പോള്‍ ബസ് കേടാകുകയും യാത്ര മുടങ്ങുന്ന സ്ഥിതിയുണ്ടാകുകയും ചെയ്തപ്പോള്‍ ബസ് നടത്തിപ്പുകാരുടെ ഉത്തരവാദിത്ത ബോധമില്ലായ്മയെ യുവാക്കള്‍ ചോദ്യം ചെയ്തിരുന്നു. ബസ് ജീവനക്കാരില്‍ നിന്ന് മാന്യമായ പ്രതികരണം ഇല്ലാതായപ്പോള്‍ യുവാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. ഇതോടെയാണ് മണിക്കൂറുകള്‍ക്ക് ശേഷം പകരം മറ്റൊരു ബസ് ഏര്‍പ്പാടാക്കി യാത്ര പുനഃരാരംഭിച്ചത്.

തുടര്‍ന്ന് ബസ് വൈറ്റിലയിലെ കല്ലട സര്‍വീസ് ഓഫീസിന് മുമ്പിലെത്തിയപ്പോള്‍ അഞ്ചംഗ ഗുണ്ടാസംഘം ബസിലേക്ക് ഇരച്ചുകയറി ബസ് ജീവനക്കാരെ ചോദ്യം ചെയ്ത യുവാക്കളെ ബസില്‍ വെച്ചും നടുറോഡിലേക്ക് വലിച്ചിറക്കി അവിടെ വെച്ചും തല്ലിച്ചതക്കുകയായിരുന്നു. ഒരു സഹയാത്രികന്‍ മര്‍ദനത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് അതിന്റെ ഉഗ്രത പുറം ലോകമറിഞ്ഞത്. മര്‍ദനം നടന്ന കല്ലട ബസിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാന്‍ പോലീസ് വകുപ്പ് മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കയാണ്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള എഗ്രിമെന്റുകളുടെ അടിസ്ഥാനത്തിലാണ് അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ അനുവദിക്കുന്നത്. ഒരു സ്ഥലത്തു നിന്ന് എല്ലാ യാത്രക്കാരെയും അവരുടെ ലഗേജുകളും കയറ്റി മറ്റൊരിടത്ത് എത്തിക്കാനുള്ള കോണ്‍ട്രാക്റ്റ് കാര്യേജ് പെര്‍മിറ്റാണ് ഇത്തരം ബസുകള്‍ക്ക് സാധാരണ നല്‍കുന്നത്്. ഈ പെര്‍മിറ്റ് സമ്പാദിച്ച ശേഷം ഇടക്ക് നിര്‍ത്തി ആളെ കയറ്റാന്‍ അനുവാദമുള്ള സ്‌റ്റേജ് കാര്യേജ് പെര്‍മിറ്റ് രീതിയിലാണ് ബസുകള്‍ സര്‍വീസ് നടത്തി വരുന്നത്. ഇത് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.

യാത്രക്കാരുടേതല്ലാത്ത ചരക്കുകള്‍ കൊണ്ടുപോകുക, അനുവദനീയമായതിലും വേഗതയില്‍ ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളും നടത്തി വരുന്നു. നികുതി വെട്ടിച്ചാണ് ഇവരുടെ ചരക്ക് കടത്ത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള മയക്കു മരുന്നു കടത്തിലും ഈ സര്‍വീസുകള്‍ക്ക് പങ്കുള്ളതായി പറയപ്പെടുന്നുണ്ട്. കല്ലട സര്‍വീസിനെക്കുറിച്ച്, ഒരു പെര്‍മിറ്റില്‍ രണ്ട് സര്‍വീസുകള്‍ നടത്തുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പെരുന്നാള്‍, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷ വേളകളില്‍ രണ്ടും മൂന്നും മടങ്ങ് ചാര്‍ജാണ് ഈടാക്കാറുള്ളത്.

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും ഇതര സംസ്ഥാന നഗരങ്ങളിലേക്കുമുള്ള യാത്രക്കാര്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്നവരായിരിക്കും. കൃത്യസമയത്ത് സ്ഥലത്ത് എത്തിച്ചേരേണ്ടവരാണ് മിക്കവരും. എന്നാല്‍ ഈ ബസുകളില്‍ കെ എസ് ആര്‍ ടി സി ബസുകളിലെന്ന പോലെ വഴിയില്‍ നിന്ന് യാത്രക്കാരെ കയറ്റുകയും ഇടക്കു വെച്ച് ചരക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് കാരണം പലപ്പോഴും ഉദ്ദേശിച്ച സമയത്ത് എത്താറില്ല. നഷ്ടമായ സമയം വീണ്ടെടുക്കാന്‍ ചില ഡ്രൈവര്‍മാര്‍ അമിത വേഗത്തിലായിരിക്കും പിന്നീട് ബസ് ഓടിക്കുന്നത്. ഇത്തരം ക്രമക്കേടുകള്‍ നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷിതത്വവും അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ കല്ലട ബസിലേതു പോലുള്ള അനിഷ്ട കാര്യങ്ങള്‍ നടക്കുമായിരുന്നില്ല.

പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗത വകുപ്പ് പരിശോധനയും നിയമ നടപടികളും കര്‍ശനമാക്കുന്നതുള്‍പ്പെടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ആശ്വാസകരമാണ്. വാളയാര്‍ ചെക്ക് പോസ്റ്റ്, തൃശൂര്‍, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തുകയുണ്ടായി. ഒരു പെര്‍മിറ്റില്‍ ഒന്നില്‍ കൂടുതല്‍ ബസ് ഓടിക്കുക, അനധികൃത ചരക്കുകടത്ത്, നികുതി അടക്കുന്നതില്‍ വീഴ്ച, അമിത വേഗം തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് 259 ബസുകള്‍ക്കെതിരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ച് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തലവനായി മൂന്നംഗ പരിശോധനാ സംഘം രൂപവത്കരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒമാര്‍ക്ക് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കയുമാണ്. ജൂണ്‍ ഒന്ന് മുതല്‍ ഈ സര്‍വീസുകള്‍ക്ക് ജി പി എസ് നിര്‍ബന്ധമാക്കുമെന്നും അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നിരക്ക് ഏകീകരണം പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിക്കുകയുണ്ടായി. ബസ് ഉടമകള്‍ക്ക് രാഷ്ട്രീയമായും ഭരണപരമായുമുള്ള വന്‍ സ്വാധീനമാണ് ഇത്തരം നിയമ ലംഘനങ്ങള്‍ ഇതുവരെ പിടികൂടാതിരുന്നതിന് പിന്നില്‍. അവരുടെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നീക്കങ്ങള്‍ ഇടക്കു നിലച്ചു പോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.

---- facebook comment plugin here -----

Latest