Connect with us

Articles

ഇനി നമുക്കും മാങ്ങയെക്കുറിച്ച് സംസാരിക്കാം

Published

|

Last Updated

താങ്കള്‍ക്ക് മാമ്പഴം ഇഷ്ടമാണോ? താങ്കള്‍ക്ക് ദേഷ്യം വരാറുണ്ടോ? എങ്ങനെയാണ് അത് തീര്‍ക്കാറുള്ളത്? ഫാമിലിയെ മിസ്സ് ചെയ്യുന്നുണ്ടോ? വാച്ച് തിരിച്ചു കെട്ടുന്നത് എന്തിനാണ്? അലാവുദ്ദീന്റെ അത്ഭുത വിളക്ക് കിട്ടിയാല്‍ ഏതൊക്കെ വരങ്ങള്‍ ചോദിക്കും? ജലദോഷം വന്നാല്‍ ഏത് മരുന്നാണ് കഴിക്കാറുള്ളത്? വീട്ടിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു എന്താണ്? ഭക്ഷണം 40 വട്ടം ചവച്ച് കഴിക്കണം എന്ന് വേദങ്ങള്‍ പറയുന്നു. യോജിക്കുന്നുണ്ടോ?

കഴിഞ്ഞ ദിവസമാണ് തീര്‍ത്തും അരാഷ്ട്രീയമായ അഭിമുഖമെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അക്ഷയ് കുമാറും തമ്മിലുള്ള അഭിമുഖം പുറത്തുവന്നത്. രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ്, ഹിന്ദി ചാനലുകള്‍ ഏറ്റെടുത്ത പ്രസ്തുത അഭിമുഖത്തില്‍ പ്രധാനമന്ത്രിയോട് ചോദിച്ച സംഭവബഹുലമായ ചോദ്യങ്ങളില്‍ ചിലതാണ് മുകളില്‍. രാജ്യം സുപ്രധാനമായ ഒരു പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍ ഇത്രമേല്‍ ലളിതമായ ചോദ്യങ്ങളും അതിനേക്കാള്‍ വലിയ പൊങ്ങച്ചത്തോടെയുള്ള ഉത്തരങ്ങളും കണ്ട് രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായി.

ഭരണം അവസാനിക്കാനിരിക്കുന്ന ഈ നിര്‍ണായക നിമിഷത്തിലും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഇപ്പോഴും സംസാരിക്കാനുള്ളത് താന്‍ കഴിക്കുന്ന മാങ്ങയെക്കുറിച്ചും ധരിക്കുന്ന കുര്‍ത്തയെക്കുറിച്ചും മാത്രമായിപ്പോകുന്നു എന്നിടത്താണ് അത്രമേല്‍ അരാഷ്ട്രീയമല്ലാത്ത ഈ അഭിമുഖത്തെ വിലയിരുത്തേണ്ടത്.

രാജ്യത്തെ ബാധിക്കുന്ന ജീവല്‍പ്രധാന വിഷയങ്ങള്‍ ഒന്നുപോലും സ്പര്‍ശിക്കാന്‍ ശ്രമിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തുകയാണ് അഭിമുഖം നടത്തുന്ന ബോളിവുഡ് താരം അക്ഷയ് കുമാര്‍. സ്വയം പുകഴ്ത്തിയും അക്ഷയ് കുമാറിന്റെ പുകഴ്ത്തല്‍ ആസ്വദിച്ചും ഉപദേശങ്ങള്‍ നല്‍കിയുമാണ് മോദിയുടെ മറുപടി മുന്നോട്ടുപോകുന്നത്. തന്നെ രാജ്യം ഇത്രകണ്ട് സ്‌നേഹിക്കുന്നതെങ്ങനെയെന്ന് അത്ഭുതപ്പെടാറുണ്ടെന്നും പ്രധാനമന്ത്രി അഭിമുഖത്തിനിടെ വ്യക്തമാക്കുന്നു.

രാജ്യം ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഗുരുതരമായ രാഷ്ട്രീയാവസ്ഥകള്‍ ഒന്നുപോലും ചര്‍ച്ച ചെയ്യാതെയാണ് പ്രധാനമന്ത്രിയുടെ വീരസാഹസിക ജീവിതത്തെക്കുറിച്ച് ഇത്തരമൊരു അഭിമുഖം പുറത്തുവരുന്നത്. പ്രധാനമന്ത്രിയുടെ വസതിയായ ലോക് മാന്യ മാര്‍ഗിലാണ് മോദിയും അക്ഷയ് കുമാറും ക്യാമറക്ക് മുന്നില്‍ മുക്കാല്‍ മണിക്കൂറോളം കുശലം പറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരിക്കല്‍ പോലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ നേരിടാന്‍ ധൈര്യമില്ലാതെ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്ന പ്രധാനമന്ത്രിയാണ് അരാഷ്ട്രീയതയുടെയും സ്വയം പുകഴ്ത്തലിന്റെയും മണിക്കൂര്‍ ക്യാമറക്ക് മുന്നിലിരുന്ന് സ്വയം പരിഹാസ്യനായത്.

എന്തുകൊണ്ടായിരിക്കും പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന ഈയൊരു നിര്‍ണായകമായ സമയത്തും നമ്മുടെ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച്, അവര്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച്, രാജ്യം തന്നെ നേരിടുന്ന സുരക്ഷാ ഭീഷണികളെ കുറിച്ച് ഒരു വാക്ക് പോലും പരാമര്‍ശിക്കാതെ തീര്‍ത്തും അപ്രധാനമായ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്നത്? അല്ലെങ്കില്‍ പുതിയ സര്‍ക്കാറിനെ തിരഞ്ഞെടുക്കാന്‍ ഇന്ത്യക്കാര്‍ പോളിംഗ് ബൂത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇത്തരമൊരു അഭിമുഖം പുറത്തുവിട്ടതിലെ രാഷ്ട്രീയം എന്താണ്? എന്താണ് ഇത്തരം അപ്രധാനമായ കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളോട് പറയുന്നതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്?

ഇത്രമേല്‍ അരാഷ്ട്രീയമായ പൊങ്ങച്ചത്തെ ആഘോഷിക്കുന്നതിലൂടെ ദേശീയ രംഗത്തെ മാധ്യമങ്ങള്‍ എന്താണ് പ്രേക്ഷകരോട് പറയുന്നത്? ഇത്തരം ചോദ്യങ്ങളിലൂടെ മുന്നോട്ടു പോകുമ്പോഴാണ് പുറമേ നിരുപദ്രവമെന്ന് തോന്നിയേക്കാവുന്ന, എന്നാല്‍ കൃത്യമായ രാഷ്ട്രീയം ഉള്‍വഹിക്കുന്ന ഒന്നാണ് അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖം എന്ന് മനസ്സിലാകുന്നത്.

ഈയൊരു വസ്തുതയിലേക്ക് വെളിച്ചം വീശുന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് ഇന്നലെ എന്‍ ഡി ടി വി സംപ്രേക്ഷണം ചെയ്തത്. സാധാരണ വാര്‍ത്താ ചാനലുകളുടെ പ്രൈം ടൈമില്‍ ഏറ്റവും ഗൗരവത്തിലുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുകയാണ് പതിവ്. അതില്‍ നിന്ന് വ്യത്യസ്തമായി എന്‍ ഡി ടി വി കഴിഞ്ഞ ദിവസം പുറത്തുവിട്ടത് തീര്‍ത്തും രസകരമായ പ്രോഗ്രാമായിരുന്നു. മാങ്ങ എങ്ങനെയൊക്കെ തിന്നാം എന്ന തീര്‍ത്തും കാലിക പ്രസക്തമായ പരിപാടി. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന നൂറുകണക്കിന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട നമ്മുടെ പ്രധാനമന്ത്രി തീര്‍ത്തും അപ്രസക്തവും അരാഷ്ട്രീയവുമായ വിഷയങ്ങള്‍ മാത്രം സംസാരിക്കുന്നുവെങ്കില്‍ നമ്മള്‍ മാത്രം എന്തിന് മാറിനില്‍ക്കണം എന്ന് പറഞ്ഞാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ പ്രസ്തുത പ്രോഗ്രാം തുടങ്ങുന്നത്. രാഷ്ട്രീയം പറയേണ്ടതില്ലാത്ത ഈ തിരഞ്ഞെടുപ്പ് കാലത്ത് തങ്ങളും രാഷ്ട്രീയം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാങ്ങയെ കുറിച്ച് പറഞ്ഞ് ഇന്നത്തെ പ്രൈം ടൈം തുടങ്ങാമെന്നാണ് കരുതുന്നതെന്നും പറഞ്ഞാണ് രവീഷ് കുമാര്‍ ചര്‍ച്ച ആരംഭിച്ചത്.

ബുധനാഴ്ച ഈ അഭിമുഖം പുറത്തുവന്നപ്പോള്‍, നരേന്ദ്ര മോദി സംസാരിക്കേണ്ടത് സിനിമാ താരങ്ങളോടല്ലെന്നും കര്‍ഷകരോടാണെന്നും പ്രിയങ്കാ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു. അക്ഷയ് കുമാറിനേക്കാള്‍ മികച്ച നടനാകാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തുകയുണ്ടായി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ, തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയ, സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതം നരകതുല്യമാക്കിയ ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരന്‍ ഇപ്പോള്‍ അക്ഷയ് കുമാറിനേക്കാള്‍ മികച്ച നടനാകാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു. അഭിമുഖത്തെ പരിഹസിച്ച് മുന്‍ ബി ജെ പി നേതാവും നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയും മുന്നോട്ടുവന്നു. തിരക്കഥാകൃത്തുക്കള്‍ തയ്യാറാക്കി നല്‍കിയ കാര്യങ്ങളാണ് റിഹേഴ്‌സലിന് ശേഷം അഭിമുഖമായി വന്നത് എന്നായിരുന്നു സിന്‍ഹയുടെ പരിഹാസം. നരേന്ദ്ര മോദിക്ക് എന്താണ് അധിക ഗുണമെന്നും അദ്ദേഹവുമായി അഭിമുഖം നടത്താന്‍ തനിക്ക് താത്പര്യമുണ്ടെന്നും സിന്‍ഹ തുറന്നടിച്ചു. തനിക്ക് മോദിയുമായി ഒരു അഭിമുഖം നടത്തണമെന്നുണ്ടെന്നും ഒരു തരത്തിലുള്ള സ്‌ക്രിപ്‌റ്റോ റിഹേഴ്‌സലോ അതില്‍ പാടില്ലെന്നുള്ള ഒരു നിബന്ധന മാത്രമേ തനിക്കുള്ളൂവെന്നും സിന്‍ഹ പരിഹസിച്ചു.

അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ മോദി പറഞ്ഞ ഉത്തരങ്ങള്‍ പൊങ്ങച്ചം നിറഞ്ഞതായിരുന്നു. ചോദ്യങ്ങളെ വെല്ലുന്ന അരാഷ്ട്രീയ പ്രതികരണങ്ങള്‍. ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. എന്നെപ്പോലെ ഒരു സാധാരണ ചുറ്റുപാടില്‍ വളര്‍ന്നയാള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റുന്നതല്ല പ്രധാനമന്ത്രി പദം. എനിക്കൊരു ചെറിയ ജോലി കിട്ടിയാല്‍ പോലും അയല്‍ക്കാര്‍ക്ക് അമ്മ മധുരം വിളമ്പും. അത്രക്ക് സാധാരണമായിരുന്നു എന്റെ ജീവിത പശ്ചാത്തലം.

പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കണമെന്നതായിരുന്നു ഒരു കാലത്ത് എന്റെ ആഗ്രഹം. 1962ലെ യുദ്ധകാലത്ത് മെഹ്‌സാന്‍ സ്‌റ്റേഷനില്‍ വെച്ച് പട്ടാളക്കാര്‍ ട്രെയിനില്‍ പോകുന്നത് സ്ഥിരമായി കാണാറുണ്ടായിരുന്നു. അവരുടെ ത്യാഗസന്നദ്ധതയാണ് പട്ടാളത്തില്‍ ചേരണമെന്ന മോഹം എന്റെ മനസില്‍ ഉണ്ടാക്കിയത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എനിക്ക് ബംഗാളിലെ മധുരപലഹാരങ്ങള്‍ സമ്മാനിച്ചെന്നു മനസിലാക്കിയതോടെയാണ് മമതാ ബാനര്‍ജിയും എനിക്ക് ആ മധുരം സമ്മാനിച്ചു തുടങ്ങിയത്. ഇപ്പോഴും അവര്‍ എനിക്ക് കുര്‍ത്ത സമ്മാനിക്കാറുണ്ട്. ഇതൊക്കെ തിരഞ്ഞെടുപ്പ് കാലത്ത് പറയുന്നത് ശരിയല്ലെന്ന് അറിയാം.

എല്ലാവര്‍ക്കും ദേഷ്യം വരാറുണ്ട്. എന്നാല്‍ എനിക്ക് പെട്ടെന്ന് ദേഷ്യം വരാത്തത് പലരും അത്ഭുതത്തോടെയാണ് നോക്കുന്നത്. എനിക്കൊപ്പം ജോലി ചെയ്യുന്നവരോട് പോലും എനിക്ക് ദേഷ്യപ്പെടാനാകില്ല. കാര്‍ക്കശ്യവും ദേഷ്യവും രണ്ടായേ കാണാനാകൂ. വിരമിച്ച ശേഷം എന്തു ചെയ്യണമെന്നതിനെ കുറിച്ച് ഞാന്‍ ഇതുവരെ ആലോചിച്ചിട്ടു പോലുമില്ല. എപ്പോഴും ജോലി ചെയ്യാനും എന്തെങ്കിലുമൊക്കെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുമാണ് എനിക്കിഷ്ടം.

അതുകൊണ്ടു തന്നെ വിരമിച്ച ശേഷവും എന്തെങ്കിലുമൊക്കെ ദൗത്യം ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പാണ്. മാങ്ങ കഴിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് അത് വലിയ ഇഷ്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രിയോട് എങ്ങനെയാണ് താങ്കള്‍ മാങ്ങ കഴിക്കാറുള്ളത്, കഷ്ണം മുറിച്ചാണോ അതോ മുറിക്കാതെയാണോ എന്നുപോലും അക്ഷയ് കുമാര്‍ ചോദിച്ചുകളഞ്ഞു. ഇത്രമേല്‍ വലിയ ദുരന്തം സമീപകാല മാധ്യമ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി വ്യക്തിപരമായ സൗഹാര്‍ദമാണുള്ളതെന്നും മോദി പറഞ്ഞു. മൂന്ന് മണിക്കൂര്‍ മാത്രം ഉറങ്ങുന്നതിനെക്കുറിച്ച് ഒബാമ ചോദിച്ചുവെന്നും ജോലിയോടുള്ള അമിതാഭിമുഖ്യമാണ് ഇതിന് കാരണമെന്ന് ഒബാമ പറഞ്ഞതെന്നുമായിരുന്നു പിന്നീടുള്ള വിശദീകരണം.

രാജ്യത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങളൊന്നും തനിക്ക് ഇപ്പോഴും പ്രശ്‌നമേയല്ലെന്ന് വീണ്ടും വീണ്ടും വിളിച്ചുപറയുകയാണ് പ്രധാനമന്ത്രി. പുല്‍വാമയില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ രക്തസാക്ഷികളായത് അറിഞ്ഞ ശേഷവും സ്വന്തം ബ്രാന്‍ഡിംഗിന്റെ ഭാഗമായി നടന്ന ഫോട്ടോഷൂട്ട് നിര്‍ത്തിവെക്കാന്‍ മനസ്സില്ലാത്ത ഒരു പ്രധാനമന്ത്രിക്ക് മാത്രമേ ഇത്രമേല്‍ അരാഷ്ട്രീയമായി സംസാരിക്കാന്‍ കഴിയൂ. മോദിസ്തുതി പാടി മാത്രം പരിചയമുള്ള മാധ്യമങ്ങളുടെ കാര്യത്തില്‍ പിന്നെ അത്ഭുതപ്പെടേണ്ടതില്ലല്ലോ.

പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാറിനെയും ബാധിക്കുന്ന വിഷയങ്ങളൊന്നും പരാമര്‍ശിക്കാതെ നാളിതുവരെയും കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ തുടരുന്ന മാധ്യമങ്ങള്‍ക്ക് ഈ അഭിമുഖത്തെക്കുറിച്ചും പുകഴ്ത്തിപ്പറയാനേ നേരമുണ്ടാകൂ. ഈ ആസുര സമയത്തും എന്‍ ഡി ടി വി പോലുള്ള ചുരുക്കം ചില വാര്‍ത്താചാനലുകള്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകരുന്നു. ഈ ഗിമ്മിക്കുകളൊക്കെ കാണിക്കാനും മണിക്കൂറുകള്‍ ക്യാമറക്ക് മുന്നിലിരുന്ന് സ്വയം പുകഴ്ത്താനും സമയവും സാവകാശവുമുള്ള നമ്മുടെ പ്രധാനമന്ത്രി ഇനി എന്നാണ് ഒരു വാര്‍ത്താ സമ്മേളനത്തിനെങ്കിലും തയ്യാറാകുക എന്നത് ഉത്തരമില്ലാത്ത ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു.

• യാസര്‍ അറഫാത്ത് നൂറാനി