Connect with us

Kerala

കൊളംബോ സ്‌ഫോടനം: അന്വേഷണം കേരള സലഫികളിലേക്കും; 60 മലയാളികള്‍ നിരീക്ഷണത്തില്‍

Published

|

Last Updated

കൊളംബോയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ ബന്ധു വിലപിക്കുന്നു

കൊച്ചി/കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ കൂട്ടക്കുരുതിയുടെ അന്വേഷണം കേരളത്തിലേക്കും നീളുന്നു. തീവ്രസലഫി ചിന്തകള്‍ പേറുന്ന സംഘടനകളിലേക്കും വ്യക്തികളിലേക്കുമാണ് അന്വേഷണം നീങ്ങുന്നത്. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തിനും കേരളത്തിലെ ചില സലഫി പ്രവര്‍ത്തകര്‍ക്കും ആക്രമണവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം സൂചന നല്‍കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം സ്ഥാപിക്കുന്ന 60 മലയാളികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

തൗഹീദ് ജമാഅത്ത് 2016ല്‍ മധുരയില്‍വെച്ച് നടത്തിയ യോഗത്തില്‍ പങ്കെടുത്ത മലയാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. വണ്ടിപെരിയാര്‍, പെരുമ്പാവൂര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള 60 പേര്‍ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവര്‍ക്ക് ഐ എസുമായി ബന്ധമുള്ളതായി കരുതുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ് പുറത്തുവിട്ട വീഡിയോ ഇംഗ്ലീഷിനും അറബിക്കും പുറമെ തമിഴിലും മലയാളത്തിലും കൂടി സംപ്രേഷണംചെയ്തതോടെയാണ് അന്വേഷണം തെക്കന്‍ സംസ്ഥാനങ്ങളിലേക്കും നീണ്ടത്. അറബിയില്‍ പുറത്തിറക്കിയ വീഡിയോ പിന്നീട് മലയാളമടക്കമുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയായിരുന്നു. മലയാളികളല്ലാത്തവര്‍ക്ക് ഇത് മൊഴിമാറ്റം നടത്താന്‍ സാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലിയിരുത്തല്‍. കൂടാതെ കേരളത്തിലേയും തമിഴ്നാട്ടിലെയും ഐ എസ് ബന്ധമുള്ള യുവാക്കളെ ലക്ഷ്യംവെച്ചാണ് ഈ മൊഴിമാറ്റമെന്നും കരുതുന്നു.മലയാളത്തില്‍ മൊഴിമാറ്റം നടത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും പിന്നീട് നീക്കം ചെയ്യുകയുമുണ്ടായി. ഈ വിഷയവും സൈബര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നുണ്ട്.
നേരത്തെ ഐ എസ് ബന്ധം സംബന്ധിച്ച് പിടിയിലായി വിട്ടയക്കപ്പെട്ടവരെയും ചോദ്യം ചെയ്യുന്നുണ്ട്.

ശ്രീലങ്കന്‍ തീവ്രവാദിയുടേതായി കണ്ടെത്തിയ ആളുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ നിരവധി പോസ്റ്റുകള്‍ കേരളത്തിലെ ഐ എസ് കേഡര്‍മാര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഐ എസ് സിദ്ധാന്തങ്ങള്‍ ന്യായീകരിക്കുന്ന മറ്റൊരു അക്കൗണ്ടില്‍ മതതീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകള്‍ കേരളത്തിലെ ഐ എസ് കേഡര്‍മാര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ ബുദ്ധികേന്ദ്രമെന്ന് കരുതുന്ന സഹ്റാന്‍ ഹാഷിമിന് കേരളത്തിലെ ഏതാനും ഐ എസ് അനുഭാവികളായ സലഫി പ്രവര്‍ത്തകരുമായി നേരിട്ട് ബന്ധമുണ്ട്. ഹാഷിമിന്റെ വിദ്വേഷപ്രസംഗങ്ങള്‍ക്ക് കേരളത്തിലെ ചില സലഫി പ്രസംഗകരുടെ പ്രസംഗങ്ങളുമായി സാമ്യം ഏറെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Latest