Connect with us

Gulf

മസ്തിഷ്‌കാഘാതത്തില്‍ 27 വര്‍ഷം; സാധാരണ നില കൈവരിച്ച് സ്വദേശി വനിതയുടെ അതിജീവനം

Published

|

Last Updated

ദുബൈ: മസ്തിഷ്‌കാഘാതം സംഭവിച്ച സ്വദേശി വനിത നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ബോധാവസ്ഥ തിരിച്ചുകിട്ടി സാധാരണ ജീവിതത്തിലേക്കെത്തിയ അതിജീവന കഥ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായി. തലച്ചോറില്‍ മാരകമായി അപകടം പറ്റിയതിനെ തുടര്‍ന്നാണ് സ്വദേശി വനിതക്ക് മസ്തിഷകാഘാതം സംഭവിച്ചത്. ഇവരുടെ കുടുംബം അറിയിച്ചതാണിക്കാര്യം.

1991ല്‍ നടന്ന റോഡപകടത്തിലാണ് അന്ന് 32 കാരിയായ മുനീറ ഉമറിന് മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്. തന്റെ കുട്ടിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരുന്ന സമയത്തായിരുന്നു അല്‍ ഐനില്‍ വെച്ച് അപകടം. 27 വര്‍ഷത്തിന് ശേഷമാണ് നിരന്തരമായ ചികിത്സയിലൂടെ സ്വദേശി വനിത സാധാരണ നിലയിലേക്കെത്തിയത്. മസ്തിഷ്‌കത്തിനേറ്റ ക്ഷതത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ഇവരെ ജര്‍മനിയിലേക്ക് കൊണ്ട് പോയിരുന്നു. ഫിസിയോതൊറാപ്പി, മറ്റ് വിദഗ്ധ ചികിത്സകള്‍ എന്നിവ നടത്തിയാണ് ഇവരെ രക്ഷിച്ചെടുത്തത്. ചികിത്സ പൂര്‍ത്തിയാക്കി യു എ ഇയിലെത്തിയ ഇവര്‍ അബുദാബി ശൈഖ് സായിദ് മസ്ജിദ് സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ഇവരുടെ അതിജീവനത്തിന്റെ കഥ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇവര്‍ ബോധാവസ്ഥ കൈവരിച്ചിരുന്നു. എന്നാല്‍ ഇവരുടെ സ്വകാര്യത മാനിച്ചു കുടുംബം വാര്‍ത്ത പുറം ലോകത്തെ അറിയിക്കാതിരിക്കുകയായിരുന്നു. പൂര്‍ണമായും പഴയ നില കൈവരിച്ചതിന് ശേഷം ഇത്തരം അസുഖം പിടിപെട്ട് കഴിയുന്ന രോഗികളുടെ കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്ന വിധത്തില്‍ പുറം ലോകത്തോട് പങ്കുവെക്കുകയായിരുന്നുവെന്ന് ഇവരുടെ കഥകള്‍ വിവരിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ പറഞ്ഞു

Latest